
കൊല്‍ക്കത്ത: ഇന്ത്യക്കെതിരായ രണ്ടാം ടി20യില്‍ വെസ്റ്റ് ഇന്‍ഡീസിന് 187 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് റിഷഭ് പന്ത് (52), വിരാട് കോലി (52) എന്നിവരുടെ ഇന്നിംഗ്‌സാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. വെങ്കടേഷ് അയ്യര്‍ (33) മികച്ച പ്രകടനം പുറത്തെടുത്തു. വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി റോസ്റ്റണ്‍ ചേസ് മൂന്ന് വിക്കറ്റെടുത്തു. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്. ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.
കിഷന്‍ വീണ്ടും നിരാശപ്പെടുത്തി
സ്ഥിരം ഓപ്പണര്‍ കെ എല്‍ രാഹുലിന് പകരം ടീമിലെത്തിയ ഇഷാന്‍ കിഷന്‍ വീണ്ടും നിരാശപ്പെടുത്തി. രണ്ടാം ഓവറില്‍ തന്നെ താരം വിക്കറ്റ് നല്‍കി മടങ്ങി. തുടക്കം മുതല്‍ റണ്‍സ് കണ്ടെത്താന്‍ വിഷമിച്ച കിഷന്‍ കോട്രലിന്റെ പന്തില്‍ കെയ്ല്‍ മയേഴ്‌സിന് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. കോട്രലിന്റെ പന്ത് ലെഗ് സൈഡിലേക്ക് കളിക്കാനുള്ള ശ്രമത്തിനിടെ എഡ്ജായി മയേഴ്‌സിന് ക്യാച്ച്. ആദ്യ ടി20യിലും താരം വിമര്‍ശനങ്ങള്‍ക്ക് വിധേയനായിരുന്നു.
കോലി- രോഹിത് കൂട്ടുകെട്ട്
കിഷന് ശേഷം ക്രീസില്‍ ഒത്തുച്ചേര്‍ന്ന് കോലി- രോഹിത് സഖ്യമാണ് ഇന്ത്യയെ പവര്‍പ്ലേയില്‍ ഭേദപ്പെട്ട് സ്‌കോറിലേക്ക് നയിച്ചത്. ഇരുവരും 49 റണ്‍സ് കൂട്ടിച്ചേര്‍ത്തു. കോലിയായായിരുന്നു കൂടുതല്‍ അപകടകാരി. രോഹിത് സ്വതസിദ്ധമായ ശൈലി കണ്ടെത്താന്‍ ഏറെ ബുദ്ധിമുട്ടി. ഒടുവില്‍ റോസ്റ്റണ്‍ ചേസിന്റെ പന്തില്‍ മടങ്ങി. കൂറ്റനടിക്കുള്ള ശ്രമത്തിനിടെ ബ്രന്‍ഡന്‍ കിംഗിന് ക്യാച്ച്. 19 റണ്‍സായിരുന്നു രോഹിത്തിന്റെ സമ്പാദ്യം. സൂര്യുകുമാര്‍ യാവദവിന് അവസാന ടി20യിലെ ഫോം നിലനിര്‍ത്താനായില്ല. ഫോറടിച്ച് തുടങ്ങിയെങ്കിലും അധികദൂരം മുന്നോട്ട് പോയില്ല. ചേസിന്റെ പന്തില്‍ റിട്ടേണ്‍ ക്യാച്ച്. എട്ട് റണ്‍സാണ് സൂര്യകുമാര്‍ നേടിയത്. അധികം വൈവകാതെ ചേസിനെതിരെ സിക്‌സ് നേടി കോലി അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. എന്നാല്‍ അതേ ഓവറില്‍ കോലി ബൗള്‍ഡായി. ഒരു സിക്‌സും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു കോലിയുടെ ഇന്നിംഗ്‌സ്.
പന്തിന്റെ അര്‍ധ സെഞ്ചുറി
ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന പന്ത് അര്‍ധ സെഞ്ചുറി നേടിയതും ഇന്ത്യക്ക് ആശ്വസമാകും. കോലി പുറത്തായ ശേഷം ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത് പന്ത്- വെങ്കടേഷ് കൂട്ടുകെട്ടായിരുന്നു. ഇരുവരും 76 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യയെ മാന്യമായ സ്‌കോറിലേക്ക് നയിച്ചതും ഇരുവരുടെയും കൂട്ടുകെട്ടായിരുന്നു. അവസാന ഓവറിലാണ് സഖ്യം പിരിഞ്ഞത്. 33 റണ്‍സെടുത്ത വെങ്കടേഷിനെ റൊമാരിയോ ഷെപ്പോര്‍ഡ് ബൗള്‍ഡാക്കി. 18 പന്തില്‍ ഒരു സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. പന്ത് 28 പന്തില്‍ ഒരു സിക്‌സിന്റേയു ഏഴ് ഫോറിന്റേയും സഹായത്തോടെയാണ് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. ഹര്‍ഷല്‍ പട്ടേല്‍ (1) പുറത്താവാതെ നിന്നു.
മാറ്റങ്ങില്ലാതെ ഇന്ത്യ
ആദ്യ മത്സരം ജയിച്ച ടീമില്‍ മാറ്റങ്ങളൊന്നും ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. പരിക്കേറ്റ ദീപക് ചാഹറിന് പകരം ആവേശ് ഖാന്‍ അന്തിമ ഇലവനിലെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ചാഹറിന്റെ പരിക്ക് സാരമുള്ളതല്ലെന്നാണ് സൂചന. ഭുവനേശ്വര്‍ കുമാറും ദീപക് ചാഹറും ഹര്‍ഷല്‍ പട്ടേലും അടങ്ങുന്നതാണ് ഇന്ത്യന്‍ പേസ് നിര. സ്പിന്നര്‍മാരായി രവി ബിഷ്‌ണോയിയും യുസ്വേന്ദ്ര ചാഹലും സ്ഥാനം നിലനിര്‍ത്തി.
ടീമുകള്‍
ഇന്ത്യ: രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, വെങ്കടേഷ് അയ്യര്‍, ദീപക് ചാഹര്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, യൂസ്‌വേന്ദ്ര ചാഹല്‍.
വെസ്റ്റ് ഇന്‍ഡീസ്: ബ്രന്‍ഡണ്‍ കിംഗ്, കെയ്ല്‍ മയേഴ്‌സ്, നിക്കോളാസ് പുരാന്‍, റോവ്മാന്‍ പവല്‍, കീറണ്‍ പൊള്ളാര്‍ഡ്, ജേസണ്‍ ഹോള്‍ഡര്‍, ഒഡെയ്ന്‍ സ്മിത്ത്, റോസ്റ്റണ്‍ ചേസ്, അകെയ്ല്‍ ഹൊസീന്‍, റൊമാരിയ ഷെപ്പോര്‍ഡ്, ഷെല്‍ഡണ്‍ കോട്രല്‍.