കേരള ക്രിക്കറ്റ് ലീഗ് സീസൺ 3-ന് മുന്നോടിയായി കൊച്ചി ബ്ലൂ ടൈഗേഴ്‌സ് തങ്ങളുടെ പരിശീലക സംഘത്തെ പ്രഖ്യാപിച്ചു. കഴിഞ്ഞ സീസണിലെ വിജയത്തിന് ചുക്കാൻ പിടിച്ച റൈഫി വിൻസെന്റ് ഗോമസ് ഉൾപ്പെടെയുള്ള അതേ സംഘത്തെ നിലനിർത്തിയാണ് ടീം പുതിയ സീസണിന് ഒരുങ്ങുന്നത്.

കൊച്ചി: കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ 3നെ മുന്നില്‍ കണ്ട് കൊച്ചി ബ്ലൂ ടൈഗേഴ്‌സ് തങ്ങളുടെ പരിശീലക സംഘത്തെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കഴിഞ്ഞ സീസണില്‍ ടീമിന് മികച്ച നേട്ടങ്ങള്‍ സമ്മാനിച്ച വിജയക്കൂട്ടുകെട്ട് ഇത്തവണയും നിലനിര്‍ത്തിക്കൊണ്ടാണ് ടീം പുതിയ സീസണിലേക്ക് ഒരുങ്ങുന്നത്. മുന്‍ ഇന്ത്യന്‍ താരമായ റൈഫി വിന്‍സെന്റ് ഗോമസ് മുഖ്യ പരിശീലകനായി തുടരും. ദീപക് സി എം ഡയറക്ടര്‍ ഓഫ് ക്രിക്കറ്റിംഗ്/കോച്ചിംഗായും, എസ്. അനീഷ് ബൗളിംഗ് കോച്ചായും, സനുത്ത് ഇബ്രാഹിം ലീഡ് കോച്ചായും ടീമിനൊപ്പം തുടരും.

പരിചയസമ്പന്നരായ പരിശീലകരുടെ നേതൃത്വവും താരങ്ങളുമായുള്ള മികച്ച ഏകോപനവും തന്നെയാണ് കഴിഞ്ഞ സീസണിലെ വിജയത്തിന്റെ പ്രധാന ഘടകങ്ങളിലൊന്നെന്ന് ടീം വിലയിരുത്തുന്നു. അതുകൊണ്ടുതന്നെ അതേ വിജയക്കൂട്ടുകെട്ടിനെ നിലനിര്‍ത്തിയാണ് കൊച്ചി ബ്ലൂ ടൈഗേഴ്‌സ് സീസണ്‍ 3-ലേക്കും ഇറങ്ങുന്നത്.

'കഴിഞ്ഞ സീസണില്‍ നമ്മുടെ പരിശീലക സംഘം കാഴ്ചവെച്ച ആത്മാര്‍ത്ഥതയും പ്രൊഫഷണലിസവും ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. അവരുടെ നേതൃത്വത്തില്‍ താരങ്ങള്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അതുകൊണ്ടാണ് ഈ വിജയക്കൂട്ടുകെട്ട് തുടരട്ടെയെന്ന തീരുമാനമെടുത്തത്. സീസണ്‍ 3-ലും ആരാധകര്‍ക്ക് അഭിമാനിക്കാവുന്ന പ്രകടനം കാഴ്ചവയ്ക്കുന്നതിന് ടീമിനെ സജ്ജമാക്കാന്‍ ഈ പരിശീലക സംഘത്തിന് കഴിയുമെന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും ടീം ഉടമ സുബാഷ് മാനുവല്‍ പറഞ്ഞു

സീസണ്‍ 3-ലും കിരീടപ്പോരാട്ടത്തില്‍ ശക്തമായ സാന്നിധ്യമാകാന്‍ ലക്ഷ്യമിട്ട് കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ പരിശീലന ക്യാമ്പുകളും മറ്റ് ഒരുക്കങ്ങളും പുരോഗമിക്കുകയാണ്.

YouTube video player