
ബ്രീഡി: അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പര വെസ്റ്റ് ഇന്‍ഡീസിന്. അവസാന ടി20യില്‍ 62 റണ്‍സിന് ജയിച്ചതോടെയാണ് വിന്‍ഡീസ് പരമ്പര സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ വിന്‍ഡീസ് അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 256 റണ്‍സാണ് നേടിയത്. എവിന്‍ ലൂയിസ് (91), ഷായ് ഹോപ്പ് (51), കീസ് കാര്‍ട്ടി (49) എന്നിവരാണ് വിന്‍ഡീസ് നിരയില്‍ തിളങ്ങിയത്. മറുപടി ബാറ്റിംഗില്‍ അയര്‍ലന്‍ഡിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സാണ് നേടിയത്. 48 റണ്‍സെടുത്ത റോസ് അഡയ്ര്‍ മാത്രമാണ് അയര്‍ലന്‍ഡ് നിരയില്‍ പിടിച്ചുനിന്നത്. അകെയ്ല്‍ ഹുസൈന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 1-0ത്തിന് വിന്‍ഡീസ് സ്വന്തമാക്കി. ആദ്യ രണ്ട് മത്സരങ്ങളും മഴയെടുത്തിരുന്നു.
കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ആതിഥേയര്‍ക്ക് മോശം തുടക്കമായിരുന്നു. ഓപ്പണര്‍ പോള്‍ സ്റ്റിര്‍ലിംഗ് (13) രണ്ടാം ഓവറില്‍ തന്നെ മടങ്ങി. പിന്നാലെ അഡയ്ര്‍ - ഹാരി ടെക്റ്റര്‍ (38) സഖ്യം 101 റണ്‍സ് കൂട്ടിചേര്‍ത്തു. ഇവര്‍ ക്രീസിലുള്ളവപ്പോള്‍ നേരിയ പ്രതീക്ഷ ഉണ്ടായിരുന്നു അയര്‍ലന്‍ഡിന്. എന്നാല്‍ വിക്കറ്റ് നഷ്ടമായതോടെ തോല്‍വി സമ്മതിക്കേണ്ടി വന്നു. പിന്നീട് എത്തിയവരില്‍ മാര്‍ക്ക് അഡയ്ര്‍ (14 പന്തില്‍ പുറത്താവാതെ 31) മാത്രമാണ് പിടിച്ചുനിന്നത്.
ലോര്‍കന്‍ ടക്കര്‍ (1), ടിം ടെക്റ്റര്‍ (7), ജോര്‍ജ് ഡോക്‌റെല്‍ (15), ബാരി മാക്കര്‍ത്തി (2) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ലിയാം മക്കാര്‍ത്തി (16) പുറത്താവാതെ നിന്നു. അകെയ്‌ലിന് പുറമെ ജേസണ്‍ ഹോള്‍ഡര്‍ വിന്‍ഡീസിന് വേണ്ടി രണ്ട് വിക്കറ്റ് നേടി. നേരത്തെ, ലൂയിസ് - ഹോപ്പ് നല്‍കിയ സഖ്യം നല്‍കിയ വെടിക്കെട്ട് തുടക്കാണ് വിന്‍ഡീസിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ഒന്നാം വിക്കറ്റില്‍ ഇരുവരും 122 റണ്‍സാണ് ചേര്‍ത്തത്. പിന്നീട് ഹോപ്പ് മടങ്ങി. തുടര്‍ന്നെത്തിയ റോവ്മാന്‍ പലവിന് (2) തിളങ്ങാനായില്ല.
ഇതിനിടെ ലൂയിസും ഷിംറോണ്‍ ഹെറ്റ്‌മെയറും (15) മടങ്ങി. ഇതോടെ നാലിന് 180 എന്ന നിലയിലായി വന്‍ഡീസ്. 44 പന്തുകള്‍ നേരിട്ട ലൂയിസ് എട്ട് സിക്‌സും ഏഴ് ഫോറും നേടി. ഇവര്‍ക്ക് ശേഷമെത്തിയ കീസിയുടെ ഇന്നിംഗ്‌സാണ് വിന്‍ഡീസിന്റെ സ്‌കോര്‍ 250 കടത്തിയത്. ജേസണ്‍ ഹോള്‍ഡറാണ് (18) പുറത്തായ മറ്റൊരു താരം. റോമാരിയോ ഷെഫേര്‍ഡ് (6 പന്തില്‍ 19) കീസിക്കൊപ്പം പുറത്താവാതെ നിന്നു.