
ബംഗളൂരു: ദുലീപ് ട്രോഫി ഫൈനലില്‍ സൗത്ത് സോണിനെതിരെ വെസ്റ്റ് സോണ്‍ പൊരുതുന്നു. 299 റണ്‍സ് വിജയലക്ഷ്യവുമായി നാലാം ദിനം രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച വെസ്റ്റ് സോണ്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ നാലിന് 91 എന്ന നിലയിലാണ്. ക്യാപ്റ്റന്‍ പ്രിയങ്ക പഞ്ചല്‍ (50), സര്‍ഫറാസ് ഖാന്‍ (4) എന്നിവരാണ് ക്രീസില്‍. ചേതേശ്വര്‍ പൂജാര (15), സൂര്യകുമാര്‍ യാദവ് (4) എന്നിവര്‍ ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. നേരത്തെ, സൗത്ത് സോണിന്റെ രണ്ടാം ഇന്നിംഗ്സ് 230ന് അവസാനിച്ചിരുന്നു. അഞ്ച് വിക്കറ്റ് നേടിയ ധര്‍മേന്ദ്രസിംഗ് ജഡേജയാണ് സൗത്ത് സോണിനെ തകര്‍ത്തത്.
പൂജാര, സൂര്യ എന്നിവര്‍ക്ക് പുറമെ പൃഥ്വി ഷാ (7), ഹര്‍വിക് ദേശായ് (4) എന്നിവരുടെ വിക്കറ്റുകളാണ് വെസ്റ്റ് സോണിന് നഷ്ടമായത്. 18 റണ്‍സിനിടെ ഇരുവരും കൂടാരം കയറി. പൂജാര - പഞ്ചല്‍ സഖ്യം ഇതുവരെ 56 റണ്‍സ് കൂട്ടിചേര്‍ത്തു. വാസുകു കൗശിക് മൂന്ന് വിക്കറ്റെടുത്തു. വിജയകുമാര്‍ വൈശാഖിന് ഒരു വിക്കറ്റുണ്ട്. സൌത്ത് സോണ്‍ ഏഴിന് 181 എന്ന നിലയില്‍ നില്‍ക്കെയാണ് ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ മൂന്നാം ദിനം അവസാനിച്ചത്. 49 റണ്‍സെടുക്കുന്നതിനിടെ ശേഷിക്കുന്ന വിക്കറ്റുകളും സൗത്ത് സോണിന് നഷ്ടമായി.
42 റണ്‍സ് നേടിയ ഹനുമ വിഹാരിയാണ് സൗത്ത് സൗണിന്റെ ടോപ് സ്‌കോറര്‍. വാഷിംഗ്ടണ്‍ സുന്ദര്‍ (37), മായങ്ക് അഗര്‍വാള്‍ (35), റിക്കി ബുയി (37) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മലയാളി താരം സച്ചിന്‍ ബേബിക്ക് (27) അവസരം മുതലാക്കാനായില്ല. തിലക് വര്‍മ (3), വിജയ്കുമാര്‍ വൈശാഖ് (23), കൗശിക് (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. വിദ്വത് കവേരപ്പ (0) പുറത്താവാതെ നിന്നു.
നേരത്തെ, ചേതേശ്വര്‍ പൂജാര (9) ഉള്‍പ്പെടെയുള്ള താരങ്ങള്‍ നിരാശപ്പെടുത്തിയത് വെസ്റ്റ് സോണിന് തിരിച്ചടിയായി. പ്രധാന താരങ്ങളായ സര്‍ഫറാസ് ഖാന്‍ (0), സൂര്യകുമാര്‍ യാദവ് (8) എന്നിവര്‍ക്ക് തിളങ്ങാനായില്ല. 63 റണ്‍സെടുത്ത പൃഥ്വി ഷായാണ് ടോപ് സ്‌കോറര്‍. പ്രിയങ്ക് പാഞ്ചല്‍ (11), ഹര്‍വിക് ദേശായ് (21), അതിഥ് ഷേത് (12), ഷംസ് മുലാനി (0), ധര്‍മേന്ദ്രസിംഗ് ജഡേജ (6), നാഗ്വസ്വല്ല (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ചിന്തന്‍ ഗജ (4) പുറത്താവാതെ നിന്നു. വിദ്വത് കവേരപ്പ ഏഴ് വിക്കറ്റെടുത്തു.
ഒന്നാം ഇന്നിംഗ്‌സില്‍ സൗത്ത് സോണിനെ ക്യാപ്റ്റന്‍ ഹനുമ വിഹാരിയുടെ (63) ഇന്നിംഗ്സാണ് കരകയറ്റിയത്. തിലക് വര്‍മ (40) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മായങ്ക് അഗര്‍വാള്‍ (28), സമര്‍ത്ഥ് (7), റിക്കി ബുയി (9), സച്ചിന്‍ ബേബി (7), സായ് കിഷോര്‍ (5), വിജയ്കുമാര്‍ വൈശാഖ് (13), കവേരപ്പ (8), വാസുകി കൗശിക് (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. വാഷിംഗ്ടണ്‍ സുന്ദര്‍ (22) പുറത്താവാതെ നിന്നു.
നേട്ടങ്ങളുടെ പെരുമഴ തീര്‍ത്ത് ആര്‍ അശ്വിന്‍! അനില്‍ കുംബ്ലെയും ഹര്‍ഭജന്‍ സിംഗുമെല്ലാം പിന്നില്‍