
ഹരാരെ: സിംബാബ്‍വെക്കെതിരായ ഏകദിന പരമ്പര തൂത്തുവാരാൻ ടീം ഇന്ത്യ നാളെ ഇറങ്ങും. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തേയും ഏകദിനം നാളെ ഉച്ചയ്ക്ക് പന്ത്രണ്ടേമുക്കാലിന് ഹരാരെ സ്‌പോര്‍ട്‌സ് ക്ലബില്‍ തുടങ്ങും. മത്സരത്തില്‍ ഐപിഎല്‍ സ്റ്റാര്‍ രാഹുല്‍ ത്രിപാഠിക്ക് അരങ്ങേറ്റത്തിന് അവസരം ഇന്ത്യന്‍ മാനേജ്‌മെന്‍റ് നല്‍കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. മൂന്നാം ഏകദിനത്തിലെ സാധ്യതാ ഇലവന്‍ നോക്കാം. ആദ്യ രണ്ട് മത്സരങ്ങള്‍ നടന്ന അതേ വേദിയിലാണ് മൂന്നാം ഏകദിനവും നടക്കുക.
രണ്ട് ഏകദിനങ്ങളിലും റണ്‍സ് കണ്ടെത്തിയ ശിഖര്‍ ധവാനെ നിലനിര്‍ത്താനാണ് സാധ്യത. പരമ്പര ഇതിനകം നേടിയതിനാല്‍ വെറ്ററന്‍ താരമായ ധവാന് വിശ്രമം അനുവദിക്കാന്‍ തീരുമാനിച്ചാല്‍ മാത്രമേ ഓപ്പണിംഗില്‍ മാറ്റത്തിന് സാധ്യതയുള്ളൂ. ഏഷ്യാ കപ്പിന് മുമ്പ് നായകന്‍ കെ എല്‍ രാഹുലിന് ഫോമിലെത്താനുള്ള അവസാന അവസരമായതിനാല്‍ സ്ഥാനചലനമുണ്ടാവില്ല. രണ്ട് ഏകദിനങ്ങളിലും റണ്‍സ് കണ്ടെത്തിയ ശുഭ്‌മാന്‍ ഗില്ലിനും ഇളക്കംതട്ടില്ല. രണ്ടാം ഏകദിനത്തില്‍ അവസരം കിട്ടിയിട്ട് തിളങ്ങിയില്ലെങ്കിലും ഇഷാന്‍ കിഷന് വീണ്ടുമൊരു അവസരം ടീം നല്‍കാനാണിട. വിക്കറ്റിന് പിന്നിലും മുന്നിലും തിളങ്ങുന്ന സഞ്ജു സാംസണും പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്തിയാല്‍ രാഹുല്‍ ത്രിപാഠിയെ എന്ത് ചെയ്യും എന്നതാണ് ചോദ്യം.
നാളുകളായി ബഞ്ചിലിരിക്കുന്ന രാഹുല്‍ ത്രിപാഠിക്ക് പ്ലേയിംഗ് ഇലവനില്‍ അവസരം നല്‍കണമെങ്കില്‍ ദീപക് ഹൂഡയ്ക്ക് വിശ്രമം അനുവദിക്കേണ്ടിവരും. ഇതിന് ടീം മാനേജ്‌മെന്‍റ് മുതിരുമോ എന്നതാണ് മൂന്നാം ഏകദിനത്തിലെ പ്ലേയിംഗ് ഇലവന്‍ സംബന്ധിച്ച ഏറ്റവും വലിയ ആകാംക്ഷ. പരമ്പരയില്‍ ഇന്ത്യ 2-0ന് മുന്നില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ ത്രിപാഠിയെ നാളെ കളത്തില്‍ കണ്ടേക്കാം. എങ്കിലും ബാറ്റിംഗിന് പുറമെ ബൗള്‍ ചെയ്യുകയും ചെയ്യുന്ന ഹൂഡ ടീമിനെ സന്തുലമാക്കുന്ന താരമാണ് എന്നത് പരിഗണനാ വിഷയമാകും.
അക്‌സര്‍ പട്ടേലിന് പകരക്കാരനാകാന്‍ പറ്റിയ ഓള്‍റൗണ്ടര്‍ ടീമിലില്ലാത്തതിനാല്‍ താരത്തിന്‍റെ സ്ഥാനം ഇളകില്ല. രണ്ടാം ഏകദിനത്തില്‍ തിളങ്ങിയ പേസര്‍മാരായ ഷര്‍ദ്ദുല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ് എന്നിവര്‍ക്കൊപ്പം കുല്‍ദീപ് യാദവും സ്ഥാനം നിലനിര്‍ത്തിയേക്കും. ഏഷ്യാ കപ്പിന് മുമ്പ് പരിക്കിന്‍റെ ഭീഷണി ഒഴിവാക്കാന്‍ ദീപക് ചാഹറിനെ തിരിച്ചുവിളിക്കില്ലെങ്കില്‍ പ്രസിദ്ധ് കൃഷ്‌ണയും പ്ലേയിംഗ് ഇലവനില്‍ തുടരും. ആദ്യ ഏകദിനത്തിലെ മികച്ച താരമായിരുന്ന ചാഹര്‍ ഏഷ്യാ കപ്പിനുള്ള സ്‌ക്വാഡില്‍ സ്റ്റാന്‍ഡ്‌ബൈ താരമായി ഇടംപിടിച്ചിരുന്നു.
ഫോമിലല്ലാത്ത കോലിയെയും പേടിതന്നെ പാകിസ്ഥാന്; നിസാരക്കാരനായി കാണരുതെന്ന് സ്വന്തം ടീമിന് മുന്നറിയിപ്പ്