Asianet News MalayalamAsianet News Malayalam

ഫോമിലല്ലാത്ത കോലിയെയും പേടിതന്നെ പാകിസ്ഥാന്; നിസാരക്കാരനായി കാണരുതെന്ന് സ്വന്തം ടീമിന് മുന്നറിയിപ്പ്

2019 നവംബറിന് ശേഷം രാജ്യാന്തര ക്രിക്കറ്റില്‍ സെഞ്ചുറി നേടാനാവാത്ത വിരാട് കോലി മൂന്ന് ഫോര്‍മാറ്റിലും ഫോമിന്‍റെ നിഴലില്‍ മാത്രമാണ്

Asia Cup 2022 Dont take Virat Kohli easy Yasir Shah warns Pakistan Cricket Team
Author
Lahore, First Published Aug 21, 2022, 6:05 PM IST

ലാഹോര്‍: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിന് മുമ്പ് പാകിസ്ഥാന്‍ ടീമിന് മുന്നറിയിപ്പുമായി ലെഗ്‌സ്‌പിന്നര്‍ യാസിര്‍ ഷാ. വിരാട് കോലി ലോകോത്തര താരമാണെന്നും ഫോമിലല്ലെങ്കിലും അദ്ദേഹത്തെ നിസാരനായി കാണാന്‍ കഴിയില്ലെന്നുമാണ് യാസിര്‍ ഷായുടെ വാക്കുകള്‍. ഏഷ്യാ കപ്പില്‍ ദുബായില്‍ ഓഗസ്റ്റ് 28-ാം തിയതി ഇന്ത്യ-പാക് ടീമുകള്‍ നേര്‍ക്കുനേര്‍ വരാനിരിക്കേയാണ് ഷാ സ്വന്തം ടീമിന് മുന്നറിയിപ്പ് നല്‍കുന്നത്. 

'വിരാട് കോലിയെ നിസാരമായി കാണരുത്. റണ്‍സ് കണ്ടെത്താനാവാത്തതിനാല്‍ കോലി ഫോമിലല്ല, എന്നാല്‍ അദ്ദേഹം ലോകോത്തര താരമാണ്. ഏത് നിമിഷം വേണമെങ്കിലും ഫോമിലേക്ക് തിരിച്ചുവരാം' എന്നുമാണ് ടെസ്റ്റില്‍ പാകിസ്ഥാന്‍റെ ഫസ്റ്റ് ചോയിസ് സ്‌പിന്നറായ യാസിര്‍ ഷാ സ്വന്തം ടീമിന് മുന്നറിയിപ്പ് നല്‍കുന്നത്. ഒരു പാകിസ്ഥാന്‍ ടെലിവിഷന്‍ ചാനലിനോടാണ് യാസിറിന്‍റെ വാക്കുകള്‍. 

2019 നവംബറിന് ശേഷം രാജ്യാന്തര ക്രിക്കറ്റില്‍ സെഞ്ചുറി നേടാനാവാത്ത വിരാട് കോലി മൂന്ന് ഫോര്‍മാറ്റിലും ഫോമിന്‍റെ നിഴലില്‍ മാത്രമാണ്. രാജ്യാന്തര ടി20യില്‍ ബാറ്റര്‍മാരുടെ റാങ്കിംഗില്‍ 32-ാം സ്ഥാനത്താണ് നിലവില്‍ കിംഗ് കോലി. എങ്കിലും കഴിഞ്ഞ ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യയുടെ ടോപ് സ്‌കോറര്‍ വിരാട് കോലിയായിരുന്നു. പത്ത് വിക്കറ്റിന് പാകിസ്ഥാന്‍ ജയം സ്വന്തമാക്കിയ മത്സരത്തില്‍ ഇന്ത്യന്‍ സ്‌കോര്‍ 151ല്‍ എത്തിച്ചത് 57 റണ്‍സെടുത്ത കോലിയായിരുന്നു. 39 റണ്ണുമായി റിഷഭ് പന്തായിരുന്നു രണ്ടാമത്തെ ഉയര്‍ന്ന സ്‌കോറുകാരന്‍. 

ഏഷ്യാ കപ്പില്‍ ഇരു ടീമിനും പരിക്കിന്‍റെ വലിയ തിരിച്ചടിയുണ്ട്. ഇന്ത്യയുടെ പ്രധാന പേസര്‍മാരായ ജസ്‌പ്രീത് ബുമ്രയും ഹര്‍ഷല്‍ പട്ടേലും പരിക്കുമൂലം കളിക്കാത്തപ്പോള്‍ പാക് ഇടംകൈയന്‍ വേഗക്കാരന്‍ ഷഹീന്‍ ഷാ അഫ്രീദിയും ടൂര്‍ണമെന്‍റിന് മുമ്പേ സ്‌ക്വാഡില്‍ നിന്ന് പുറത്തായിക്കഴിഞ്ഞു. 

ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചാഹല്‍, രവി ബിഷ്‌ണോയി, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്‌ദീപ് സിംഗ്, ആവേശ് ഖാന്‍. സ്റ്റാന്‍ഡ്‌ബൈ: ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, ദീപക് ചാഹര്‍.

പാക് സ്‌ക്വാഡ്: ബാബര്‍ അസം(ക്യാപ്റ്റന്‍), ഷദാബ് ഖാന്‍, ആസിഫ് അലി, ഫഖര്‍ സമാന്‍, ഹൈദര്‍ അലി, ഹാരിസ് റൗഫ്, ഇഫ്‌തിഖര്‍ അഹമ്മദ്, ഖുസ്‌ദില്‍ ഷാ, മുഹമ്മദ് നവാസ്, മുഹമ്മദ് റിസ്‌വാന്‍, മുഹമ്മദ് വസീം, നസീം ഷാ, ഷാനവാസ് ദഹാനി, ഉസ്‌മാന്‍ ഖാദിര്‍. 

 

Follow Us:
Download App:
  • android
  • ios