IPL 2022 : ഐപിഎല്ലില്‍ ജോസേട്ടന്‍ ഹീറോയാ; ബട്‍ലറിന്‍റെ വിജയരഹസ്യം ഇത്

By Web TeamFirst Published Apr 30, 2022, 9:31 AM IST
Highlights

ഈ സീസണില്‍ എട്ട് കളിയിൽ ജോസ് ബട്‍ലർ നേടിയത് മൂന്ന് സെഞ്ച്വറിയും രണ്ട് അർധസെഞ്ച്വറിയുമടക്കം 499 റൺസാണ്

മുംബൈ: ഐപിഎല്‍ പതിനഞ്ചാം സീസണില്‍ (IPL 2022) ഇംഗ്ലീഷ് വെടിക്കെട്ട് വീരന്‍ ജോസ് ബട്‍ലറിന്റെ (Jos Buttler) ബാറ്റിംഗ് കരുത്തിലാണ് രാജസ്ഥാൻ റോയൽസിന്റെ (Rajasthan Royals) മുന്നേറ്റം. ചിട്ടയായ പരിശീലനമാണ് തന്റെ വിജയരഹസ്യമെന്ന് ബട്‍ലർ പറയുന്നു.

ഈ സീസണില്‍ എട്ട് കളിയിൽ ജോസ് ബട്‍ലർ നേടിയത് മൂന്ന് സെഞ്ച്വറിയും രണ്ട് അർധസെഞ്ച്വറിയുമടക്കം 499 റൺസാണ്. സീസണിലെ റൺവേട്ടക്കാരില്‍ ബട്‍ലറാണ് ഒന്നാമൻ. പരിശീലനത്തിന് ബട്‍ലർ നൽകുന്നത് മത്സരത്തിനുള്ള അതേ പ്രാധാന്യം. കിരീടം സ്വന്തമാക്കാൻ രാജസ്ഥാന്‍ റോയല്‍സ് ടീം ഒറ്റക്കെട്ടെന്ന് ബട്‍ലർ പറയുന്നു. ഐപിഎല്‍ കരിയറിലാകെ ബട്‍ലർ ആകെ 73 കളിയിൽ നാല് സെഞ്ച്വറിയോടെ 2467 റൺസെടുത്തിട്ടുണ്ട്. 

ഐപിഎല്ലില്‍ ഇന്നത്തെ രണ്ടാമത്തെ മത്സരത്തിൽ സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസും രോഹിത് ശർമ്മയുടെ മുംബൈ ഇന്ത്യൻസും ഏറ്റുമുട്ടും. മുംബൈ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക.

തൊട്ടതെല്ലാം പിഴച്ച് എട്ട് നിലയിൽ പൊട്ടി അവശരാണ് മുംബൈ ഇന്ത്യൻസ്. ജൈത്രയാത്ര തുടരുകയാണ് രാജസ്ഥാൻ റോയൽസിന്‍റെ ലക്ഷ്യം. ബാറ്റിംഗിലും ബൗളിംഗിലും രോഹിത്തിന്റെ മുംബൈയെക്കാൾ ബഹുദൂരം മുന്നിലാണ് സഞ്ജുവിന്റെ രാജസ്ഥാന്‍. ഉഗ്രൻ ഫോമിലുള്ള ജോസ് ബട്‍ലറും ദേവ്ദത്ത് പടിക്കലും നൽകുന്ന മികച്ച തുടക്കം നിർണായകം. സഞ്ജുവിന്റെയും ഷിമ്രോന്‍ ഹെറ്റ്മെയറുടേയും കൂറ്റൻ ഷോട്ടുകൾക്കൊപ്പം റിയാൻ പരാഗ് കൂടി ഫോമിലേക്ക് എത്തിയതോടെ സ്കോർബോർഡിൽ രാജസ്ഥാന് ആശങ്കയില്ല. ട്രെന്റ് ബോൾട്ട്, പ്രസിദ്ധ് കൃഷ്ണ, കുൽദീപ് സെൻ എന്നിവരുൾപ്പെട്ട പേസ് ബാറ്ററിയും ആർ അശ്വിൻ-യുസ്‍വേന്ദ്ര ചഹൽ സ്പിൻ ജോഡിയും മുംബൈയുടെ വെല്ലുവിളി ഉയർത്തും. 

ക്യാപ്റ്റൻ രോഹിത്തിന്റെ മോശം ഫോമിൽ തുടങ്ങുന്നു മുംബൈയുടെ പ്രതിസന്ധി. ഇഷാൻ കിഷനും സൂര്യകുമാർ യാദവിനും കെയ്റോൺ പൊള്ളാർഡിനും പ്രതീക്ഷയ്ക്കൊത്ത് കളിക്കാനാവുന്നില്ല. എന്നും വിശ്വസ്തനായ ജസ്പ്രീത് ബുമ്രയും മങ്ങിയതോടെ മുംബൈയുടെ ബൗളിംഗ് തീർത്തും ദുർബലമായി. ആദ്യം ഏറ്റുമുട്ടിയപ്പോൾ രാജസ്ഥാൻ 23 റൺസിന് മുംബൈയെ തോൽപിച്ചിരുന്നു. റോയൽസിന്റെ 193 റൺസ് പിന്തുട‍ർന്ന മുംബൈയ്ക്ക് നേടാനായത് 170 റൺസ്.

IPL 2022 : സഞ്ജുവും രോഹിത്തും വീണ്ടും മുഖാമുഖം; ഇന്ന് മുംബൈ-രാജസ്ഥാന്‍ പോരാട്ടം

click me!