IPL 2022 : പ്ലേ ഓഫ് ഉറപ്പിക്കാന്‍ കച്ചമുറുക്കി ഗുജറാത്ത് ടൈറ്റൻസ്; എതിരാളികള്‍ ആർസിബി, തിരിച്ചുവരവിന് കോലി

By Web TeamFirst Published Apr 30, 2022, 8:28 AM IST
Highlights

എട്ട് കളിയിൽ ഒന്നിൽ മാത്രം തോറ്റ ഗുജറാത്ത് പ്ലേ ഓഫ് ഉറപ്പിക്കാനാണ് ഇറങ്ങുന്നത്

മുംബൈ: ഐപിഎല്ലിൽ (IPL 2022) ഗുജറാത്ത് ടൈറ്റൻസ് ഇന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ (Gujarat Titans vs Royal Challengers Bangalore) നേരിടും. മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിൽ (Brabourne Stadium) വൈകിട്ട് മൂന്നരയ്ക്കാണ് കളി തുടങ്ങുക. ആർസിബി (RCB) കുപ്പായത്തില്‍ വിരാട് കോലി (Virat Kohli) ഫോമിലേക്ക് മടങ്ങിയെത്തും എന്ന പ്രതീക്ഷയിലാണ് ആരാധകർ. 

എട്ട് കളിയിൽ ഒന്നിൽ മാത്രം തോറ്റ ഗുജറാത്ത് പ്ലേ ഓഫ് ഉറപ്പിക്കാനാണ് ഇറങ്ങുന്നത്. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ ഓൾറൗണ്ട് മികവിലാണ് ഗുജറാത്തിന്റെ മുന്നേറ്റം. മുഹമ്മദ് ഷമി, ലോക്കീ ഫെർഗ്യൂസൺ, ശുഭ്മാൻ ഗിൽ, റഷീദ് ഖാൻ എന്നിവരുടെ പ്രകടനവും നിർണായകം. അതേസമയം ബാറ്റർമാരുടെ മോശം ഫോമാണ് അവസാന രണ്ട് കളിയും തോറ്റ ബാംഗ്ലൂരിന്റെ പ്രതിസന്ധി. മുൻ നായകൻ വിരാട് കോലി പഴയമികവിന്റെ അടുത്തുപോലുമല്ല. 14 പോയിന്റുള്ള ഗുജറാത്ത് ഒന്നും ബാംഗ്ലൂർ അഞ്ചും സ്ഥാനത്താണ്. 

ഐപിഎല്ലിൽ ഇന്നലത്തെ മത്സരത്തോടെ പഞ്ചാബ് കിംഗ്സിനെ 20 റണ്‍സിന് കീഴടക്കി ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് പോയന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറി. 154 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന് മികച്ച തുടക്കം ലഭിച്ചെങ്കിലും അത് മുതലാക്കാനാവാതെ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സില്‍ പോരാട്ടം അവസാനിപ്പിച്ചു. ജയത്തോടെ ഒമ്പത് കളികളില്‍ 12 പോയന്‍റുമായാണ് ലഖ്നൗ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി മൂന്നാം സ്ഥാനത്തെത്തിയത്. ഒമ്പത് മത്സരങ്ങളില്‍ എട്ട് പോയന്‍റുള്ള പഞ്ചാബ് ഏഴാം സ്ഥാനത്ത് തുടരുന്നു. 

IPL 2022: പഞ്ചാബിനെ പിടിച്ചുകെട്ടി, ജയത്തോടെ ലഖ്നൗ മൂന്നാമത്

click me!