'രോഹിത്തിന്‍റെ ബാറ്റിംഗ് ആദ്യം കണ്ടപ്പോഴാണ് അക്കാര്യം തിരിച്ചറിഞ്ഞത്'; തുറന്നു പറഞ്ഞ് കോലി

By Web TeamFirst Published Jun 7, 2023, 1:56 PM IST
Highlights

ഓപ്പണര്‍ എന്ന നിലയില്‍ രോഹിത് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ടെസ്റ്റില്‍ ഉജ്ജ്വലമായാണ് ബാറ്റ് ചെയ്യുന്നത്. ഓപ്പണിംഗ് എന്നത് അനായാസമല്ല. പക്ഷെ രോഹിത് മൂന്ന് ഫോര്‍മാറ്റിലും അത് ഭംഗിയായി ചെയ്തു. കഴിഞ്ഞ തവണ ഓവലില്‍ സെഞ്ചുറി അടിച്ചതുപോലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും സെഞ്ചുറി അടിക്കുമെന്നാണ് പ്രതീക്ഷയെന്നും കോലി പറഞ്ഞു.

ഓവല്‍: ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ബാറ്റിംഗ് ആദ്യമായി കണ്ടപ്പോള്‍ തന്നെ എന്തുകൊണ്ടാണ് അദ്ദേഹത്തെക്കുറിച്ച് എല്ലാവരും ഇത്രയും വാചാലരാവുന്നത് എന്നതിന് തനിക്ക് ഉത്തരം കിട്ടിയെന്ന് വിരാട് കോലി. ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ രോഹിത്തിനായെന്നും ഐസിസിക്ക് നല്‍കിയ അഭിമുഖത്തില്‍ കോലി വ്യക്തമാക്കി.

ഓപ്പണര്‍ എന്ന നിലയില്‍ രോഹിത് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ടെസ്റ്റില്‍ ഉജ്ജ്വലമായാണ് ബാറ്റ് ചെയ്യുന്നത്. ഓപ്പണിംഗ് എന്നത് അനായാസമല്ല. പക്ഷെ രോഹിത് മൂന്ന് ഫോര്‍മാറ്റിലും അത് ഭംഗിയായി ചെയ്തു. കഴിഞ്ഞ തവണ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ ഓവലില്‍ സെഞ്ചുറി അടിച്ചതുപോലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്കെതിരെയും രോഹിത് സെഞ്ചുറി അടിക്കുമെന്നാണ് പ്രതീക്ഷയെന്നും കോലി പറഞ്ഞു.

രോഹിത്തിനൊപ്പമുള്ള ബാറ്റിംഗ് കൂട്ടുകെട്ടുകള്‍ താനെപ്പോഴും ആസ്വദിക്കാറുണ്ടെന്നും രോഹിത്തിന്‍റെ ബാറ്റിംഗ് കണ്ടുകൊണ്ടിരിക്കാന്‍ തന്നെ സുഖമുള്ള കാര്യമാണെന്നും കോലി പറഞ്ഞു. കരിയറിലെ അമ്പതാം ടെസ്റ്റിനാണ് രോഹിത് ഇന്ന് ഓവലില്‍ ഇറങ്ങുന്നത്. ഇന്ന് ഓസ്ട്രേലിയക്കെതിരെ 27 റണ്‍സ് കൂടി നേടിയാല്‍ രാജ്യാന്തര ക്രിക്കറ്റില്‍ ഓപ്പണറെന്ന നിലയില്‍ രോഹിത്തിന് 13000 റണ്‍സ് തികക്കാനാവും. ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ മാത്രം ഇന്ത്യന്‍ താരാമാവാനും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ രോഹിത്തിന് അവസരമുണ്ട്.

പ്രതിഷേധം ഭയന്ന് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് രണ്ട് പിച്ച് തയാറാക്കി ഐസിസി

കഴിഞ്ഞ തവണ ഓവലില്‍ ഇംഗ്ലണ്ടിനെതിരെ കളിച്ചപ്പോള്‍ രോഹിത് 127 റണ്‍സടിച്ച് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കിയിരുന്നു. വിരാട് കോലിക്ക് കീഴിലായിരുന്നു രോഹിത്തിന്‍റെ സെഞ്ചുറി. അതേസമയം ക്യാപ്റ്റനെന്ന നിലയില്‍ ഒന്നോ രണ്ടോ ഐസിസി കിരീടങ്ങള്‍ നേടുകയാണ് തന്‍റെ ലക്ഷ്യമെന്ന് മത്സരത്തലേന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രോഹിത് പറഞ്ഞിരുന്നു.

click me!