ഇന്ധന ഉപയോഗം കുറച്ചുകൊണ്ടുവന്ന് പരിസ്ഥിതി സംരക്ഷിക്കണമെന്നും കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ആഘാതം കുറച്ചുകൊണ്ടുവരണമെന്നും ആവശ്യപ്പെടുന്ന ജസ്റ്റ് സ്റ്റോപ്പ് ഓയില്‍ പ്രതിഷേധക്കാരെയാണ് ഐസിസി ഭയക്കുന്നത്.

ഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയും ഓസ്ട്രേലിയയും ഇന്ന് പോരാട്ടം തുടങ്ങാനിരിക്കെ പിച്ചിനെക്കുറിച്ചാണ് ചര്‍ച്ചകള്‍. മത്സരം നടക്കുന്ന കെന്നിംഗ്ടണ്‍ ഓവലിലെ പിച്ച് പേസര്‍മാരെ തുണക്കുമോ സ്പിന്നര്‍മാരെ തുണക്കുമോ എന്നാണ് പ്രധാന ചോദ്യം. എന്നാല്‍ മത്സരത്തിനായി ഐസിസി രണ്ട് പിച്ചുകള്‍ തയാറാക്കിയിരുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പ്രധാന പിച്ചിന് കേടുപാടു സംഭവിച്ചാല്‍ ഉപയോഗിക്കാനായാണ് രണ്ടാം പിച്ച് തയാറാക്കിയത്.

പ്രതിഷേധം ഭയന്ന്

ഇന്ധന ഉപയോഗം കുറച്ചുകൊണ്ടുവന്ന് പരിസ്ഥിതി സംരക്ഷിക്കണമെന്നും കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ആഘാതം കുറച്ചുകൊണ്ടുവരണമെന്നും ആവശ്യപ്പെടുന്ന ജസ്റ്റ് സ്റ്റോപ്പ് ഓയില്‍ പ്രതിഷേധക്കാരെയാണ് ഐസിസി ഭയക്കുന്നത്. ഇവര്‍ പിച്ച് കേടുവരുത്തിയാല്‍ ഉപയോഗിക്കുന്നതിനായാണ് രണ്ടാം പിച്ച് ഐസിസി ഒരുക്കിയത്. പ്രതിഷേധക്കാരെ ഭയന്ന് മത്സരത്തിനായി കെന്നിംഗ്ടണ്‍ ഓവലില്‍ കനത്ത സുരക്ഷയും ഐസിസി ഒരുക്കിയിട്ടുണ്ട്.

'ശ്രീ' ഉണ്ടായിരുന്നപ്പോഴൊക്കെ ഫൈനല്‍ ജയിച്ചിട്ടുണ്ട്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനെക്കുറിച്ച് ശ്രീശാന്ത്

എന്താണ് ജസ്റ്റ് സ്റ്റോപ് ഓയില്‍ പ്രതിഷേധം

പരിസ്ഥിവാദികളുടെ കൂട്ടായ്മായായി എക്സറ്റിങ്ഷന്‍ റിബെല്ലിയോണ്‍, ഇന്‍സുലേറ്റ് ബ്രിട്ടന്‍ എന്നിവര്‍ ചേര്‍ന്നാണ് ജസ്റ്റ് സ്റ്റോപ് ഓയില്‍ പ്രതിഷേധത്തിന് നേതൃത്വതം നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ബ്രിട്ടനിലെ റോഡുകളില്‍ വാഹനങ്ങള്‍ തടഞ്ഞുകൊണ്ടുള്ള പ്രതിഷേധത്തോടെയാണ് ഇവര്‍ ശ്രദ്ധ ആകര്‍ഷിച്ചത്. പ്രതിഷേധത്തിന്‍റെ ഭാഗമായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ നടക്കേണ്ട ഗ്രൗണ്ടുകള്‍ വരെ ഇവര്‍ കൈയേറി നശിപ്പിച്ചിരുന്നു. പ്രതിഷേധക്കാരില്‍ ഒരാള്‍ ഗോള്‍ പോസ്റ്റില്‍ സ്വയം കെട്ടിയിട്ടാണ് പ്രതിഷേധിച്ചത്. പെട്രോള്‍ പമ്പുകള്‍ക്കെതിരെയും ഇവരുടെ പ്രതിഷേധം നടന്നു.

പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ അടക്കമുള്ള ഫോസില്‍ ഇന്ധന ഖനനത്തിന് പുതിയ ലൈസന്‍സ് അനുവദിക്കരുതെന്നാണ് ഇവരുടെ പ്രധാന ആവശ്യം. 2025 ഓടെ പുതുതായി നൂറോളം എണ്ണ ഖനന ലൈസന്‍സുകള്‍ അനുവദിക്കാനുള്ള ബ്രിട്ടീഷ് സര്‍ക്കാരിന്‍റെ തീരുമാനത്തിനെതിരെ ആണ് ഇവര്‍ പ്രധാനമായും രംഗത്തെത്തിയത്.