ഗാംഗുലിയെ നിശബ്ദനാക്കിയ കൈഫിന്റെ സിക്സ്

By Web TeamFirst Published Apr 22, 2020, 5:02 PM IST
Highlights

എന്തായാലും ആ സിക്സോടെ ദാദ നിശബ്ദനായി. എനിക്ക് സിക്സൊക്കെ അടിക്കാന്‍ പറ്റുമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞുകാണും.

ലക്നോ: നാറ്റ്‌വെസ്റ്റ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരായ നാടകീയ വിജയത്തിനിടയിലെ രസകരമായ കാര്യങ്ങളെക്കുറിച്ച് മനസുതുറന്ന് യുവരാജ് സിംഗും മുഹമ്മദ് കൈഫും. ഇന്‍സ്റ്റഗ്രാം ലൈവിലാണ് കൈഫും യുവിയും മത്സരത്തിനിടയിലെ രസകരമായൊരു സംഭവം ഓര്‍ത്തെടുത്തത്.

യുവരാജ് ക്രീസിലെത്തിയപാടെ വമ്പന്‍ ഷോട്ടുകള്‍ കളിച്ച് റണ്‍നിരക്ക് കുത്തനെ ഉയരാതെ പിടിച്ചു നിര്‍ത്തുകയായിരുന്നു. ഇതിനിടെ എനിക്ക് സ്ട്രൈക്ക് കിട്ടുമ്പോഴൊക്കെ പവലിയനില്‍ ഇരുന്ന് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ഉറക്കെ വിളിച്ചു പറയും. സിംഗിളെടുക്കൂ, സിംഗിളെടുകൂ, യുവിക്ക് സ്ട്രൈക്ക് കൈമാറൂ എന്ന്. എന്നാല്‍ ഒരു തവണ ദാദ ഇങ്ങനെ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നപ്പോള്‍ എന്റെ നേരെ വന്നത് ഒരു ഷോട്ട് ബോളായിരുന്നു. ആ പന്ത് ഞാന്‍ പുള്‍ ചെയ്ത് സിക്സറിന് പറത്തി. ഇതോടെ ദാദ നിശബ്ദനായി.

അതിനുശേഷം എന്താണ് സംഭവിച്ചതെന്ന യുവിയുടെ ചോദ്യത്തിന് കൈഫ് മറുപടി പറഞ്ഞു.ആ സിക്സറിനുശേഷം നീ എന്റെയടുത്ത് വന്നു കൈകള്‍ കൊണ്ട് പ‍ഞ്ച് ചെയ്തു. എനിക്കും സിക്സൊക്കെ അടിക്കാനറിയാം എന്ന് തമാശയായി പറഞ്ഞു. എന്തായാലും ആ സിക്സോടെ ദാദ നിശബ്ദനായി. എനിക്ക് സിക്സൊക്കെ അടിക്കാന്‍ പറ്റുമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞുകാണും. അതെന്തായാലും എന്നെ ഉപദേശിക്കാനായി ദാദ ആരെയെങ്കിലും വെള്ളവുമായി ഗ്രൗണ്ടിലേക്ക് അയക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ആ സിക്സിനുശേഷം ഗ്രൗണ്ടിലേക്ക് ആരും വന്നില്ല-കൈഫ് പറഞ്ഞു.

Alos Read: ധോണിക്കല്ല എന്റെ വോട്ട്; ഏറ്റവും മികച്ച നായകനെ തിരിഞ്ഞെടുത്ത് ഗൗതം ഗംഭീര്‍

മത്സരത്തില്‍ 75 പന്തില്‍ രണ്ട് സിക്സറും ആറ് ഫോറും പറത്തി 87 റണ്‍സെടുത്ത കൈഫ് ഇന്ത്യയെ വിജയത്തിലെത്തിച്ചശേഷമാണ് ക്രീസ് വിട്ടത്. ഇന്ത്യന്‍ വിജയത്തിനുശേഷം ഗാംഗുലി ലോര്‍ഡ്സിന്റെ ഗ്യാലറിയിലിരുന്ന് ജേഴ്സി ഊരി വീശിയത് ഇന്ത്യന്‍ ആരാധകര്‍ ഒരിക്കലും മറക്കാത്ത ചിത്രമായി.

click me!