വിമാനത്താവളത്തിൽ പാസ്പോർട്ട് പിടിച്ചുവെച്ച് അവരാദ്യം ചോദിച്ചത് ടെസ്റ്റ് മേസിനെക്കുറിച്ചെന്ന് നീൽ വാ​ഗ്നർ

By Web TeamFirst Published Jun 26, 2021, 4:59 PM IST
Highlights

വിമാനത്താവളത്തിൽ ഇറങ്ങിയപാടെ കസ്റ്റംസുകാർ ഞങ്ങളെയെല്ലാം അഭിനന്ദിച്ചു. പിന്നീട് പാസ്പോർട്ടുകൾ വാങ്ങിയശേഷം എല്ലാവർക്കും അറിയേണ്ടത് ടെസ്റ്റ് മേസ് എവിടെയാണെന്നായിരുന്നു. ഒടുവിലത് കണ്ടപ്പോൾ അവരുടെ മുഖത്ത് ചിരി വിടർന്നു.

വെല്ലിം​ഗ്ടൺ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം സ്വന്തമാക്കി ന്യൂസിലൻഡ് ക്രിക്കറ്റ് ടീം രാജ്യത്ത് തിരിച്ചെത്തിയപ്പോഴുള്ള അനുഭവം പങ്കുവെച്ച് കിവീസ് പേസർ നീൽ വാ​ഗ്നർ. വിമാനത്താവളത്തിൽ ഇറങ്ങിയതിന് പിന്നാലെ പാസ്പോർട്ട് പിടിച്ചുവെച്ച കസ്റ്റംസ് ഉദ്യോ​ഗസ്ഥർ ആദ്യം ചോദിച്ചത് ടെസ്റ്റ് മേസ്(​ഗദ) എവിടെയാണെന്നായിരുന്നുവെന്ന് വാ​ഗ്നർ പറഞ്ഞു. കസ്റ്റംസുകാരിൽ നിന്നും ഇത്രയും മികച്ച സ്വീകരണം ജീവിതത്തിൽ ഇതുവരെ ലഭിച്ചിട്ടില്ലെന്നും വാ​ഗ്നർ ക്രിക്ക് ഇൻഫോയോട് പറഞ്ഞു.

വിമാനത്താവളത്തിൽ ഇറങ്ങിയപാടെ കസ്റ്റംസുകാർ ഞങ്ങളെയെല്ലാം അഭിനന്ദിച്ചു. പിന്നീട് പാസ്പോർട്ടുകൾ വാങ്ങിയശേഷം എല്ലാവർക്കും അറിയേണ്ടത് ടെസ്റ്റ് മേസ് എവിടെയാണെന്നായിരുന്നു. ഒടുവിലത് കണ്ടപ്പോൾ അവരുടെ മുഖത്ത് ചിരി വിടർന്നു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം ഞങ്ങളുടെ രാജ്യത്തുള്ളരെ സംബന്ധിച്ച് എത്രമാത്രം പ്രധാനനമാണെന്നതിന്റെ തെളിവായിരുന്നു അത്.

കുട്ടിയായിരിക്കുമ്പോൾ ഐസിസി റാങ്കിം​ഗിൽ ഒന്നാം സ്ഥാനക്കാർക്കുള്ള ടെസ്റ്റ് മേസ് മറ്റ് പല രാജ്യങ്ങളും സ്വന്തമാക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അവരെ സംബന്ധിച്ചിടത്തോളം അത് എത്രമാത്രം വിലപ്പെട്ടതാണെന്നും. അതുകൊണ്ടുതന്നെ ഒടുവിൽ ഞങ്ങളുമത് ജയിച്ചപ്പോൾ അത് എത്രമാത്രം വിലപ്പെട്ടതാണെന്ന് തിരിച്ചറിയുന്നു. കൊവിഡ് നിയന്ത്രണങ്ങളുണ്ടായിട്ടും പോലീസുകാർ പോലും ടെസ്റ്റ് മേസിനൊപ്പം ചിത്രങ്ങളെടുക്കാൻ മത്സരിച്ചു. പാവം അവർക്ക് അതിനടുത്തുനിന്ന് ചിത്രങ്ങളെടുക്കാനായില്ല.

എല്ലാവരുടെയും മുഖത്ത് ചിരിവിടർത്താനായതിൽ ഞങ്ങൾക്കെല്ലാം അഭിമാനമുണ്ട്. എന്തുമാത്രം ആവേശത്തോടെയാണെന്നോ ആളുകൾ ഞങ്ങളെ സ്വീകരിച്ച് ടീം ബസിലേക്ക് കയറ്റിവിട്ടത്. ചുറ്റും ക്യാമറകളും ആരാധകരും എല്ലാമുണ്ടായിരുന്നു. തീർച്ചയായും ഇത് ഞങ്ങളെ സംബന്ധിച്ചിടത്തോളം വിലമതിക്കാനാവാത്ത കിരീടമാണ്-വാ​ഗ്നർ പറഞ്ഞു.

click me!