ഐപിഎല്ലില്‍ മാക്സ്‌വെല്‍ പല ടീമുകളില്‍ കളിക്കാനുള്ള കാരണം വ്യക്തമാക്കി ഗംഭീര്‍

By Web TeamFirst Published Apr 7, 2021, 5:39 PM IST
Highlights

എന്തുകൊണ്ടാണ് പല സീസണുകളില്‍ മാക്സ്‌വെല്‍ പല ടീമില്‍ കളിക്കുന്നത് എന്നതിന് പിന്നിലെ കാരണം  വ്യക്തമാക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ ഗൗതം ഗംഭീര്‍. ക്രിക്ക് ഇന്‍ഫോക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗംഭീറിന്‍റെ തുറന്നുപറച്ചില്‍.

മുംബൈ: ഐപിഎല്ലില്‍ എല്ലാക്കാലത്തും പൊന്നുംവിലയുള്ള തരമാണ് ഓസ്ട്രേലിയയുടെ ഗ്ലെന്‍ മാക്സ്‌വെല്‍. ഓരോ സീസണിലും ടീമുകള്‍ കോടികള്‍ മുടക്കി സ്വന്തമാക്കുമെങ്കിലും പലപ്പോഴും പ്രതീക്ഷക്കൊത്ത് ഉയരാന്‍ മാക്സ്‌വെല്ലിനായിട്ടില്ല. ഇത്തവണ 14.25 കോടി രൂപ നല്‍കിയാണ് വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിംഗ്സിനായി കളിച്ച മാക്സ്‌വെല്‍ 13 മത്സരങ്ങളില്‍ നിന്ന് ആകെ നേടിയത് 108 റണ്‍സ് മാത്രമാണ്. ഒറ്റ സിക്സ് പോലും മാക്സ്‌വെല്ലിന് നേടാനായില്ല.

എന്തുകൊണ്ടാണ് പല സീസണുകളില്‍ മാക്സ്‌വെല്‍ പല ടീമില്‍ കളിക്കുന്നത് എന്നതിന് പിന്നിലെ കാരണം  വ്യക്തമാക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ ഗൗതം ഗംഭീര്‍. ക്രിക്ക് ഇന്‍ഫോക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗംഭീറിന്‍റെ തുറന്നുപറച്ചില്‍.

സത്യസന്ധമായി പറഞ്ഞാല്‍ ഐപിഎല്ലില്‍ തന്നെ വിവിധ ടീമുകളില്‍ കളിച്ചിട്ടുള്ള കളിക്കാരനാണ് മാക്‌സ്‌വെല്‍. ഇതിന് പിന്നിലുള്ള പ്രധാന കാരണം മാക്സ്‌വെല്ലിന്‍റെ അസ്ഥിരതയാണ്. സ്വതന്ത്രമായി കളിക്കാനുള്ള അവസരം ലഭിച്ചിച്ചില്ല എന്നകാര്യം മാക്സ്‌വെല്ലിന്‍റെ കാര്യത്തില്‍ ഒരിക്കലും പറയാനാവില്ല. ഡല്‍ഹിക്കായും പഞ്ചാബിനായും കളിച്ചപ്പോഴും അദ്ദേഹത്തിന് വേണ്ടത്ര സ്വാതന്ത്ര്യം ലഭിച്ചിട്ടുണ്ട്. മാക്സ്‌വെല്‍ കളിച്ച ടീമുകളും പരിശീലകരുമെല്ലാം അദ്ദേഹത്തെ എക്സ് ഫാക്ടറായാണ് കണക്കാക്കിയിരുന്നത്.

അതുകൊണ്ടുതന്നെ അദ്ദേഹത്തിന് സ്വതന്ത്രമായി കളിക്കാനാവശ്യമായ അടിത്തറ ഒരുക്കിക്കൊടുക്കാന്‍ അവരെല്ലാം ശ്രദ്ധിക്കുകയും ചെയ്തിട്ടുണ്ട്. ഏറ്റവം നിര്‍ഭാഗ്യകരമായ കാര്യം എന്താണെന്നുവെച്ചാല്‍ ഇത്തരത്തില്‍ എല്ലാ സൗകര്യങ്ങളും ലഭിച്ചിട്ടും 2014ലെ സീസണൊഴികെ മറ്റൊരു സീസണിലും മാക്സ്‌വെല്ലിന് തിളങ്ങാനായിട്ടില്ല എന്നതാണ്. 2014ലെ പ്രകടനം തുടര്‍ന്നും നടത്തിയിരുന്നെങ്കില്‍ ഒരു ടീമും മാക്സ്‌വെല്ലിനെ കൈവിടില്ലായിരുന്നു.

ഐപിഎല്ലില്‍ ഒരാള്‍ കൂടുതല്‍ ടീമുകളില്‍ കളിക്കുന്നുവെന്നത് അയാളുടെ മികവിന്‍റെ അടയാളമല്ല. അത് ഒരു ടീമിലും അയാള്‍ സ്ഥിരസാന്നിധ്യമാകാന്‍ കഴിയുന്നില്ല എന്നതിന്‍റെ തെളിവാണ്. എന്നിട്ടും ഓരോ സീസണിലും മാക്സ്‌വെല്ലിനെ കോടികളെറിഞ്ഞ് ടീമുകള്‍ സ്വന്തമാക്കുന്നതിന് കാരണം അദ്ദേഹം ഓസ്ട്രേലിയക്കായി നടത്തുന്ന മികച്ച പ്രകടനങ്ങള്‍ മാത്രമാണ്. അതുകൊണ്ടുതന്നെ ഇത്തവണ ബാംഗ്ലൂരിനായെങ്കിലും മാക്സ്‌വെല്ലിന് തിളങ്ങാനാവുമെന്ന് പ്രതീക്ഷിക്കാം-ഗംഭീര്‍ പറഞ്ഞു. ഐപിഎല്ലില്‍ ഇതുവരെ 82 മത്സരങ്ങള്‍ കളിച്ചിട്ടുള്ള മാക്സ്‌വെല്‍ 1505 റണ്‍സാണ് നേടിയിട്ടുള്ളത്.

click me!