രോഹിത് ശർമ്മയുടെ ക്യാപ്റ്റന്‍സി മാറ്റം ചരിത്ര മണ്ടത്തരമാകുമോ; കാത്തിരുന്ന മറുപടിയുമായി മഹേള ജയവർധനെ

Published : Dec 16, 2023, 06:41 AM ISTUpdated : Dec 16, 2023, 06:47 AM IST
രോഹിത് ശർമ്മയുടെ ക്യാപ്റ്റന്‍സി മാറ്റം ചരിത്ര മണ്ടത്തരമാകുമോ; കാത്തിരുന്ന മറുപടിയുമായി മഹേള ജയവർധനെ

Synopsis

രോഹിത് ശർമ്മയെ മാറ്റിയപ്പോള്‍ സൂര്യകുമാർ യാദവിനെ പരിഗണിച്ചില്ല, എന്തുകൊണ്ട് ഹാർദിക് ക്യാപ്റ്റനായി, ആരാധകർക്ക് മറുപടിയുമായി മഹേള ജയവർധനെ

മുംബൈ: ഐപിഎല്ലില്‍ 10 വർഷക്കാലം ടീമിനെ നയിച്ച രോഹിത് ശർമ്മയ്ക്ക് പകരം ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെ നായകനാക്കിയത് ഭാവി മുന്നില്‍ കണ്ടെന്ന് മുംബൈ ഇന്ത്യന്‍സ് ഗ്ലോബല്‍ പെർഫോമന്‍സ് തലവന്‍ മഹേള ജയവർധനെ. രോഹിത്തിന്‍റെ പരിചയസമ്പത്തും ഉപദേശങ്ങളും തുടർന്നും മുംബൈ ഇന്ത്യന്‍സിന് മുതല്‍ക്കൂട്ടാകുമെന്ന് ജയവർധനെ പറഞ്ഞു. മുംബൈ ഇന്ത്യന്‍സിനെ ചരിത്രത്തിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാക്കി മാറ്റിയ രോഹിത്തിന് അദേഹം നന്ദി അറിയിച്ചു. ഐപിഎല്‍ 2024 സീസണിന് മുന്നോടിയായാണ് രോഹിത്തിന് പകരം ഹാർദിക്കിനെ മുംബൈ ഇന്ത്യന്‍സ് നായകനായി പ്രഖ്യാപിച്ചത്.

'ഭാവിയെ സജ്ജമാക്കുക എന്ന മുംബൈ ഇന്ത്യന്‍സിന്‍റെ ചരിത്രത്തിന്‍റെ ഭാഗമായ തീരുമാനമാണിതും. സച്ചിന്‍ ടെന്‍ഡുല്‍ക്കർ, ഹർഭജന്‍ സിംഗ്, റിക്കി പോണ്ടിംഗ്, രോഹിത് ശർമ്മ എന്നിങ്ങനെ ഐതിഹാസികമായ ക്യാപ്റ്റന്‍സി മാറ്റത്തിന്‍റെ ചരിത്രം മുംബൈ ഇന്ത്യന്‍സിനുണ്ട്. ടീമിന്‍റെ ഭാവി മുന്നില്‍ കണ്ടാണ് ഇവരെയെല്ലാം ക്യാപ്റ്റന്‍മാരാക്കിയത്. ഇതേ ഫിലോസഫി പിന്തുടർന്നുകൊണ്ട് ഹാർദിക് പാണ്ഡ്യ ഐപിഎല്‍ 2024 സീസണില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ ക്യാപ്റ്റനാകും. 2013 മുതലുള്ള അവിസ്മരണീയമായ നായകത്വത്തിന് രോഹിത്തിന് നന്ദി പറയുന്നു. അസാധാരണമായ മികവാണ് ക്യാപ്റ്റനായി 2013 മുതല്‍ രോഹിത് കാട്ടിയത്. ടീമിന് മികവ് മാത്രമല്ല, ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരിലൊരാളായി മാറാനും രോഹിത്തിനായി. രോഹിത്തിന്‍റെ ക്യാപ്റ്റന്‍സിയില്‍ മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലിലെയും ആരാധകരുടെ എക്കാലത്തെയും പ്രിയ ടീമുകളിലൊന്നുമായി മാറി. മുംബൈ ഇന്ത്യന്‍സിനെ തുടർന്നും കരുത്തുറ്റതാക്കുന്നതിന് മൈതാനത്തിന് അകത്തും പുറത്തും രോഹിത്തിന്‍റെ മാർഗനിർദേശങ്ങള്‍ തുടർന്നും  പ്രതീക്ഷിക്കുന്നു. മുംബൈ ഇന്ത്യന്‍സിന്‍റെ പുതിയ ക്യാപ്റ്റനായി ഹാർദിക് പാണ്ഡ്യയെ സ്വാഗതം ചെയ്യുകയും ആശംസകള്‍ നേരുകയും ചെയ്യുകയാണ്' എന്നുമാണ് മഹേള ജയവർധനെയുടെ വാക്കുകള്‍.

രോഹിത് ശർമ്മ 2013ലാണ് മുംബൈ ഇന്ത്യന്‍സിന്‍റെ നായകസ്ഥാനം ഏറ്റെടുത്തത്. 2013ലെ ആദ്യ സീസണിലും പിന്നീട് 2015, 2017, 2019, 2020 സീസണുകളിലും രോഹിത്തിന്‍റെ ക്യാപ്റ്റന്‍സിയില്‍ മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ കിരീടമുയർത്തി. ഐപിഎല്ലില്‍ അഞ്ച് കിരീടങ്ങള്‍ നേടിയ ആദ്യ ക്യാപ്റ്റനെന്ന റെക്കോർഡ് രോഹിത്തിന്‍റെ പേരിലാണ്. ഇത് കൂടാതെ 2013ല്‍ ചാമ്പ്യന്‍സ് ലീഗ് ടി20 കിരീടവും മുംബൈ ഇന്ത്യന്‍സിന് രോഹിത് ശർമ്മ സമ്മാനിച്ചു. ക്യാപ്റ്റന്‍സി മാറിയെങ്കിലും ഓപ്പണർ എന്ന നിലയ്ക്ക് രോഹിത് ശർമ്മ മുംബൈ ഇന്ത്യന്‍സിന്‍റെ മുഖ്യ താരമായി വരും സീസണിലും തുടരും.

അതേസമയം താരമെന്ന നിലയില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം നാലും (2015, 2017, 2019, 2020) ക്യാപ്റ്റനായി ഗുജറാത്ത് ടൈറ്റന്‍സില്‍ ഒരു കിരീടവും (2022) ഹാർദിക് പാണ്ഡ്യയുടെ പേരിലുണ്ട്. 2015 മുതല്‍ 2021 വരെ മുംബൈ ഇന്ത്യന്‍സിന്‍റെ നിർണായക താരമായിരുന്ന ഹാർദിക് 2022ലാണ് ലീഗിലെ പുതിയ ടീമായ ഗുജറാത്ത് ടൈറ്റന്‍സില്‍ നായകനായി ചേർന്നത്. ആദ്യ സീസണില്‍ തന്നെ കിരീടവും രണ്ടാം അങ്കത്തില്‍ റണ്ണറപ്പ് സ്ഥാനവും ടൈറ്റന്‍സിന് ഹാർദിക് നേടിക്കൊടുത്തു. ഇതിന് ശേഷമാണ് 2024 സീസണിന് മുന്നോടിയായി ഹാർദിക് പാണ്ഡ്യ തന്‍റെ പഴയ ടീമായ മുംബൈ ഇന്ത്യന്‍സിലേക്ക് മടങ്ങിയെത്തിയത്. 

Read more: എന്തുകൊണ്ട് രോഹിത് ശർമ്മ ഔട്ട്, ഹാർദിക് പാണ്ഡ്യ ഇന്‍; ഉത്തരമുണ്ട്! ധോണി-കോലി കാലം ഓർമ്മിപ്പിച്ചുള്ള നീക്കം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'ഐസിസിക്ക് ഇരട്ടത്താപ്പ്, ഒരുരാജ്യത്തിന് മാത്രമെന്താണിത്ര പ്രിവിലേജ്'; ടൂര്‍ണമെന്‍റ് ബഹിഷ്കരിച്ചതിന് പിന്നാലെ ബംഗ്ലാദേശ്
കന്നി കിരീടത്തിന് പിന്നാലെ വമ്പൻ നീക്കം; ആർസിബിയെ റാഞ്ചാൻ അദാർ പൂനാവാല, മത്സരത്തിന് ഹോംബാലെ ഫിലിംസും