
ബെംഗളൂരു: കോച്ച് ഗൗതം ഗംഭീറിന്‍റെയും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്‍റെയും കീഴില്‍ മലയാളി താരം സഞ്ജു സാംസണ് തുടര്‍ച്ചയായി അവസരം കിട്ടാനുള്ള കാരണം തുറന്നു പറഞ്ഞ് മുന്‍ ഇന്ത്യൻ താരം റോബിന്‍ ഉത്തപ്പ. ടീം മാനേജ്മെന്‍റിന്‍റെ ഉറച്ച പിന്തുണയാണ് സഞ്ജുവിന് ടി20 ടീമില്‍ ഇപ്പോള്‍ തുടര്‍ച്ചയായി അവസരം കിട്ടുന്നതിന് കാരണമെന്ന് ഉത്തപ്പ ജിയോ സിനിമയില്‍ പറഞ്ഞു.
തന്‍റെ സ്വാഭാവിക കളി പുറത്തെടുക്കാന്‍ നിലവിലെ ടീം മാനേജ്മെന്‍റ് സഞ്ജുവിന് അവസരം നല്‍കുന്നതാണ് അവന്‍റെ മികച്ച പ്രകടനങ്ങള്‍ക്ക് കാരണം. ടീമിലെ തന്‍റെ റോള്‍ എന്താണെന്നത് സംബന്ധിച്ച് സഞ്ജുവിന് ഇപ്പോൾ വ്യക്തതയുണ്ട്. മുമ്പ് അതുണ്ടായിരുന്നില്ല. ഒരു കളിയിലെ മോശം പ്രകടനം കൊണ്ട് ടീമിലെ തന്‍റെ സ്ഥാനം നഷ്ടമാവുമെന്ന ഭയമില്ലാതെ സഞ്ജുവിനിപ്പോൾ സ്വതന്ത്രമായി കളിക്കാനാകുന്നുണ്ട്. അത് അവന്‍റെ പ്രകടനത്തിലും കാണാനാകും. ടീമിലെ ലീഡര്‍ഷിപ്പ് ഗ്രൂപ്പിന്‍റെയും കോച്ചിംഗ് സ്റ്റാഫിന്‍റെയും വിശ്വാസം ആര്‍ജ്ജിക്കാന്‍ സഞ്ജുവിനായി. മുമ്പ് പലപ്പോഴും അതിന് കഴിഞ്ഞിരുന്നില്ല.
അതുപോലെ അവനെ ഏത് പൊസിഷനില്‍ കളിപ്പിക്കണമെന്നതിനെക്കുറിച്ച് മുമ്പുണ്ടായിരുന്നതിനെക്കാള്‍ വ്യക്തത ഇപ്പോഴുണ്ട്. ഗൗതം ഗംഭീറും സൂര്യകുമാര്‍ യാദവും വന്നശേഷം സഞ്ജുവിന് ടീമിലെ തന്‍റെ റോള്‍ സംബന്ധിച്ച് ക്യത്യമായ ധാരണയുണ്ട്. അവര്‍ രണ്ടുപേരും സഞ്ജുവിന്‍റെ റോൾ കൃത്യമായി നിര്‍വചിച്ചിട്ടുണ്ട്. അതുകൊണ്ട് അവനിലെ സമ്മര്‍ദ്ദം കുറച്ചൊക്കെ കുറഞ്ഞു. അസാമാന്യ കഴിവുള്ള കളിക്കാരനാണ് അവന്‍. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പര ഇന്ത്യൻ ടീമില്‍ സഞ്ജുവിന്‍റെ സ്ഥാനം ഉറപ്പിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും ഉത്തപ്പ പറഞ്ഞു.
ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില്‍ ഇന്ത്യയുടെ ഓപ്പണിംഗ് ബാറ്ററും പ്രധാന വിക്കറ്റ് കീപ്പറുമാണ് സഞ്ജു. ശ്രീലങ്കക്കെതിരായ ടി20 പരമ്പരയില്‍ രണ്ട് തവണ പൂജ്യത്തിന് പുറത്തായി നിരാശപ്പെടുത്തി സഞ്ജുവിന് ഗംഭീറും സൂര്യകുമാറും ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും അവസരം നല്‍കിയിരുന്നു. മൂന്നാമത്തെ മത്സരത്തില്‍ വെടിക്കെട്ട് സെഞ്ചുറി നേടി സഞ്ജു തിളങ്ങുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!