
കെന്‍സിംഗ്ടണ്‍: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ നിര്‍ണായക അവസാന മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് (West Indies vs England) 17 റണ്‍സിന്‍റെ നാടകീയ ജയം. ജേസണ്‍ ഹോള്‍ഡര്‍(Jason Holder) എറിഞ്ഞ അവസാന ഓവറില്‍ 20 റണ്‍സായിരുന്നു ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. 28 പന്തില്‍ 41 റണ്‍സുമായി സാം ബില്ലിംഗ്സും(Sam Billings) ക്രിസ് ജോര്‍ദ്ദാനുമായിരുന്നു(Chris Jordan) ക്രീസില്‍. അവസാന ഓവറിലെ അദ്യ പന്ത് സാം ബില്ലിംഗ്സിനിതിരെ നോ ബോള്‍ എറിഞ്ഞ ഹോള്‍ഡര്‍ ഒരു സിംഗിളും വഴങ്ങി.
അടുത്ത പന്തില്‍ റണ്‍സ് വഴങ്ങിയില്ല. രണ്ടാം പന്തില്‍ ജോര്‍ദ്ദാനെ(7) പുറത്താക്കിയ ഹോള്‍ഡര്‍ മൂന്നാം പന്തില്‍ സാം ബില്ലിംഗ്സിനെ വീഴ്ത്തി. നാലാം പന്തില്‍ ആദില്‍ റഷീദിനെ പുറത്താക്കി ഹാട്രിക്ക് തികച്ച ഹോള്‍ഡര്‍ അഞ്ചാം പന്തില്‍ സാഖിബ് മഹമ്മൂദിനെയും പുറത്തായി ഇംഗ്ലണ്ടിനെ ഓള്‍ ഔട്ടാക്കി. 180 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 162 റണ്‍സിന് ഓള്‍ ഔട്ടായി. ഇതോടെ അഞ്ച് മത്സര പരമ്പര വിന്‍ഡീസ് 3-2ന് സ്വന്തമാക്കി. സ്കോര്‍ വെസ്റ്റ് ഇന്‍ഡീസ് 20 ഓവറില്‍ 179-4, ഇംഗ്ലണ്ട് 19.5 ഓവറില്‍ 162ന് ഓള്‍ ഔട്ട്.
വിന്‍ഡീസിനായി ടി20യില്‍ ഹാട്രിക്ക് നേടുന്ന ആദ്യ ബൗളറാണ് ഹോള്‍ഡര്‍. ടി20 ചരിത്രത്തില്‍ തുടര്‍ച്ചയായി നാലു പന്തുകളില്‍ നാലു വിക്കറ്റെടുക്കുന്ന നാലാമത്തെ മാത്രം ബൗളറെന്ന നേട്ടവും ഇന്നലെ ഹോള്‍ഡര്‍ സ്വന്തമാക്കി. ശ്രീലങ്കന്‍ പേസര്‍ ലസിത് മലിംഗ, അയര്‍ലന്‍ഡിന്‍റെ കര്‍ട്ടിസ് കാംഫര്‍, അഫ്ഗാനിസ്ഥാന്‍റെ റാഷിദ് ഖാന്‍ എന്നിവരാണ് ഗോള്‍ഡര്‍ക്ക് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയവര്‍. അവസാന ഓവര്‍ എറിയാന്‍ വരുന്നതിന് മുമ്പ് രണ്ടോവറില്‍ 25 റണ്‍സ് വഴങ്ങിയി ഒരു വിക്കറ്റെടുത്തിരുന്ന ഹോള്‍ഡര്‍ അവസാന ഓവര്‍ പൂര്‍ത്തിയാക്കിയപ്പോള്‍ 2.5 ഓവറില്‍ 27 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയാണ് സ്പെല്‍ അവസാനിപ്പിച്ചത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ക്യാപ്റ്റന്‍ കീറോണ്‍ പൊള്ളാര്‍ഡ്(25 പന്തില്‍ 41*), റോവ്മാന്‍ പവല്‍(17 പന്തില്‍ 35*) കെയ്ല്‍ മേയേഴ്സ്(19 പന്തില്‍ 31), ബ്രാണ്ടന്‍ കിംഗ്(31 പന്തില്‍ 34) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്തത്. മറുപടി ബാറ്റിംഗില്‍ ജെയിംസ് വിന്‍സ്(35 പന്തില്‍ 55), സാം ബില്ലിംഗ്സ്(28 പന്തില്‍ 41) എന്നിവര്‍ മാത്രമെ ഇംഗ്ലണ്ടിനായി പൊരുതിയുള്ളു.