
ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസിന് എതിരായ ആദ്യ ടി20യില്‍(WI vs IND 1st T20I) ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം റിഷഭ് പന്തിനെയാണ് ഏവരും ഓപ്പണറായി പ്രതീക്ഷിച്ചത്. എന്നാല്‍ അവസാന നിമിഷ ട്വിസ്റ്റില്‍ ഹിറ്റ്‌മാനൊപ്പം സൂര്യകുമാര്‍ യാദവ്(Suryakumar Yadav) ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യാനെത്തി. ഏവരെയും അമ്പരപ്പിച്ച ഈ തീരുമാനത്തില്‍ ഒട്ടും സന്തുഷ്‌ടനല്ല ഇന്ത്യന്‍ മുന്‍താരം മുഹമ്മദ് കൈഫ്(Mohammad Kaif).
'എന്താണ് ടീം ചെയ്തത് എന്ന് എനിക്ക് മനസിലാകുന്നില്ല. രണ്ടുമൂന്ന് മത്സരങ്ങളില്‍ റിഷഭ് പന്തിനെ ഓപ്പണറാക്കിയെങ്കില്‍ ഇന്നും അവസരം നല്‍കണമായിരുന്നു. കുറഞ്ഞത് അഞ്ച് അവസരങ്ങളെങ്കിലും അദ്ദേഹത്തിന് നല്‍കൂ. അഞ്ചാറ് മത്സരത്തിലെങ്കിലും ഒരു താരത്തെ പിന്തുണയ്‌ക്കുന്നതാണ് പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്‍റെയും ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടേയും തന്ത്രം. എന്നാല്‍ ഇത് റിഷഭിന്‍റെ കാര്യത്തില്‍ നടക്കുന്നില്ല. മധ്യനിരയില്‍ ഇന്നിംഗ്‌സ് നിയന്ത്രിക്കുന്നതും ഫിനിഷിംഗുമാണ് സൂര്യകുമാറിന്‍റെ ചുമതല. കോലിയും രാഹുലും തിരിച്ചെത്തുമ്പോള്‍ നാലാം നമ്പറില്‍ സൂര്യകുമാര്‍ തുടരണം. റിഷഭിനെ പരീക്ഷിച്ചിട്ട് ഇപ്പോള്‍ എന്താണ് സംഭവിച്ചത് എന്നറിയില്ല. സത്യമായും എന്താണെന്ന് പിടുത്തംകിട്ടിയില്ല. ഇഷാന്‍ കിഷനും കാത്തിരിക്കുകയാണ്' എന്നും ഫാന്‍കോഡില്‍ മുഹമ്മദ് കൈഫ് പറഞ്ഞു.
രാജ്യാന്തര ടി20യില്‍ ഇന്ത്യക്കായി ആദ്യമായാണ് സൂര്യകുമാര്‍ യാദവ് ഓപ്പണറായത്. പതിവായി നാലാം നമ്പറിലിറങ്ങാറുള്ള സൂര്യ ഓപ്പണറായി 16 പന്തില്‍ മൂന്ന് ഫോറും ഒരു തകര്‍പ്പന്‍ സിക്സും പറത്തി 24 റണ്‍സെടുത്ത് മടങ്ങി. രോഹിത്-സൂര്യകുമാര്‍ സഖ്യം 28 പന്തില്‍ 44 റണ്‍സ് ചേര്‍ത്തു. അതേസമയം 12 പന്ത് നേരിട്ട റിഷഭ് പന്ത് 14 റണ്‍സില്‍ പുറത്തായി.
ബാറ്റിംഗ് പരീക്ഷണത്തിനിടയില്‍ 68 റണ്‍സിന്‍റെ വമ്പന്‍ ജയവുമായി ഇന്ത്യ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയില്‍ 1-0ന് മുന്നിലെത്തി. ഇന്ത്യ ഉയര്‍ത്തിയ 191 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസിന് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ഇന്ത്യക്കായി രവി ബിഷ്ണോയ്, രവി അശ്വിന്‍, അര്‍ഷ്‌ദീപ് സിംഗ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. സ്കോര്‍: ഇന്ത്യ 20 ഓവറില്‍ 190-6, വെസ്റ്റ് ഇന്‍ഡീസ് 20 ഓവറില്‍ 122-8. വിന്‍ഡീസ് ബാറ്റര്‍മാര്‍ക്ക് ആര്‍ക്കും ഇരുപതിനപ്പുറം കടക്കാനായില്ല. 20 റണ്‍സെടുത്ത ഓപ്പണര്‍ ഷമാര്‍ ബ്രൂക്ക്‌സാണ് ടോപ് സ്‌കോറര്‍. നായകന്‍ നിക്കോളാസ് പുരാന്‍ 18 റണ്‍സില്‍ പുറത്തായി.
നേരത്തെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുത്തു. 44 പന്തില്‍ 64 റണ്‍സടിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ശ്രേയസ് അയ്യര്‍ പൂജ്യത്തിലും ഹാര്‍ദിക് പാണ്ഡ്യ ഒന്നിലും രവീന്ദ്ര ജഡേജ 16ലും മടങ്ങി. അവസാന ഓവറുകളില്‍ ആര്‍ അശ്വിനെ കൂട്ടുപിടിച്ച് ദിനേശ് കാര്‍ത്തിക് നടത്തിയ ഫിനിഷിംഗ് ഇന്ത്യയെ 190 റണ്‍സിലെത്തിക്കുകയായിരുന്നു. കാര്‍ത്തിക് 19 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം പുറത്താകാതെ 41 റണ്‍സെടുത്തു. അശ്വിന്‍ 10 പന്തില്‍ 13* റണ്‍സും. വിന്‍ഡീസിനായി പേസര്‍ അല്‍സാരി ജോസഫ് രണ്ട് വിക്കറ്റെടുത്തു.
രോഹിത്തിനൊപ്പം ഓപ്പണറായി സൂര്യകുമാര്‍, ദ്രാവിഡിനെ പൊരിച്ച് ആരാധകര്‍