
ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസിന് എതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍(WI vs IND 1st T20I) ഇന്ത്യ 68 റണ്‍സിന്‍റെ വമ്പന്‍ ജയമാണ് നേടിയത്. രോഹിത് ശര്‍മ്മയുടേയും ദിനേശ് കാര്‍ത്തിക്കിന്‍റേയും(Dinesh Karthik) ബാറ്റിംഗ് പ്രകടനത്തിന് പിന്നാലെ അച്ചടക്കത്തോടെ ഇന്ത്യന്‍ ബൗളര്‍മാര്‍ പന്തെറിഞ്ഞതാണ് വിജയം സമ്മാനിച്ചത്. ബാറ്റിംഗിലും ബൗളിംഗിലും ഇന്ത്യന്‍(Indian National Cricket Team) മേധാവിത്വം കണ്ട മത്സരത്തില്‍ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് അവസാന ഓവറുകളിലെ വെടിക്കെട്ടുമായി ഡികെയാണ്(DK).
ഹിറ്റ്‌മാന്‍ തുടങ്ങി, ടോപ് ഗിയറിലാക്കി ഡികെ
ഓപ്പണറും നായകനുമായ രോഹിത് ശര്‍മ്മ 44 പന്തില്‍ 64 റണ്‍സുമായി മുന്നില്‍ നിന്ന് നയിച്ചിട്ടും ഇന്ത്യന്‍ മധ്യനിരയില്‍ നിന്ന് കാര്യമായ സംഭാവനയുണ്ടായിരുന്നില്ല. എന്നാല്‍ 150നടുത്ത് സ്‌കോര്‍ മാത്രം പ്രതീക്ഷിച്ച മത്സരത്തില്‍ ഇന്ത്യന്‍ സ്‌കോര്‍ 190ലെത്തിച്ച് അവസാന ഓവറുകളിലെ വെടിക്കെട്ടുമായി ദിനേശ് കാര്‍ത്തിക് ഇന്ത്യന്‍ സ്‌കോര്‍ സുരക്ഷിതമാക്കുകയായിരുന്നു. റിഷഭ് പന്തും ഹാര്‍ദിക് പാണ്ഡ്യയുമടക്കമുള്ള പേരുകേട്ട കൂറ്റനടിക്കാര്‍ക്ക് പിഴച്ചപ്പോള്‍ ഏഴാമനായി ക്രീസിലെത്തി 19 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം 215.79 സ്‌ട്രൈക്ക് റേറ്റില്‍ പുറത്താകാതെ 41 റണ്‍സാണ് ഡികെ പേരിലാക്കിയത്. ഹിറ്റ്‌മാന്‍ ഫിഫ്റ്റിയും മൂന്ന് ബൗളര്‍മാര്‍ രണ്ടുവീതവും വിക്കറ്റ് നേടിയിട്ടും ഇന്ത്യന്‍ ഇന്നിംഗ്‌സ് ടോപ് ഗിയറിലാക്കിയതിനാല്‍ ദിനേശ് കാര്‍ത്തിക് കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. ടി20 ചരിത്രത്തിലെ മികച്ച ഫിനിഷിംഗുകളിലൊന്നാണ് ഡികെയുടെ ബാറ്റില്‍ വിരിഞ്ഞത്. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ തന്‍റെ ടിക്കറ്റ് സുരക്ഷിതമാക്കുകയും ചെയ്തു 37കാരനായ താരം.
ട്രിനിഡാഡില്‍ 68 റണ്‍സിന്‍റെ വമ്പന്‍ ജയവുമായി ഇന്ത്യ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയില്‍ 1-0ന് മുന്നിലെത്തി. ഇന്ത്യ ഉയര്‍ത്തിയ 191 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസിന് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ഇന്ത്യക്കായി രവി ബിഷ്ണോയ്, രവി അശ്വിന്‍, അര്‍ഷ്‌ദീപ് സിംഗ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. സ്കോര്‍: ഇന്ത്യ 20 ഓവറില്‍ 190-6, വെസ്റ്റ് ഇന്‍ഡീസ് 20 ഓവറില്‍ 122-8. വിന്‍ഡീസ് ബാറ്റര്‍മാര്‍ക്ക് ആര്‍ക്കും ഇരുപതിനപ്പുറം കടക്കാനായില്ല. 20 റണ്‍സെടുത്ത ഓപ്പണര്‍ ഷമാര്‍ ബ്രൂക്ക്‌സാണ് ടോപ് സ്‌കോറര്‍. നായകന്‍ നിക്കോളാസ് പുരാന്‍ 18 റണ്‍സില്‍ പുറത്തായി.