WI vs IND : ആറ് വിക്കറ്റ് കൊണ്ടൊരു ആറാട്ട്; ഇന്ത്യക്കെതിരെ റെക്കോര്‍ഡിട്ട് ഒബെദ് മക്കോയി

Published : Aug 02, 2022, 08:37 AM ISTUpdated : Aug 02, 2022, 08:43 AM IST
WI vs IND : ആറ് വിക്കറ്റ് കൊണ്ടൊരു ആറാട്ട്; ഇന്ത്യക്കെതിരെ റെക്കോര്‍ഡിട്ട് ഒബെദ് മക്കോയി

Synopsis

രോഹിത് ശര്‍മ്മയെ ഇന്നിംഗ്‌സിലെ ആദ്യ പന്തില്‍ പുറത്താക്കി തുടങ്ങിയ മക്കോയി പിന്നാലെ സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ദിനേശ് കാര്‍ത്തിക്, രവിചന്ദ്ര അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവരെയും പറഞ്ഞയച്ചു

വാര്‍ണര്‍ പാര്‍ക്ക്: ബാറ്റര്‍മാരുടെ പറുദീസ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ടി20 ക്രിക്കറ്റില്‍ ബൗളര്‍മാരുടെ നാല് വിക്കറ്റ് പ്രകടനങ്ങള്‍ തന്നെ അപൂര്‍വമാണ്. അങ്ങനെയൊരു സാഹചര്യത്തില്‍ രാജ്യാന്തര ടി20യില്‍ ഇന്ത്യ പോലൊരു ടീമിന്‍റെ ആറ് വിക്കറ്റുകള്‍ ഒരിന്നിംഗ്‌സില്‍ ബൗളര്‍ കൊയ്‌തു എന്നുപറഞ്ഞാല്‍ അതൊരു സംഭവം തന്നെയാണ്. ഇന്ത്യക്ക് എതിരായ രണ്ടാം ടി20യിലാണ്(WI vs IND 2nd T20I) വിന്‍ഡീസ് പേസര്‍ ഒബെദ് മക്കോയി(Obed McCoy) ആറ് വിക്കറ്റുമായി ചരിത്രമെഴുതിയത്. 

മക്കോയിയുടെ വി‌സ്‌മയ പ്രകടനത്തിന് മുന്നില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 19.4 ഓവറില്‍ 138 റണ്‍സില്‍ പുറത്താവുകയായിരുന്നു. നാല് ഓവറില്‍ 17 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് മക്കോയിയുടെ ആറ് വിക്കറ്റ് നേട്ടം. ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയെ ഇന്നിംഗ്‌സിലെ ആദ്യ പന്തില്‍ പുറത്താക്കി തുടങ്ങിയ മക്കോയി പിന്നാലെ സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ദിനേശ് കാര്‍ത്തിക്, രവിചന്ദ്ര അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവരെയും പറഞ്ഞയച്ചു. 

രാജ്യാന്തര ടി20യില്‍ ഒരിന്നിംഗ്‌സില്‍ വിന്‍ഡീസ് ബൗളറുടെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനത്തിന്‍റെ റെക്കോര്‍ഡ് ഇതോടെ മക്കോയിക്ക് സ്വന്തമായി. ആദ്യമായാണ് ഒരു വിന്‍ഡീസ് താരം ആറ് വിക്കറ്റ് രാജ്യാന്തര ടി20യില്‍ വീഴ്‌ത്തുന്നത്. 2018ല്‍ ബംഗ്ലാദേശിനെതിരെ 15 റണ്‍സിന് അഞ്ച് വിക്കറ്റ് നേടിയ കീമോ പോളിന്‍റെ പേരിലായിരുന്നു ഈ ഫോര്‍മാറ്റില്‍ ഇതുവരെ വീന്‍ഡീസ് ബൗളറുടെ മികച്ച ബൗളിംഗ് പ്രകടനത്തിന്‍റെ റെക്കോര്‍ഡ്. ഡാരന്‍ സമി, ജേസന്‍ ഹോള്‍ഡര്‍, ഷെയ്‌ന്‍ തോമസ് എന്നിവരും അഞ്ച് വിക്കറ്റ് നേട്ടം മുമ്പ് പേരിലാക്കിയിട്ടുണ്ട്. 

മക്കോയി ഇന്ത്യയെ വീഴ്‌ത്തി

രണ്ടാം ടി20 അഞ്ച് വിക്കറ്റിന് ജയിച്ച് ആതിഥേയരായ വിൻഡീസ് പരമ്പരയിൽ ഒപ്പമെത്തി. സ്കോർ: ഇന്ത്യ- 19.4 ഓവറിൽ 138. വിൻഡീസ്- 19.2 ഓവറിൽ 141/5. 52 പന്തിൽ 68 റൺസെടുത്ത ഓപ്പണർ ബ്രെൻഡൻ കിങ്ങും 19 പന്തിൽ 31 റൺസെടുത്ത ഡോവോൻ തോമസുമാണ് വിൻഡീസിനെ ജയിപ്പിച്ചത്. അവസാന ഓവറിൽ തകർത്തടിച്ച തോമസിന്റെ ഇന്നിംഗ്‌സ് നിർണായകമായി. അർഷ്ദീപ് സിംഗ്, രവീന്ദ്ര ജഡേജ, ആ‍ര്‍ അശ്വിൻ, ഹാർദിക് പാണ്ഡ്യ, ആവേശ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി. തന്‍റെ അവസാന പന്തിലാണ് മക്കോയി ആറ് വിക്കറ്റ് തികച്ചത്. 

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 19.4 ഓവറിൽ 138 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. 31 റൺസെടുത്ത ഹാർദിക് പാണ്ഡ്യയും 27 റൺസെടുത്ത രവീന്ദ്ര ജഡേജയും 24 റൺസെടുത്ത റിഷഭ് പന്തുമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. ക്യാപ്റ്റൻ രോഹിത് ശർമ്മ പൂജ്യത്തിന് പുറത്തായി. ഇന്ത്യ ഒരിക്കൽ പോലും മത്സരത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീതിയുണ്ടായില്ല. സൂര്യകുമാർ യാദവ്(11), ശ്രേയസ് അയ്യർ(10), ദിനേഷ് കാർത്തിക്(7) എന്നിവർ നിരാശപ്പെടുത്തി. രവിചന്ദ്ര അശ്വിൻ 10 റൺസെടുത്തു. വിൻഡീസിന് വേണ്ടി മക്കോയിയുടെ ആറിന് പുറമെ ജേസൻ ഹോൾഡർ രണ്ടും അൽസാരി ജോസഫ്, അക്കീൽ ഹൊസെയ്ൻ എന്നിവർ ഓരോ വിക്കറ്റും നേടി. 

WI vs IND : സഹതാരങ്ങള്‍ ബഹുദൂരം പിന്നില്‍; ഇതിലും നാണംകെട്ട റെക്കോര്‍ഡ് രോഹിത് ശര്‍മ്മയ്ക്ക് വരാനില്ല

 

PREV
click me!

Recommended Stories

ഇംഗ്ലണ്ടിനെ ബാസ്ബോള്‍ പഠിപ്പിച്ച് ഓസ്ട്രേലിയ, ബ്രിസ്ബേൻ ടെസ്റ്റില്‍ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ്
'അവന്‍റെ ഭാവി തീരുമാനമായി, ഇത്തവണയും ലോകകപ്പ് ഭാഗ്യമുണ്ടാകില്ല', ഇന്ത്യൻ താരത്തെക്കുറിച്ച് ഇര്‍ഫാന്‍ പത്താന്‍