ലോകത്തെ ഏത് സ്റ്റേഡിയവും സഞ്ജുവിന് സമമാണ്; മലയാളിതാരം കളിക്കുമെന്ന് പറഞ്ഞതും ഫ്ലോറിഡയിലും ഇളകിമറിഞ്ഞ് ഗാലറി

Published : Aug 07, 2022, 10:41 AM ISTUpdated : Aug 07, 2022, 10:45 AM IST
ലോകത്തെ ഏത് സ്റ്റേഡിയവും സഞ്ജുവിന് സമമാണ്; മലയാളിതാരം കളിക്കുമെന്ന് പറഞ്ഞതും ഫ്ലോറിഡയിലും ഇളകിമറിഞ്ഞ് ഗാലറി

Synopsis

പവര്‍ കാട്ടി അമേരിക്കന്‍ മലയാളികള്‍, സഞ്ജു സാംസണിന്‍റെ പേര് പറഞ്ഞതും രോഹിത് ശര്‍മ്മയെ പോലും അമ്പരപ്പിച്ച് അലതല്ലി ആരാധകരുടെ ആവേശം... 

ഫ്ലോറിഡ: സഞ്ജു സാംസണ്‍(Sanju Samson) കളിക്കുമെന്ന് അയര്‍ലന്‍ഡിന് എതിരായ ടി20 പരമ്പരയില്‍ ടോസ് വേളയില്‍ ഇന്ത്യന്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ പറഞ്ഞതും ആരാധകര്‍ ആവേശത്താല്‍ ഇരമ്പിയത് വൈറലായിരുന്നു. സമാനമായി വെസ്റ്റ് ഇന്‍ഡീസിന് എതിരായ നാലാം ടി20യിലും(WI vs IND 4th T20I) ടോസ് സമയത്ത് രോഹിത് ശര്‍മ്മ, സഞ്ജു കളിക്കുന്ന കാര്യം അറിയിച്ചപ്പോഴും ഗാലറി ഇളകിമറിഞ്ഞു. സഞ്ജു... സഞ്ജു... വിളികളോടെയായിരുന്നു ഫ്ലോറിഡയില്‍ ആരാധകരുടെ ആഘോഷം. 

'ഞങ്ങളുടെ ടീമില്‍ മൂന്ന് മാറ്റങ്ങളുണ്ട് ടീമില്‍, രവി ബിഷ്‌ണോയി, അക്‌സര്‍ പട്ടേല്‍, സഞ്ജു സാംസണ്‍' എന്നിവര്‍ കളിക്കുന്നു... ടോസിന് ശേഷം പ്ലേയിംഗ് ഇലവനില്‍ സഞ്ജുവിന്‍റെ പേര് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ പറഞ്ഞതേ ഓര്‍മ്മയുള്ളൂ. പിന്നെയെല്ലാം സ്റ്റേഡിയത്തിലെ ആരാധകരുടെ ആവേശത്തില്‍ മുങ്ങിപ്പോയി. ആരാധകരുടെ ആഘോഷം കേട്ടിട്ട് തന്‍റെ വാക്കുകള്‍ പൂര്‍ത്തിയാക്കാന്‍ പോലും രോഹിത്തിനായില്ല. ഒരു നിമിഷം സംസാരം നിര്‍ത്തിവച്ച് ആഘോഷത്തിനൊപ്പം ഹിറ്റ്‌മാനും പങ്കുചേര്‍ന്നു. സഞ്ജുവിനോടുള്ള ആരാധകസ്‌നേഹം ഹിറ്റ്‌മാന്‍റെ മുഖത്ത് വിരിഞ്ഞ പുഞ്ചിരിയിലുണ്ടായിരുന്നു. സഞ്ജുവിന് അമേരിക്കയിലും ഇത്ര ആരാധകരോ എന്ന അത്ഭുതത്തോടെ ഒരു ആരാധകന്‍ ട്വിറ്ററില്‍ ഇതിന്‍റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. 

ഫ്ലോറിഡയില്‍ തന്നെ നടന്ന നാലാം ടി20യില്‍ 59 റണ്‍സിന്‍റെ ജയവുമായി ഇന്ത്യ പരമ്പര സ്വന്തമാക്കിയപ്പോള്‍ ബാറ്റിംഗിലും ഫീല്‍ഡിംഗിലും സഞ്ജു മികവ് കാട്ടി. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്തപ്പോള്‍ സഞ്ജുവിന്‍റെ 23 പന്തില്‍ പുറത്താകാതെ 30* റണ്‍സ് നിര്‍ണായകമായി. രോഹിത് ശര്‍മ്മ(33), സൂര്യകുമാര്‍ യാദവ്(24), റിഷഭ് പന്ത്(44), അക്സര്‍ പട്ടേല്‍ 8 പന്തില്‍ പുറത്താകാതെ 20* എന്നിവരും തിളങ്ങി. ഓപ്പണിംഗ് വിക്കറ്റില്‍ രോഹിത്തും സൂര്യയും 4.4 ഓവറില്‍ 53 റണ്‍സ് ചേര്‍ത്തതും നിര്‍ണായകമായി. 

ഇന്ത്യ മുന്നോട്ടുവെച്ച 192 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസ് 19.1 ഓവറില്‍ 132 റണ്‍സിന് എല്ലാവരും പുറത്തായി. 24 റണ്‍സ് വീതമെടുത്ത ക്യാപ്റ്റന്‍ നിക്കോളാസ് പുരാനും റൊവ്മാന്‍ പവലുമാണ് വിന്‍ഡീസിന്‍റെ ടോപ് സ്കോറര്‍മാര്‍. അതേസമയം പരമ്പരയിലെ മികച്ച ഫോം തുടര്‍ന്നു അര്‍ഷ്‌ദീപ് സിംഗ്. അര്‍ഷ്‌ദീപ് സിംഗ് 3.1 ഓവറില്‍ 12 റണ്‍സിന് മൂന്ന് വിക്കറ്റ് നേടി. ആവേശ് ഖാനും അക്‌സര്‍ പട്ടേലും രവി ബിഷ്‌ണോയിയും രണ്ട് വിക്കറ്റ് വീതം നേടി. ഏഷ്യാ കപ്പ് സ്‌ക്വാഡിനെ പ്രഖ്യാപിക്കുമ്പോള്‍ അര്‍ഷ്‌ദീപിനെ തഴയാന്‍ സെലക്‌ടര്‍മാര്‍ക്കാവില്ല. ഫീല്‍ഡില്‍ ജേസന്‍ ഹോള്‍ഡറുടെ ക്യാച്ചും നിക്കോളാസ് പുരാന്‍റെ റണ്ണൗട്ടുമായും സഞ്ജു തിളങ്ങി. 

WI vs IND : ഫ്ലോറിഡയില്‍ കൊടുങ്കാറ്റാവാന്‍ സഞ്ജു, ഇലവനില്‍ തുടരും; അഞ്ചാം ടി20 ഇന്ന്

PREV
Read more Articles on
click me!

Recommended Stories

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് ടോസ്, ടീമില്‍ മാറ്റം; വാഷിംഗ്ടണ്‍ സുന്ദര്‍ പുറത്ത്
നേരിട്ടത് 409 പന്തുകള്‍! വീഴാതെ പ്രതിരോധിച്ച് ഗ്രീവ്‌സ്-റോച്ച് സഖ്യം; ന്യൂസിലന്‍ഡിനെതിരെ വിജയതുല്യമായ സമനില