WI vs IND : തോല്‍വിക്കൊപ്പം വിന്‍ഡീസിന് കനത്ത പ്രഹരം; ജേസന്‍ ഹോള്‍ഡറിന് പരമ്പരയാകെ നഷ്‌ടമാകും- റിപ്പോര്‍ട്ട്

By Jomit JoseFirst Published Jul 23, 2022, 4:00 PM IST
Highlights

പന്തും ബോളും കൊണ്ട് മത്സരഫലത്തെ സ്വാധീനിക്കാന്‍ കഴിവുള്ള ഓള്‍റൗണ്ടറാണ് മുന്‍ നായകന്‍ കൂടിയായ ജേസന്‍ ഹോള്‍ഡര്‍

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ഇന്ത്യക്കെതിരായ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം(WI vs IND 1st ODI) തോറ്റതിന് പിന്നാലെ വിന്‍ഡീസിന് വന്‍ തിരിച്ചടി. കൊവിഡ് ബാധിതനായ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ജേസന്‍ ഹോള്‍ഡറിന്(Jason Holder) പരമ്പരയിലെ മൂന്ന് ഏകദിനങ്ങളും നഷ്‌ടമായേക്കും എന്നാണ് റിപ്പോര്‍ട്ട്. ബംഗ്ലാദേശിനെതിരായ ടെസ്റ്റുകളിലും ഏകദിനങ്ങളിലും ടി20കളിലും വിശ്രമത്തിലായിരുന്ന ഹോള്‍ഡറിന്‍റെ തിരിച്ചുവരവ് ഇതോടെ വൈകിയേക്കും. 

പന്തും ബോളും കൊണ്ട് മത്സരഫലത്തെ സ്വാധീനിക്കാന്‍ കഴിവുള്ള ഓള്‍റൗണ്ടറാണ് മുന്‍ നായകന്‍ കൂടിയായ ജേസന്‍ ഹോള്‍ഡര്‍. ഇതിനൊപ്പം ഫീല്‍ഡിംഗിലും ഹോള്‍ഡര്‍ ടീമിന്‍റെ വിശ്വസ്‌തനാണ്. മുപ്പതുകാരനായ ജേസന്‍ ഹോള്‍ഡര്‍ വിന്‍ഡീസ് കുപ്പായത്തില്‍ 127 ഏകദിനങ്ങള്‍ കളിച്ചിട്ടുണ്ട്. 11 അര്‍ധ സെഞ്ചുറികളോടെ 2019 റണ്‍സും 146 വിക്കറ്റുമാണ് സമ്പാദ്യം. 27 റണ്ണിന് അഞ്ച് വിക്കറ്റ് വീഴ്‌ത്തിയതാണ് മികച്ച പ്രകടനം. ഇതിന് പുറമെ 56 ടെസ്റ്റുകളും 37 രാജ്യാന്തര ടി20കളും കളിച്ചിട്ടുണ്ട്. 

ഹോള്‍ഡര്‍ കൊവിഡ് ബാധിതനാണെന്നും മൈതാനത്തിറങ്ങില്ലെന്നും ആദ്യ ഏകദിനത്തിലെ ടോസ് വേളയില്‍ വിന്‍ഡീസ് നായകന്‍ നിക്കോളാസ് പുരാന്‍ അറിയിക്കുകയായിരുന്നു. ഇതോടെ ബംഗ്ലാദേശിനെതിരെ ഇറങ്ങിയ അതേ ടീമിനെ വിന്‍ഡീസ് അണിനിരത്തുകയായിരുന്നു. 

ഇന്ത്യക്ക് മൂന്ന് റണ്‍സ് ജയം 

ക്വീന്‍സ് പാര്‍ക്ക് ഓവലില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 305 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. രണ്ട് വിക്കറ്റ് വീതം നേടിയ യുസ്‌വേന്ദ്ര ചാഹല്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ് എന്നിവര്‍ ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങി. 75 റണ്‍സ് നേടിയ കെയ്ല്‍ മയേര്‍സാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. ബ്രന്‍ഡണ്‍ കിംഗ്(54), ഷംറ ബ്രൂക്സ്(46), റൊമാരിയോ ഷെഫേര്‍ഡ് (39), അകെയ്ല്‍ ഹൊസീന്‍ (32) എന്നിവരാണ് വിന്‍ഡീസ് നിരയില്‍ തിളങ്ങിയത്. 

നേരത്തെ ശിഖര്‍ ധവാന്‍(97), ശുഭ്മാന്‍ ഗില്‍(64), ശ്രേയസ് അയ്യര്‍(54) എന്നിവരുടെ ഇന്നിംഗ്സാണ് ഇന്ത്യക്ക് തുണയായത്. 12 റണ്‍സ് മാത്രമെടുത്ത സഞ്ജു സാംസണെ കൂടാതെ സൂര്യകുമാര്‍ യാദവും(13) നിരാശപ്പെടുത്തി. ദീപക് ഹൂഡ (27), അക്സര്‍ പട്ടേല്‍ (21) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. എന്നാല്‍ അവസാന ഓവറിലെ മാച്ച് വിന്നിംഗ്‌ സേവുമായി സഞ്ജു വിക്കറ്റിന് പിന്നില്‍ ഏവരുടേയും കയ്യടി വാങ്ങി. 

വിന്‍ഡീസിനും വിജയത്തിനുമിടയില്‍ ഇന്ത്യയുടെ കാവലാളായത് സഞ്ജുവിന്റെ സേവ്; പിന്തുണച്ച് മന്ത്രി ശിവന്‍കുട്ടി

click me!