വിന്‍ഡീസിനും വിജയത്തിനുമിടയില്‍ ഇന്ത്യയുടെ കാവലാളായത് സഞ്ജുവിന്റെ സേവ്; പിന്തുണച്ച് മന്ത്രി ശിവന്‍കുട്ടി

By Web TeamFirst Published Jul 23, 2022, 12:22 PM IST
Highlights

ഫേസ്ബുക്കിലാണ് ശിവന്‍കുട്ടി അഭിപ്രായം വ്യക്തമാക്കിയത്. 'സഞ്ജുവിന്റെ സേവ് = ഇന്ത്യയുടെ വിജയം' എന്നെഴുതിയ കാര്‍ഡ് പങ്കുവച്ചാണ് അദ്ദേഹം പിന്തുണ അറിയിച്ചത്.

തിരുവനന്തപുരം: വെസ്റ്റ് ഇന്‍ഡീസിനെതിരായ (WI vs IND) ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് വിജയം സമ്മാനിക്കുന്നതില്‍ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിന് (Sanju Samson) വലിയ പങ്കുണ്ടായിരുന്നു. അവസാന ഓവറില്‍ നടത്തിയ രക്ഷപ്പെടുത്തലാണ് വിജയം സമ്മാനിച്ചത്. ഫോറെന്നുറച്ച പന്താണ് സഞ്ജു തടഞ്ഞുനിര്‍ത്തിയത്. അത് ബൗണ്ടറിയായിരുന്നെങ്കില്‍ വൈഡുള്‍പ്പെടെ വിന്‍ഡീസിന് അഞ്ച് റണ്‍ ലഭിക്കുമായിരുന്നു. പിന്നീട് ജയിക്കാന്‍ അവസാന രണ്ട് പന്തില്‍ രണ്ട് മാത്രം മതിയാകുമായിരുന്നു. എന്നാല്‍ സഞ്ജു രക്ഷകനായി.

സഞ്ജുവിന്റെ സേവാണ് ഇന്ത്യയെ രക്ഷപ്പെടുത്തിയതെന്ന് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്രയും (Aakash Chopra) അഭിപ്രായപ്പെട്ടിരുന്നു. അദ്ദേഹം ട്വിറ്ററില്‍ പറഞ്ഞതിങ്ങനെ... ''സഞ്ജു സാംസണിന്റെ രക്ഷപ്പെടുത്തലായിരുന്നു മത്സരത്തിലെ പ്രധാന വ്യത്യാസം. നൂറ് ശതമാനം ബൗണ്ടറിയെന്ന് ഉറപ്പിച്ചിരുന്നു. മാത്രമല്ല, പന്ത് ഫോറായിരുന്നെങ്കില്‍ മത്സരം വിന്‍ഡീസ് സ്വന്തമാക്കുമായിരുന്നു.'' ചോപ്ര കുറിച്ചിട്ടു. ഇപ്പോള്‍ സഞ്ജുവിന്റെ കീപ്പിംഗിനെ കുറിച്ച് സംസാരിക്കുകയാണ് കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. 

ലജ്ജാവതിയേ നിന്റെ കള്ളക്കടക്കണ്ണില്‍, ധവാന്റെ ബൗണ്ടറിക്ക് പിന്നാലെ സ്റ്റേഡിയത്തില്‍ മലയാള ഗാനം- വൈറല്‍ വീഡിയോ

ഫേസ്ബുക്കിലാണ് ശിവന്‍കുട്ടി അഭിപ്രായം വ്യക്തമാക്കിയത്. 'സഞ്ജുവിന്റെ സേവ് = ഇന്ത്യയുടെ വിജയം' എന്നെഴുതിയ കാര്‍ഡ് പങ്കുവച്ചാണ് അദ്ദേഹം പിന്തുണ അറിയിച്ചത്. ''ഒന്നാം ഏകദിനത്തില്‍ വെസ്റ്റിന്‍ഡീസിനും വിജയത്തിനുമിടയില്‍ ഇന്ത്യയുടെ കാവലാളായത് നമ്മുടെ സഞ്ജു സാംസണ്‍.'' എന്ന കുറിപ്പും അതിനൊപ്പമുണ്ടായിരുന്നു. പോസ്റ്റ് കാണാം..

അതേസമയം സഞ്ജുവിന് ബാറ്റിംഗില്‍ തിളങ്ങാന്‍ സാധിച്ചിരുന്നില്ല. അഞ്ചാമനായി ക്രീസിലെത്തിയ സഞ്ജുവിന് 18 പന്തില്‍ 12 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. എങ്കിലും മത്സരത്തില്‍ ഇന്ത്യക്ക് ജയിക്കാനായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 305 റണ്‍സ് നേടി. രണ്ട് വിക്കറ്റ് വീതം നേടിയ യൂസ്വേന്ദ്ര ചാഹല്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ് (ങീവമാാലറ ടശൃമഷ) എന്നിവര്‍ ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങി.

വിന്‍ഡീസിനെതിരെ ഇന്ത്യയെ തോല്‍വിയില്‍ നിന്ന് രക്ഷിച്ച സഞ്ജുവിന്‍റെ മിന്നല്‍ സേവ്-വീഡിയോ

75 റണ്‍സ് നേടിയ കെയ്ല്‍ മയേര്‍സാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. ബ്രന്‍ഡണ്‍ കിംഗ്് (54), ഷംറ ബ്രൂക്സ് (46), ഷെഫേര്‍ഡ് (39), അകെയ്ല്‍ ഹൊസീന്‍ (32) എന്നിവരാണ് വിന്‍ഡീസ് നിരയില്‍ തിളങ്ങിയത്. നേരത്തെ ശിഖര്‍ ധവാന്‍ (97), ശുഭ്മാന്‍ ഗില്‍ (64), ശ്രേയസ് അയ്യര്‍ (54) എന്നിവരുടെ ഇന്നിംഗ്സാണ് ഇന്ത്യക്ക് തുണയായത്. 

സഞ്ജുവിനെ കൂടാതെ സൂര്യകുമാര്‍ യാദവ് (13) എന്നിവര്‍ നിരാശപ്പെടുത്തി. ദീപക് ഹൂഡ (27), അക്സര്‍ പട്ടേല്‍ (21) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.

click me!