പാക് ടീമില്‍ തിരിച്ചെത്താന്‍ ഉപാധിവെച്ച് മുഹമ്മദ് ആമിര്‍

By Web TeamFirst Published Jan 18, 2021, 10:46 PM IST
Highlights

മിസ്ബയുടെ നേതൃത്വത്തിലുള്ള പാക്കിസ്ഥാന്‍ ടീമിന്‍റെ നിലവിലെ സപ്പോര്‍ട്ട് സ്റ്റാഫും ടീം മാനേജ്മെന്‍റും മാറിയാല്‍ പാക്കിസ്ഥാനുവേണ്ടി കളിക്കാന്‍ തയാറാണെന്നും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കേണ്ടന്നും ആമിര്‍ ട്വീറ്റ് ചെയ്തു.

കറാച്ചി: പരീശീലക സ്ഥാനത്തുനിന്ന് മിസ്ബ ഉള്‍ ഹഖും സംഘവും മാറിയാല്‍ വീണ്ടും പാക്കിസ്ഥാനുവേണ്ടി കളിക്കാന്‍ തയാറാണെന്ന് പാക് പേസര്‍ മുഹമ്മദ് ആമിര്‍. കഴിഞ്ഞ മാസമാണ് രാജ്യന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് 28കാരനായ ആമിര്‍ ആരാധകരെ ഞെട്ടിച്ചത്. ടെസ്റ്റില്‍ നിന്ന് നേരത്തെ വിരമിച്ച ആമിര്‍ ഏകദിനത്തിലും ടി20യിലും മാത്രമായിരുന്നു പാക്കിസ്ഥാനുവേണ്ടി കളിച്ചിരുന്നത്.

തിരിച്ചുവരവിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് തന്‍റെ നിലപാട് വ്യക്തമാക്കി ആമിര്‍ ട്വിറ്ററില്‍ രംഗത്തെത്തിയത്. മിസ്ബയുടെ നേതൃത്വത്തിലുള്ള പാക്കിസ്ഥാന്‍ ടീമിന്‍റെ നിലവിലെ സപ്പോര്‍ട്ട് സ്റ്റാഫും ടീം മാനേജ്മെന്‍റും മാറിയാല്‍ പാക്കിസ്ഥാനുവേണ്ടി വീണ്ടും കളിക്കാന്‍ തയാറാണെന്നും തന്‍റെ തിരിച്ചുവരവിനെക്കുറിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കേണ്ടന്നും ആമിര്‍ ട്വീറ്റ് ചെയ്തു.

I would like to clarify that yes I will be available for Pakistan only once this management leaves. so please stop spreading fake news just to sell your story.

— Mohammad Amir (@iamamirofficial)

പാക് ടീമിന്‍റെ ഡ്രസ്സിംഗ് റൂമിലെ അന്തരീക്ഷം മാറേണ്ടത് അനിവാര്യമാണെന്ന് ആമിര്‍ പോയവാരം പറഞ്ഞിരുന്നു. കളിക്കാര്‍ക്ക് കുറച്ചുകൂടി സ്വാതന്ത്ര്യം നല്‍കണമെന്നും ആമിര്‍ ആവശ്യപ്പെട്ടിരുന്നു. ഒത്തുകളി വിവാദത്തില്‍ 2010 മുതല്‍ 2015വരെ അഞ്ച് വര്‍ഷ വിലക്ക് നേരിട്ട ആമിര്‍ പിന്നീട് ക്രിക്കറ്റില്‍ തിരിച്ചെത്തിയശേഷം പാക്കിസ്ഥാന്‍റെ ബൗളിംഗ് കുന്തമുനയായിരുന്നു.

എന്നാല്‍ പരിമിത ഓവര്‍ മത്സരങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കാനായി 2019ല്‍ ടെസ്റ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ആമിര്‍ കഴിഞ്ഞ മാസം ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള പാക് ടീമില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെയാണ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് പൊടുന്നനെ വിരമിക്കല്‍ പ്രഖ്യാപിച്ചത്.

click me!