
മുംബൈ: ടി20 ലോകകപ്പിന്‍റെ രണ്ടാം സെമിയിൽ നാളെ മുംബൈയിലെ വാംഖഡേ സ്റ്റേഡിയത്തില്‍ ഇന്ത്യയും ഇംഗ്ലണ്ടും നേർക്കുനേർ വരും. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ എല്ലാ മത്സരങ്ങളും ജയിച്ചാണ് സൂപ്പര്‍ 8ല്‍ എത്തിയതെങ്കില്‍ ഇംഗ്ലണ്ട് വെസ്റ്റ് ഇന്‍ഡീസിനോട് തോറ്റും നേപ്പാളിനോട് വിറച്ച് ജയിച്ചുമാണ് സൂപ്പര്‍ 8ല്‍ എത്തിയത്. സൂപ്പര്‍ 8ല്‍ ഇന്ത്യ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് അടിയറവ് പറഞ്ഞപ്പോള്‍ സിംബാബ്‌വെയെയും വെസ്റ്റ് ഇന്‍ഡീസിനെയും തോല്‍പ്പിച്ചാണ് സെമിയിലെത്തിയത്. ഇംഗ്ലണ്ടാകട്ടെ ഗ്രൂപ്പ് ഘട്ടത്തിലെ നിറം മങ്ങിയ പ്രകടനമെല്ലാം മറന്ന് സൂപ്പര്‍ 8ല്‍ സമ്പൂര്‍ണ ജയവുമായാണ് സെമിയിലെത്തിയത്. സൂപ്പര്‍ 8ല്‍ പാകിസ്ഥാനെയും ന്യൂസിലന്‍ഡിനെയും ശ്രീലങ്കയെയും തകര്‍ത്താണ് ഇംഗ്ലണ്ടിന്‍റെ സെമി പ്രവേശം.
സൂപ്പർ 8 ഘട്ടത്തിൽ നിന്ന് വ്യത്യസ്തമായി, സെമി ഫൈനലുകൾക്കും ഫൈനലിനും ഐസിസി റിസർവ് ഡേ അനുവദിച്ചിട്ടുണ്ട്. മഴയോ മറ്റേതെങ്കിലും കാരണങ്ങളാലോ നാലെ നടക്കേണ്ട ഇന്ത്യ-ഇംഗ്ലണ്ട് സെമി നിശ്ചിത സമയത്ത് പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ ആദ്യം അധികമായി അനുവദിച്ചിട്ടുള്ള 90 മിനിറ്റ് ഉപയോഗിച്ച് മത്സരം പൂർത്തിയാക്കാൻ ശ്രമിക്കും. എന്നിട്ടും മത്സരം പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കിൽ മത്സരം തൊട്ടടുത്ത ദിവസമായ വെള്ളിയാഴ്ചയിലേക്ക് മാറ്റും. വ്യാഴാഴ്ച കളി എവിടെയാണോ നിർത്തിയത്, അവിടെ നിന്നുതന്നെ വെള്ളിയാഴ്ച മത്സരം പുനരാരംഭിക്കും.
റിസർവ് ദിനത്തിലും കളി നടത്താൻ സാധിക്കാത്ത വിധം മഴ തുടരുകയാണെങ്കിൽ വിജയികളെ തീരുമാനിക്കാൻ സൂപ്പർ ഓവറോ ടോസോ ഉണ്ടാകില്ല. പകരം സൂപ്പർ 8 ഘട്ടത്തിലെ പ്രകടനമാകും ഫൈനലിസ്റ്റുകളെ തീരുമാനിക്കുക. സൂപ്പർ 8 ഘട്ടത്തിൽ ഗ്രൂപ്പ് 1-ൽ മൂന്ന് മത്സരങ്ങളും ജയിച്ച് 6 പോയിന്‍റോടെ ഒന്നാം സ്ഥാനക്കാരായാണ് ഇംഗ്ലണ്ട് സെമിയിലെത്തിയത്. എന്നാൽ ഇന്ത്യയാകട്ടെ ഗ്രൂപ്പ് 1-ൽ 4 പോയിന്‍റുമായി രണ്ടാം സ്ഥാനക്കാരായാണ് യോഗ്യത നേടിയത്. റിസര്‍വ് ദിനത്തിലും മത്സരം സാധ്യമാവാതെ വന്നാല്‍ ഇംഗ്ലണ്ട് നേരിട്ട് ഫൈനലിലേക്ക് യോഗ്യത നേടും.
മത്സരദിവസമായ വ്യാഴാഴ്ചയും റിസര്‍വ് ദിവസമായ വെള്ളിയാഴ്ചയും മുംബൈ നഗരത്തിൽ മഴയ്ക്ക് ഒട്ടും സാധ്യതയില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. മത്സരദിനമായ വ്യാഴാഴ്ച മുംബൈയിൽ തെളിഞ്ഞ ആകാശമായിരിക്കും. ശരാശരി 33 ഡിഗ്രി സെൽഷ്യസ് താപനിലയാണ് അനുഭവപ്പെടുക. കടുത്ത ചൂട് കളിക്കാർക്ക് വെല്ലുവിളിയായേക്കാം. എങ്കിലും മഴ കാരണം മത്സരം തടസ്സപ്പെടാനുള്ള സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!