ഇന്ത്യന്‍ ക്രിക്കറ്റ് താരം അജിന്‍ക്യ രഹാനെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. 85 ടെസ്റ്റുകളും 90 ഏകദിനങ്ങളും കളിച്ച താരം, 2020-21ലെ ഓസ്‌ട്രേലിയൻ പര്യടനത്തിലെ ചരിത്ര വിജയത്തിൽ ഇന്ത്യയെ നയിച്ച നായകനാണ്.
മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ താരം അജിന്‍ക്യ രഹാനെ. ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച താരങ്ങളില്‍ ഒരാളാണ് അരങ്ങൊഴിയുന്നത്. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് 37 കാരനായ താരം തന്റെ വിരമിക്കല്‍ തീരുമാനം ഔദ്യോഗികമായി അറിയിച്ചത്. ഇന്ത്യക്കായി 85 ടെസ്റ്റുകളും 90 ഏകദിനങ്ങളും 20 ടി20 മത്സരങ്ങളും കളിച്ചിട്ടുള്ള രഹാനെ, രാജ്യാന്തര കരിയറിലെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും പടിയിറങ്ങുകയാണെന്ന് വ്യക്തമാക്കി. ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ നയിക്കാനും രഹാനെയ്ക്ക് അവസരം ലഭിച്ചു.
വിടവാങ്ങല്‍ സംസാരത്തില്‍ രഹാനെ പറഞ്ഞതിങ്ങനെ... ''ജീവിതത്തിന്റെ യാഥാര്‍ത്ഥ്യം എന്തെന്നാല്‍, എല്ലാറ്റിനും ഒരു തുടക്കവും ഒടുക്കവുമുണ്ട്. ആ സമയം അടുത്തെത്തുമ്പോള്‍ അതിനെ ബഹുമാനിക്കുകയും മുന്നോട്ട് പോവുകയും വേണം. എന്റെ ബാറ്റിംഗില്‍ ഞാന്‍ എപ്പോഴും സമയക്രമത്തെയും അതിന്റെ പ്രാധാന്യത്തെയും ബഹുമാനിച്ചിട്ടുണ്ട്. ഇന്ന്, എന്റെ കരിയറിലെ അടുത്ത ഘട്ടത്തിലേക്ക് കടക്കാനുള്ള കൃത്യമായ സമയമാണിതെന്ന് ഞാന്‍ കരുതുന്നു.'' രഹാനെ വ്യക്തമാക്കി.
2007-ല്‍ മുംബൈക്കായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച അദ്ദേഹം, പിന്നീട് ആഭ്യന്തര ക്രിക്കറ്റിലെ വിശ്വസ്തനായ ബാറ്ററായി വളര്‍ന്നു. 2011-ല്‍ ഇന്ത്യക്കായി ടി20, ഏകദിന അരങ്ങേറ്റം. 2013ല്‍ ഡല്‍ഹിയില്‍ ഓസ്ട്രേലിയക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയിലൂടെയാണ് ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്പ് അണിയുന്നത്. വിദേശ പിച്ചുകളില്‍ ഇന്ത്യക്കായി ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്ന മധ്യനിര ബാറ്റര്‍മാരില്‍ ഒരാളായി രഹാനെ പെട്ടെന്നുതന്നെ മാറി. ന്യൂസിലന്‍ഡിലെ വെല്ലിംഗ്ടണിലും, 2014-ല്‍ ഇംഗ്ലണ്ടിലെ ലോര്‍ഡ്‌സിലും സെഞ്ച്വറികള്‍ നേടി അദ്ദേഹം തന്റെ ക്ലാസ് തെളിയിച്ചു. 2014-15 ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ മെല്‍ബണില്‍ നേടിയ 147 റണ്‍സ് അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച വിദേശ പ്രകടനങ്ങളില്‍ ഒന്നായിമാറി.
രഹാനെയുടെ കരിയറിലെ ഏറ്റവും തിളക്കമാര്‍ന്ന നിമിഷം 2020-21 ലെ ഓസ്ട്രേലിയന്‍ പര്യടനമായിരുന്നു. അഡ്‌ലെയ്ഡില്‍ വെറും 36 റണ്‍സിന് പുറത്തായി വലിയൊരു തകര്‍ച്ച നേരിട്ടതിനും, നായകന്‍ വിരാട് കോലി നാട്ടിലേക്ക് മടങ്ങിയതിനും ശേഷമാണ് രഹാനെ ഇന്ത്യയുടെ താല്‍ക്കാലിക നായകനായി ചുമതലയേല്‍ക്കുന്നത്. പരിക്കേറ്റ പ്രധാന താരങ്ങളില്ലാതെ മെല്‍ബണില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ സെഞ്ച്വറി നേടി താരം ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. തുടര്‍ന്ന് ബ്രിസ്ബേന്‍ ടെസ്റ്റടക്കം വിജയിച്ച് 2-1ന് പരമ്പര സ്വന്തമാക്കിയ ഇന്ത്യ, ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും വലിയൊരു അട്ടിമറി വിജയമാണ് രഹാനെയുടെ ശാന്തവും ഉറച്ചതുമായ നേതൃത്വത്തിന് കീഴില്‍ നേടിയത്.
മോശം ഫോമിനെ തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്തുപോയെങ്കിലും, ആഭ്യന്തര ക്രിക്കറ്റില്‍ കഠിനാധ്വാനം ചെയ്ത് രഹാനെ വീണ്ടും തിരിച്ചുവന്നു. 2023ല്‍ ഓവലില്‍ നടന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലൂടെയാണ് അദ്ദേഹം ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തിയത്. ആ മത്സരത്തില്‍ ഇന്ത്യക്കായി ഇരു ഇന്നിംഗ്സുകളിലുമായി ഏറ്റവും കൂടുതല്‍ റണ്‍സ് (135) നേടിയത് രഹാനെയാണ്. 2023 ജൂലൈയില്‍ ട്രിനിഡാഡില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ അവസാന ടെസ്റ്റ് മത്സരം. തുടര്‍ന്ന് ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി കളിച്ചെങ്കിലും ദേശീയ ടീമിലേക്കുള്ള വിളി വീണ്ടും വരാതിരുന്നതോടെയാണ് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചത്.
85 ടെസ്റ്റ്് മത്സരങ്ങളില്‍ നിന്ന് 12 സെഞ്ച്വറികള്‍ ഉള്‍പ്പെടെ 5,077 റണ്‍സാണ് രഹാനെ അടിച്ചുകൂട്ടിയത്. 90 ഏകദിനങ്ങള്‍ കളിച്ച രഹാനെ 2962 റണ്‍സ് നേടി. മൂന്ന് സെഞ്ചുറികളും 24 അര്‍ധ സെഞ്ചുറികളും കരിയറിലുണ്ട്. 20 ടി20 മത്സരങ്ങളില്‍ നിന്ന് 375 റണ്‍സും രഹാനെ നേടി. 212 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ച രഹാനെ 5367 റണ്‍സ് അടിച്ചുകൂട്ടി. ഇതില്‍ രണ്ട് സെഞ്ചുറിയും 35 അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടും. മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്‌സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ ഐപിഎല്‍ ടീമുകള്‍ക്ക് വേണ്ടി രഹാനെ കളിച്ചു.
