
പൂനെ: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ-ബംഗ്ലാദേശ് ആവേശപ്പോരാട്ടം കാണാന്‍ കാത്തിരിക്കുന്ന ആരാധകര്‍ക്ക് നിരാശവാര്‍ത്ത. പൂനെയില്‍ പുലര്‍ച്ചെ മുതല്‍ നേരിയ ചാറ്റല്‍ മഴയുണ്ട്. ഇന്ന് മത്സരത്തിനിടെ മഴ പെയ്യാനുള്ള സാധ്യത പ്രവചിച്ചിട്ടില്ലെങ്കിലും രാവിലെ പെയ്യുന്ന മഴ മത്സരത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ആരാധകര്‍.
അക്യുവെതറിന്‍റെ റിപ്പോര്‍ട്ട് പ്രകാരം ആകാശം മേഘാവൃതമായിരിക്കുമെങ്കിലും മത്സരത്തിനിടെ മഴ പെയ്യാന്‍ 3 ശതമാനം സാധ്യത മാത്രമേയുള്ളു.എന്നാല്‍ മഹാരാഷ്ട്രയില്‍ കാലവര്‍ഷം ഒക്ടോബര്‍ അവസാനം വരെ നീളുമെന്നതിനാല്‍ മഴ പെയ്യാനുള്ള സാധ്യത പൂര്‍ണമായും തള്ളിക്കളയാനുമാവില്ല.പൂനെയില്‍ 33 ഡിഗ്രിയാണ് ഇന്ന് പരമാവധി താപനില. ഹ്യുമിഡിറ്റി 41 ശതമാനവുമാണ്. ഇന്നത്തെ മത്സരത്തില്‍ മഞ്ഞുവീഴ്ച വലിയ പ്രശ്നമാകാന്‍ സാധ്യതയില്ലാത്തതിനാല്‍ ടോസ് നിര്‍ണായകമായേക്കില്ലെന്നാണ് റിപ്പോര്‍ട്ട്.
പൂനെയിലെ പിച്ച് പരമ്പരാഗതമായി സ്പിന്നിനെ തുണക്കുന്നതാണെങ്കിലും സമീപകാലത്ത് നടന്ന മത്സരങ്ങളിലെല്ലാം വലിയ സ്കോര്‍ പിറന്നിരുന്നു. 2021ലാണ് പൂനെ അവസാനമായി രാജ്യാന്തര ഏകദിനത്തിന് വേദിയായത്. ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടിയ മത്സരത്തില്‍ ഇരു ടീമുകളും 300ന് മുകളില്‍ റണ്‍സ് സ്കോര്‍ ചെയ്യുകയും ചെയ്തു. പാകിസ്ഥാനെതിരെ കളിച്ച ടീമില്‍ മാറ്റമൊന്നും വരുത്താന്‍ സാധ്യതയില്ലെന്ന സൂചനയാണ് ഇന്ത്യന്‍ ക്യാംപില്‍ നിന്ന് ലഭിക്കുന്നത്.
പേസര്‍ ഷാര്‍ദ്ദുല്‍ താക്കൂര്‍ പ്ലേയിംഗ് ഇലവനില്‍ തുടര്‍ന്നാല്‍ ആര്‍ അശ്വിന് ഇന്നും അവസരമുണ്ടാകില്ല. പേസര്‍ ജസ്പ്രീത് ബുമ്രക്ക് വിശ്രമം അനുവദിച്ച് മുഹമ്മദ് ഷമിക്ക് അവസരം നല്‍കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ടീമില്‍ മാറ്റമൊന്നും ഉണ്ടാകില്ലെന്ന സൂചനയാണ് ബൗളിംഗ് കോച്ച് പരസ് മാംബ്രെ ഇന്നലെ നല്‍കിയത്.
കണക്കു തീർക്കാൻ ദ്രാവിഡും രോഹിത്തും; ലോകകപ്പില്‍ ഇന്ന് ഇന്ത്യ-ബംഗ്ലാദേശ് സൂപ്പര്‍ പോരാട്ടം
ബംഗ്ലാദേശിനെതിരെ ഇന്ത്യയുടെ സാധ്യതാ ടീം: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഹാര്‍ദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഷാര്‍ദ്ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!