
ബാര്‍ബഡോസ്: ഇന്ത്യൻ ക്രിക്കറ്റ് ടീം ലോകകപ്പ് നേടിയപ്പോഴെല്ലാം ഭാഗ്യതാരമായി ഒരുമലയാളി ടീമിലുണ്ടായിരുന്നു. ഇന്ത്യ ഇന്ന് മൂന്നാം ടി20 ലോകകപ്പ് ഫൈനലിന് ഇറങ്ങുമ്പോഴും ഈ പതിവിന് മാറ്റമില്ല. സഞ്ജു സാംസൺ ടീമിലെത്തിയാൽ മലയാളി ആരാധകരുടെ സന്തോഷം ഇരട്ടിയാവും.
ലോകത്തെ ഏത് നാട്ടിൽ ചെന്നാലും അവിടെയൊരു മലയാളിയുണ്ടാവും. ഇതുപോലെയാണ് ക്രിക്കറ്റ് ലോകകപ്പുകളിൽ ഇന്ത്യൻ ടീമും.മലയാളി താരമില്ലാതെ ഇന്ത്യ ലോകകപ്പിൽ കിരീടം നേടിയ ചരിത്രമില്ല. 2007ലെ ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് ആദ്യ ടി20 കിരീടം നേടിത്തന്നത് ശ്രീശാന്തിന്‍റെ ഈ ക്യാച്ചാണ്. 2011ലെ ഏകദിന ലോകകപ്പിൽ ഇന്ത്യ കപ്പുയർത്തിയപ്പോഴും ശ്രീശാന്ത് ടീമിലെ മലയാളി സാന്നിധ്യമായി. ഫൈനലില്‍ പന്തെറിയാനും ശ്രീശാന്തുണ്ടായിരുന്നു.
ലോകകിരീടം, ടീം ഇന്ത്യ, മലയാളി ഈ വിന്നിംഗ് കോംബോ 1983ൽ തുടങ്ങിയതാണ്. കപിലിന്‍റെ ചെകുത്താൻമാർ ലോർഡ്സിൽ വിൻഡീസിനെ മുട്ടുകുത്തിക്കുമ്പോൾ, ഒരു മത്സരത്തിൽ പോലും കളിച്ചില്ലെങ്കിലും ടീമിലെ മലയാളി സാന്നിധ്യമായി സുനിൽ വാൽസണുണ്ടായിരുന്നു. ഈ ചരിത്രത്തിന്‍റെ തുടർച്ചയായി ഇത്തവണ മലയാളി ഫ്രം ഇന്ത്യയായി ടീമിലുള്ളത് നമ്മുടെ സ്വന്തം സഞ്ജു സാസംൺ.
ഈ ലോകകപ്പില്‍ സഞ്ജുവിനും ഇതുവരെ പ്ലേയിംഗ് ഇലവനില്‍ കളിക്കാൻ അവസരം കിട്ടിയിട്ടില്ല.മധ്യ നിരയില്‍ ശിവം ദുബേ തുടർച്ചയായി നിരാശപ്പെടുത്തുമ്പോള്‍ ഫൈനലിൽ സഞ്ജുവിന് അവസരം കിട്ടിയേക്കുമെന്ന പ്രതീക്ഷയും മലയാളികള്‍ക്കുണ്ട്. ധോണിയുടെ നായകത്വത്തില്‍ 2007ൽ ഇന്ത്യ പാകിസ്ഥാനെ തോല്‍പ്പിച്ച് കപ്പടിച്ചപ്പോൾ പരിക്കേറ്റ വീരേന്ദര്‍ സെവാഗിന് പകരം ഫൈനലിൽ യൂസഫ് പഠാൻ ലോകകപ്പ് അരങ്ങേറ്റം കുറിച്ചിരുന്നു. ഈയൊരു ഭാഗ്യം സഞ്ജുവിനെ തേടിയെത്തുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് മലയാളികള്‍. പ്ലേയിംഗ് ഇലവനില്‍ കളിച്ചാലും ഇല്ലെങ്കിലും കപ്പടിച്ചാല്‍ ടീം ഇന്ത്യയുടെ ഭാഗ്യതാരമാകും മലയാളി എന്നുറപ്പാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക