മുംബൈ ഇന്ത്യൻസിന് പഠിക്കാൻ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്!

Published : Apr 12, 2025, 02:09 PM IST
മുംബൈ ഇന്ത്യൻസിന് പഠിക്കാൻ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്!

Synopsis

തങ്ങളുടെ സമീപനത്തില്‍ മാറ്റം വരുത്താൻ ഹൈദരാബാദ് തായാറായേക്കില്ലെന്നാണ്  മുഖ്യപരിശീലകനായ ഡാനിയല്‍ വെട്ടോറി പറയുന്നത്


രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള മുംബൈ ഇന്ത്യൻസ്, ഗൗതം ഗംഭീറിന്റെ കീഴില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഐപിഎല്ലിന്റെ തുടകത്തില്‍ വീണുപോയിട്ടും കിരീടം കൈപ്പിടിയിലൊതുക്കിയ ചരിത്രമുള്ള രണ്ട് ടീമുകള്‍. മുംബൈ പലതവണ അത് ക്രിക്കറ്റ് ലോകത്തിന് കാണിച്ചുകൊടുത്തിട്ടുണ്ട്. ഇരുടീമുകള്‍ക്കും അവിശ്വസനീയമായത് സാധ്യമായതിന് രണ്ട് കാരണങ്ങളായിരുന്നു ഉണ്ടായിരുന്നത്. ക്വാളിറ്റി പ്ലയേഴ്‌സും അവരെ ഉപയോഗിക്കാനറിയാവുന്ന ക്യാപ്റ്റനും. 

ഇവിടെയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ സമാനത. സ്ക്വാഡില്‍‍ ഉള്‍പ്പെട്ട താരങ്ങളെല്ലാം ക്രിക്കറ്റ് ഭൂപടത്തില്‍ തങ്ങളുടെ സാന്നിധ്യം അറിയിച്ചവരാണ്. അഭിഷേക് ശര്‍മയില്‍ തുടങ്ങി മുഹമ്മദ് ഷമിയില്‍ അവസാനിക്കുന്ന ഇലവൻ. പാറ്റ് കമ്മിൻസെന്ന നായകന്റെ മികവിനെക്കുറിച്ച് പറയേണ്ടതില്ലല്ലോ. ട്വന്റി 20 ക്രിക്കറ്റില്‍ എതിരാളികള്‍ ഭയപ്പെടുന്ന ടീമിനെ പേപ്പറിലെത്തിച്ചിട്ടും ഇത്തവണ കളത്തില്‍ ഹൈദരാബാദിന് നിറയാനായിട്ടില്ല.

കഴിഞ്ഞ സീസണില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ആകെ അഞ്ച് മത്സരങ്ങള്‍ മാത്രമായിരുന്നു കമ്മിൻസും സംഘവും പരാജയപ്പെട്ടത്. എന്നാല്‍, ഇത്തവണ ആദ്യ അഞ്ചില്‍ തന്നെ നലിലും തോല്‍വിയാണ് ഫലം. റണ്ണേഴ്‌സ് അപ്പില്‍ നിന്ന് പത്താം സ്ഥാനത്തേക്കുള്ള വീഴ്ച. ടൂ‍ര്‍ണമെന്റിലേക്ക് മടങ്ങിയെത്തണമെങ്കില്‍ ഹൈദരാബാദ് നിരയിലെ പടക്കോപ്പുകളെല്ലാം തീതുപ്പണമെന്ന് സാരം. 

തുടക്കം ഗംഭീരമായിരുന്നു, രാജസ്ഥാൻ റോയല്‍സിനെതിരായ ആദ്യ മത്സരത്തില്‍ കാട്ടുതീയായ ബാറ്റിങ് നിര എരിഞ്ഞടങ്ങിയിരിക്കുന്നു. 2024ല്‍ നിര്‍ണായകമായത് ഓപ്പണിങ്ങിലെ ട്രാവിഷേക് കൂട്ടുകെട്ടായിരുന്നു. വലിയ ഇന്നിങ്സുകളിലേക്ക് എത്താൻ ഹെഡിനാകുന്നില്ല, ക്രീസില്‍ നിലയുറപ്പിക്കാൻ അഭിഷേകിനും. ഇതുവരെ 30 തൊടാൻ താരത്തിനായിട്ടില്ല. മൂന്നുകളികളില്‍ ഒറ്റ അക്കത്തിലൊതുങ്ങി. 

സെ‍ഞ്ച്വറിയില്‍ തുടങ്ങിയ ഇഷാന് പിന്നീടൊരിക്കലും ശോഭിക്കാനായിട്ടില്ല. ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയിലെ നിതീഷ് കുമാര്‍ റെഡ്ഡിയുടെ നിഴല്‍ മാത്രമാണ് ഓറഞ്ച് കുപ്പായത്തിലുള്ളത്. സ്പിൻ ബാഷറായ ഹെൻറിച്ച് ക്ലാസനും നിറം മങ്ങി. അനികേതെന്ന സ‍‍ര്‍പ്രൈസ് മാത്രമാണ് സണ്‍റൈസേഴ്സിന് പോസിറ്റീവായി എടുത്തു പറയാനുള്ളത്. 

കാമിയോകള്‍ക്കൊണ്ട് ഓര്‍ത്തുവെക്കാനുള്ള ഇന്നിങ്സുകള്‍ നായകൻ കമ്മിൻസിന്റെ ബാറ്റ് നല്‍കിയിട്ടുണ്ട്. പക്ഷേ പന്തുകൊണ്ട് മറക്കാനാഗ്രഹിക്കുന്ന തുടക്കമാണ് ഓസീസ് താരത്തിന്റേത്. മുഹമ്മദ് ഷമിയും ഹര്‍ഷല്‍ പട്ടേലും കാര്യമായി എതിര്‍ ബാറ്റിങ് നിരയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്നില്ല. ഒരു പ്രോപ്പര്‍ സ്പിന്നറുടെ അഭാവമായിരുന്നു 2024ല്‍ ഹൈദരാബാദിന് ഉണ്ടായിരുന്നത്. ആദം സാമ്പയെ എത്തിച്ച് പരിഹാരം കാണാനുള്ള ശ്രമം പരാജയപ്പെട്ടു. പക്ഷേ, രാഹുല്‍ ചഹറെന്ന ഓപ്ഷൻ ഉപയോഗിക്കാൻ പോലും ഹൈദരാബാദ് തയാറാകുന്നില്ല. താരത്തിന്റെ സ്ഥാനം ഡഗൗട്ടില്‍ തന്നെ തുടരുകയാണ്.

തങ്ങളുടെ സമീപനത്തില്‍ മാറ്റം വരുത്താൻ ഹൈദരാബാദ് തായാറായേക്കില്ലെന്നാണ്  മുഖ്യപരിശീലകനായ ഡാനിയല്‍ വെട്ടോറി പറയുന്നത്. എന്നാല്‍, കളമറിഞ്ഞ് കളിക്കണമെന്നും മൂന്ന് വിഭാഗങ്ങളും നിലവാരത്തിനൊത്ത് ഉയരുന്നില്ലെന്നും വെട്ടോറി സമ്മതിക്കുന്നുമുണ്ട്. 300 എന്ന മാന്ത്രിക സ്കോ‍ര്‍ ലക്ഷ്യമാക്കി സീസണിനിറങ്ങിയ ഹൈദരാബാദിന് കഴിഞ്ഞ നാല് മത്സരങ്ങളിലും 200 കടക്കാനായിട്ടില്ല. രണ്ട് മത്സരങ്ങളില്‍ ഓവര്‍ പോലും പൂര്‍ത്തിയാക്കാതെ പുറത്താകുകയും ചെയ്തു.

മികച്ച തുടക്കത്തിന്റെ അഭാവത്തിന് പരിഹാരം കാണാനായാല്‍ തന്നെ ഹൈദരാബാദിന്റെ  തിരിച്ചുവരവിന് കളമൊരുങ്ങും. ഹൈദരാബാദ് കൂറ്റൻ സ്കോറിലേക്ക് എത്തിയ എല്ലാ മത്സരങ്ങളിലും ട്രാവിഷേക് കൂട്ടുകെട്ടിന്റെ ബാറ്റുണ്ടായിരുന്നു. ഇരുവരും ഒരുക്കിയ പ്ലാറ്റ്ഫോമില്‍ നിന്നായിരുന്നു ഹൈദരാബാദ് ഇന്നിങ്സുകള്‍ ഉയര്‍ന്നത്. രാജസ്ഥാനെതിരായ മത്സരം ഉദാഹരണമായി എടുക്കാനാകും. 

അതുകൊണ്ട് പവര്‍പ്ലെ ഡൊമിനേറ്റ് ചെയ്യുക ഹൈദരാബാദിന് നിര്‍ണായകമാണ്. ആദ്യ ഓവറുകളില്‍ തന്നെ മുൻനിര വീഴുന്നത് തങ്ങളുടെ ശൈലിയില്‍ നിന്ന് വ്യതിചലിക്കാൻ ഹൈദരാബാദിനെ പ്രേരിപ്പിക്കുകയും അത് സമ്മര്‍ദത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്നതിനാണ് ഈ സീസണ്‍ സാക്ഷ്യം വഹിച്ചത്. 2023 ഏകദിന ലോകകപ്പില്‍ ഓസ്ട്രേലിയയെ ലിഫ്റ്റ് ചെയ്തത് അഫ്ഗാനിസ്ഥാനെതിരെ നേടിയ വിജയവും ഗ്ലെൻ മാക്സ്വല്ലിന്റെ ഇരട്ട സെഞ്ചുറിയുമായിരുന്നു. പിന്നീട്, കമ്മിൻസെന്ന നായകന് എല്ലാം സാധ്യമായി. അത്തരമൊരു സ്പാര്‍ക്കാണ് ഹൈദരാബാദിന് ആവശ്യവും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

വിജയ് മര്‍ച്ചന്റ് ട്രോഫി: മുഹമ്മദ് റെയ്ഹാന് ഏഴ് വിക്കറ്റ്, കേരളത്തിനെതിരെ മുംബൈ 312ന് പുറത്ത്
അണ്ടര്‍ 19 ഏഷ്യാ കപ്പ്: കൂറ്റന്‍ ജയത്തോടെ തുടങ്ങി ഇന്ത്യ, സൂര്യവന്‍ഷിയുടെ കരുത്തില്‍ യുഎഇയെ തകര്‍ത്തത് 234 റണ്‍സിന്