ആശാൻ പരിശീലകനായി വരുമ്പോൾ അച്ചടക്കം പ്രധാനം, ദ്രാവിഡിനെക്കുറിച്ച് പൃഥ്വി ഷാ

By Web TeamFirst Published May 25, 2021, 3:08 PM IST
Highlights

ഇന്ത്യൻ ടീം പൃഥ്വി ഷായ്ക്ക് കീഴിൽ 2018ൽ അണ്ടർ 19 ലോകകപ്പ് നേടിയപ്പോൾ ദ്രാവിഡായിരുന്നു പരിശീലകൻ. കളിക്കാർക്കെല്ലാം അന്ന് ദ്രാവിഡിനെ പേടിയായിരുന്നുവെന്ന് പൃഥ്വി ഷാ ക്രിക് ബസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം യുവനിരയുമായി ശ്രീലങ്കയിലേക്ക് നടത്തുന്ന പര്യടനത്തിൽ ദേശീയ ക്രിക്കറ്റ് അക്കാദമി അധ്യക്ഷനും ഇന്ത്യൻ അണ്ടർ 19 ടീം മുൻ പരിശീലകനുമായിരുന്ന രാഹുൽ ദ്രാവിഡിനെയാണ് സെലക്ടർമാർ പരിശീലകനായി തെരഞ്ഞെടുത്തിരിക്കുന്നത്. ശ്രീലങ്കയിലേക്കുള്ള ടീമിനെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഐപിഎല്ലിൽ മിന്നുന്ന ഫോമിലായിരുന്ന യുവനിരയെല്ലാം ടീമിലുണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യൻ സീനിയർ ടീം ഇം​ഗ്ലണ്ട് പര്യടനത്തിലായിരിക്കുമെന്നതിനാൽ യുവനിരയായിരിക്കും ശ്രീലങ്കക്കെതിരായ ഏകദിന, ടി20 പരമ്പരയിൽ കളിക്കുക.

ഈ സാഹചര്യത്തിൽ ദ്രാവിഡിന് കീഴിൽ കളിച്ച അനുഭവം പങ്കുവെക്കുയാണ് യുവതാരം പൃഥ്വി ഷാ. ഇന്ത്യൻ ടീം പൃഥ്വി ഷായ്ക്ക് കീഴിൽ 2018ൽ അണ്ടർ 19 ലോകകപ്പ് നേടിയപ്പോൾ ദ്രാവിഡായിരുന്നു പരിശീലകൻ. കളിക്കാർക്കെല്ലാം അന്ന് ദ്രാവിഡിനെ പേടിയായിരുന്നുവെന്ന് പൃഥ്വി ഷാ ക്രിക് ബസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ദ്രാവിഡ് സാർ ഞങ്ങളുടെ കൂടെ അത്താഴത്തിന് വരുന്നുവെന്ന് പറഞ്ഞപ്പോൾ ‍ഞങ്ങളെല്ലാം ശരിക്കും ഭയന്നു.

കാരണം, ദ്രാവിഡ് സർ ഉണ്ടെങ്കിൽ അച്ചടക്കം വളരെ പ്രധാനമാണ്. ഞങ്ങൾക്ക് ശരിക്കും ചെറിയൊരു പേടിയുണ്ടായിരുന്നു അദ്ദേഹത്തെ. കളിക്കളത്തിന് പുറത്ത് അദ്ദേഹം വളരെ സൗഹാർദ്ദപരമായാണ് പെരുമാറാറുള്ളത്. ‍ഞങ്ങളുടെ കൂടെ അത്താഴത്തിനൊക്കെ വരുമായിരുന്നു. അദ്ദേഹത്തെപ്പോലൊരു ഇതിഹാസത്തിനൊപ്പം ഇരിക്കാൻ കഴിയുക എന്നതുപോലും സ്വപ്നതുല്യമാണ്.

അദ്ദേഹത്തോടൊപ്പം അണ്ടർ 19 ലോകകപ്പിന് മുമ്പും ഞങ്ങൾ വിദേശ പരമ്പരകൾക്ക് പോയിട്ടുണ്ട്. ഒരിക്കലും തന്നെപ്പോലെ കളിക്കണമെന്ന് അദ്ദേഹം ആരെയും നിർബന്ധിക്കില്ല. ആരുടെയും ബാറ്റിം​ഗിലും മാറ്റങ്ങളൊന്നും അദ്ദേഹം നിർദേശിക്കില്ല. ഓരോരുത്തരോടും അവരവരുടെ സ്വാഭാവിക കളി തുടരാനാണ് എപ്പോഴും ദ്രാവിഡ് സർ ആവശ്യപ്പെടാറുള്ളത്.

കളിക്കാരന്റെ ടെക്നിക്കിനെക്കാളുപരി മാനസികമായ കാര്യങ്ങളിലും തന്ത്രങ്ങളിലും സമീപനത്തിലുമാണ് അദ്ദേഹം ശ്രദ്ധയൂന്നാറുള്ളത്. ടീം മീറ്റിം​ഗുകളിലും അദ്ദേഹം അധികം സംസാരിക്കാറില്ല. ഒരേ തെറ്റ് വീണ്ടും വീണ്ടും ആവർത്തിച്ചാൽ മാത്രമെ അദ്ദേഹം അത് പറയാറുള്ളു. അദ്ദേഹവും അണ്ടർ 19 ക്രിക്കറ്റിൽ കളിച്ച താരമാണ്. അതുകൊണ്ടുതന്നെ ഞങ്ങളുടെ മാനസികാവസ്ഥയെക്കുറിച്ച് അദ്ദേഹത്തിന് നല്ലപോലെ അറിയാമായിരുന്നു. ഓരോ കളിക്കാരനോടും അദ്ദേഹം വ്യക്തിപരമായും സംസാരിക്കാറുണ്ടായിരുന്നുവെന്നും പൃഥ്വി ഷാ പറഞ്ഞു. ഇന്ത്യൻ യുവനിരയിലെ താരങ്ങളെല്ലാം ഒരുഘട്ടത്തിലല്ലെങ്കിൽ മറ്റൊരു ഘട്ടത്തിൽ ദ്രാവിഡിന്റെ ശിക്ഷണത്തിലൂടെ കടന്നുവന്നവരാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!