ടി20 ലോകകപ്പില്‍ മൈറ്റി ഓസീസിനെ തരിപ്പണമാക്കിയ ആറുപന്തുകള്‍. ആ ബൗളറേയും മത്സരവും അങ്ങനെയങ്ങ് മറക്കാൻ പറ്റുമോ. 2010 എഡിഷനിലെ ഓസ്ട്രേലിയ - പാക്കിസ്ഥാൻ ഗ്രൂപ്പ് മത്സരത്തിലായിരുന്നു സംഭവം
ഒരു ഓവര്‍, ഒറ്റ റണ്‍സ് പോലും വിട്ടുകൊടുക്കാതെ അഞ്ച് വിക്കറ്റുകള്‍. ടി20 ലോകകപ്പില്‍ മൈറ്റി ഓസീസിനെ തരിപ്പണമാക്കിയ ആറുപന്തുകള്‍. ആ ബൗളറേയും മത്സരവും അങ്ങനെയങ്ങ് മറക്കാൻ പറ്റുമോ.
ലോകകപ്പിന്റെ 2010 എഡിഷനിലെ ഓസ്ട്രേലിയ - പാക്കിസ്ഥാൻ ഗ്രൂപ്പ് മത്സരത്തിലായിരുന്നു അത്ഭുത ഓവര്‍. ഓസ്ട്രേലിയൻ ഇന്നിങ്സിന്റെ അവസാന ഓവര്‍. പന്തെറിഞ്ഞത്, പാക് പേസര്‍ മുഹമ്മദ് ആമിറായിരുന്നു. 19-ാം ഓവർ ആരംഭിക്കുമ്പോള്‍ 191-5 എന്ന ശക്തമായ നിലയിലായിരുന്നു ഓസ്ട്രേലിയ. 200 കടക്കുമെന്ന് ഉറപ്പിച്ച ഇന്നിങ്സ്. എന്നാല്‍, ആമിറിന്റെ ഓവറില്‍ എല്ലാം മാറിമറിയുകയായിരുന്നു.
ആദ്യ പന്തില്‍ ബ്രാഡ് ഹാഡിനെ മുഹമ്മദ് സമിയുടെ കൈകളിലെത്തിച്ചായിരുന്നു വിക്കറ്റ് വേട്ടയുടെ തുടക്കം. രണ്ടാം പന്തില്‍ മിച്ചല്‍ ജോണ്‍സണ്‍ ക്ലീൻ ബൗള്‍ഡായി മടങ്ങി. ലോകകപ്പ് ഹാട്രിക്ക് ലക്ഷ്യമാക്കിയായിരുന്നു ആമിർ പന്തെടുത്തത്.
പിന്നീട് രണ്ട് ഷാര്‍പ്പ് യോര്‍ക്കറുകളായിരുന്നു, ബൈ റണ്ണിന് ശ്രമിച്ച് മൈക്കല്‍ ഹസിയും സ്റ്റീവ് സ്മിത്തും റണ്ണൗട്ട്. അങ്ങനെ തുടരെ നാല് വിക്കറ്റുകള്‍. ആമീറിന് ഹാട്രിക്ക് നിഷേധിക്കപ്പെട്ടെങ്കിലും ടീം ഹാട്രിക്ക് ലഭിച്ചു.
അഞ്ചാം പന്തൊരു ഡോട്ട് ബോളായി മാറി. അവസാന പന്തില്‍ ഷോണ്‍ ടയറ്റിന്റെ സ്റ്റമ്പും നിലം പതിച്ചു. one of the most destructive death overs in the history of cricket. ആറ് പന്തില്‍ അഞ്ച് വിക്കറ്റ്. ഓസ്ട്രേലിയ 191ന് ഓള്‍ ഔട്ട്.
പക്ഷേ, ആമിറിന്റെ മികവ് തന്ന ആത്മവിശ്വാസം ഉപയോഗിക്കാൻ പാക്കിസ്ഥാനായില്ല. 192 റണ്‍സ് പിന്തുടർന്ന പാക്കിസ്ഥാന്റെ ഇന്നിങ്സ് 157ല്‍ അവസാനിച്ചു. 34 റണ്‍സിന്റെ തോല്‍വി.


