വനിതാ ടി20 ലോകകപ്പ് ഫൈനല്‍: സ്പിന്നര്‍മാര്‍ നിര്‍ണായകമാവും; ഇന്ത്യയുടെ സാധ്യതാ ടീം

By Web TeamFirst Published Mar 7, 2020, 7:49 PM IST
Highlights

ഓപ്പണിംഗില്‍ ഷെഫാലി വര്‍മയും സ്മൃതി മന്ദാനയും നല്‍കുന്ന വെടിക്കെട്ട് തുടക്കമാണ് ഇന്ത്യയുടെ കരുത്ത്. നാല് മത്സരങ്ങളില്‍ നിന്ന് 161 റണ്‍സടിച്ച 16കാരിയായ ഷെഫാലിയാണ് ടൂര്‍ണമെന്റിലെ ടോപ് സ്കോറര്‍

മെല്‍ബണ്‍: വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യ ഞായറാഴ്ച ഓസ്ട്രേലിയയെ നേരിടാനിറങ്ങുകയാണ്. മെല്‍ബണിലാണ് ഫൈനല്‍ പോരാട്ടം. നാല് കിരീടങ്ങളുടെ പകിട്ടുള്ള ഓസീസിനെ ആദ്യ ഫൈനല്‍ കളിക്കുന്ന ഹര്‍മന്‍പ്രീതിന്റെ ഇന്ത്യ എങ്ങനെ നേരിടുമെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. കടലാസില്‍ കരുത്തരാണെങ്കിലും നിലവിലെ ഫോമില്‍ ഓസീസിന് മേല്‍ ഇന്ത്യക്ക് നേരിയ മേല്‍ക്കൈയുണ്ട്. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഓസീസിനെ വീഴ്ത്തുകയും ചെയ്തിരുന്നു. മെല്‍ബണിലെ വലിയ ഗ്രൗണ്ടില്‍ സ്പിന്നര്‍മാരുടെ പ്രകടനം ഏറെ നിര്‍ണായകമാകുമെന്നുറപ്പ്. ഫൈനലില്‍ ഇന്ത്യയുടെ സാധ്യതാ ടീം.

ഓപ്പണിംഗില്‍ ഷെഫാലി വര്‍മയും സ്മൃതി മന്ദാനയും നല്‍കുന്ന വെടിക്കെട്ട് തുടക്കമാണ് ഇന്ത്യയുടെ കരുത്ത്. നാല് മത്സരങ്ങളില്‍ നിന്ന് 161 റണ്‍സടിച്ച 16കാരിയായ ഷെഫാലിയാണ് ടൂര്‍ണമെന്റിലെ ടോപ് സ്കോറര്‍. റണ്‍സ് അടിക്കുന്നു എന്നത് മാത്രമല്ല അത് നേടുന്ന രീതിയാണ് ഷെഫാലിയെ ക്രിക്കറ്റ് ലോകത്തിന്റെ ഓമനയാക്കിയിരിക്കുന്നത്. ഷെഫാലിക്കൊപ്പം മന്ദാന കൂടി ഫോമിലായാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാകും.

വണ്‍ഡൗണില്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് എത്തും. ടൂര്‍ണെന്റില്‍ ഇതുവരെ ഫോമിലേക്ക് ഉയരാന്‍ ഹര്‍മന്‍പ്രീതിന് ആയിട്ടില്ല. ഇതുവരെ കളിച്ച നാലു മത്സരങ്ങളില്‍ 2, 8, 1, 15 എന്നിങ്ങനെയാണ് ഹര്‍മന്‍പ്രീതിന്റെ സ്കോര്‍. തന്റെ പിറന്നാള്‍ ദിനത്തില്‍ ഇരട്ടിമധുരമായി കിരീടവും സ്വന്തമാക്കാന്‍ ഹര്‍മന്‍പ്രീതിന് കഴിയുമെന്നാണ് ഇന്ത്യന്‍ ആരാധകര്‍ വിശ്വസിക്കുന്നത്. നാലാം നമ്പറില്‍ ദീപ്തി ശര്‍മ തന്നെയാകും ഇറങ്ങുക. ആദ്യ മത്സരത്തില്‍ ഓസീസിനെതിരെ 49 റണ്‍സടിച്ച ദീപ്തി ആ പ്രകടനം ആവര്‍ത്തിച്ചാല്‍ ഇന്ത്യക്ക് കരുത്താകും.

അഞ്ചാമതായി ഇന്ത്യയുടെ ഫിനിഷര്‍ ചുമതലകൂടിയുള്ള വേദ കൃഷ്ണമൂര്‍ത്തിയെത്തും. ബംഗ്ലാദേശിനെതിരെ 11 പന്തില്‍ 20 റണ്‍സടിച്ച് വേദ മികവ് കാട്ടിയിരുന്നു. കരുത്തുറ്റ ഓസീസ് ബൗളിംഗ് നിരക്കെതിരെ വേദയുടെ ഫിനിഷിംഗ് ഇന്ത്യക്ക് നിര്‍ണായകമാണ്. ആറാം നമ്പറില്‍ വിക്കറ്റ് കീപ്പര്‍ ടാനിയ ബാട്ടിയ എത്തും. വിക്കറ്റിന് പിന്നില്‍ ബാട്ടിയയുടെ മികവാണ് ഇന്ത്യന്‍ സ്പിന്നര്‍മാരെ ടൂര്‍ണമെന്റില്‍ അപകടകാരികളാക്കിയത്. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ മന്ദാനക്ക് പരിക്കേറ്റപ്പോള്‍ ഓപ്പണറായും ടാനിയ ഇറങ്ങിയിരുന്നു.

ഇന്ത്യയുടെ ഏക സ്പെഷലിസ്റ്റ് സീമറായി ശിഖ പാണ്ഡെ തന്നെയാവും എത്തുക. ടൂര്‍ണമെന്റില്‍ ഇതുവരെ ഏഴ് വിക്കറ്റെടുത്തിട്ടുള്ള ശിഖയുടെ തുടക്കത്തിലുള്ള ഓവറുകള്‍ ഇന്ത്യക്ക് ഏറെ നിര്‍ണായകമാണ്. രാധാ യാദവ് ആണ് സ്പിന്നറുടെ റോളില്‍ എത്തുക. ശ്രീലങ്കക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ 23 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്ത രാധയുടെ പ്രകടനം ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായിരുന്നു.

രണ്ടാമത്തെ സ്പിന്നറായി രാജേശ്വരി ഗേയ്‌ക്‌വാദ് എത്തും. രാധയെപ്പോലെ ഇടം കൈയന്‍ സ്പിന്നറായ രാജേശ്വരിയുടെ പ്രകടനവും മെല്‍ബണിലെ വലിയ ഗ്രൗണ്ടില്‍ ഇന്ത്യക്ക് നിര്‍ണായകമാണ്. മൂന്നാം സ്പിന്നറായി ടൂര്‍ണമെന്റിലെ ഇന്ത്യയുടെ വജ്രായുധമായ പൂനം യാദവ് എത്തും. ഇതുവരെ ഒമ്പതു വിക്കറ്റ് വീഴ്ത്തിയ പൂനം ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയയുടെ നാലു വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യക്ക് ജയമൊരുക്കിയിരുന്നു.

click me!