രാജ്യത്ത് അശ്ലീല വെബ്സൈറ്റുകൾ പൂർണ്ണമായും ബ്ലോക്ക് ചെയ്യാനും ഓൺലൈനിലെ ദോഷകരമായ ഉള്ളടക്കങ്ങൾ നിയന്ത്രിക്കാനും കേന്ദ്ര സർക്കാർ കർശനമായ നിയമങ്ങൾ കൊണ്ടുവരണമെന്ന് ഹര്‍ഭജൻ.

ദില്ലി: ഇന്‍റർനെറ്റിലെ അശ്ലീല ഉള്ളടക്കങ്ങൾക്കും സോഷ്യൽ മീഡിയയുടെ ദുരുപയോഗത്തിനുമെതിരെ ശക്തമായ നിയമനിർമ്മാണം ആവശ്യപ്പെട്ട് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ആം ആദ്മി പാർട്ടി എം.പിയുമായ ഹർഭജൻ സിംഗ്. വ്യാഴാഴ്ച രാജ്യസഭയിലെ ബജറ്റ് ചർച്ചക്കിടെയാണ് ഹര്‍ഭജന്‍ ഈ വിഷയം സഭയില്‍ ഉന്നയിച്ചത്.

രാജ്യത്ത് അശ്ലീല വെബ്സൈറ്റുകൾ പൂർണ്ണമായും ബ്ലോക്ക് ചെയ്യാനും ഓൺലൈനിലെ ദോഷകരമായ ഉള്ളടക്കങ്ങൾ നിയന്ത്രിക്കാനും കേന്ദ്ര സർക്കാർ കർശനമായ നിയമങ്ങൾ കൊണ്ടുവരണമെന്ന് ഹര്‍ഭജൻ ആവശ്യപ്പെട്ടു.16 വയസ്സിൽ താഴെയുള്ള കുട്ടികളെ സോഷ്യൽ മീഡിയ ഉപയോഗിക്കാൻ അനുവദിക്കരുത്. ഇതിനായി കൃത്യമായ പ്രായപരിശോധനാ സംവിധാനങ്ങൾ ഏർപ്പെടുത്തണം.ഇൻസ്റ്റാഗ്രാം പോലുള്ള പ്ലാറ്റ്‌ഫോമുകൾക്ക് കുട്ടികൾ അടിമകളാകുന്ന സാഹചര്യമുണ്ടെന്നും ഹർഭജൻ സിംഗ് പറഞ്ഞു.

നമ്മുടെ കുട്ടികളുടെ ഭാവി അപകടത്തിലാണ്. വളരെ ചെറിയ പ്രായത്തിൽ തന്നെ കുട്ടികൾ ലൈംഗികച്ചുവയുള്ളതോ അശ്ലീലമായതോ ആയ ഉള്ളടക്കങ്ങൾ കാണാൻ ഇടയാകുന്നു. ഇത് അവരുടെ മാനസികാരോഗ്യത്തെ ബാധിക്കുകയും ഉത്കണ്ഠയ്ക്കും വിഷാദത്തിനും കാരണമാവുകയും ചെയ്യുന്നു. കുട്ടികളുടെ ചിന്താഗതിയെ ഇത് തെറ്റായ രീതിയിൽ രൂപപ്പെടുത്തുകയാണെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി.

Scroll to load tweet…

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കാൻ പല സംസ്ഥാനങ്ങളും ഇപ്പോൾ ആലോചന തുടങ്ങിയിട്ടുണ്ട്. 16 വയസിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിച്ച ആദ്യ സംസ്ഥാനമായി കർണാടക അടുത്തിടെ മാറിയിരുന്നു. 13 വയസ്സിൽ താഴെയുള്ളവർക്ക് നിരോധനം ഏർപ്പെടുത്താനും അത് 16 വയസ്സ് വരെ നീട്ടാനും ആന്ധ്രപ്രദേശ് സർക്കാരും ആലോചിക്കുന്നുണ്ട്. കുട്ടികൾക്കായി പ്രത്യേക സോഷ്യൽ മീഡിയ ചട്ടങ്ങൾ രൂപീകരിക്കുന്നതിന് കേന്ദ്രവുമായി ചർച്ച നടത്തുമെന്ന് പഞ്ചാബ് ഐടി മന്ത്രി അമൻ അറോറ കഴിഞ്ഞ ദിവസം നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക