ബുമ്രക്ക് വിശ്രമം കൊടുത്തത് എന്തിന്; കോലിയുടേത് ഒന്നൊന്നര പ്ലാന്‍

By Web TeamFirst Published Sep 24, 2019, 12:29 PM IST
Highlights

വിശ്രമമില്ലാതെ മത്സരങ്ങള്‍ കളിക്കുന്നത് താരങ്ങളുടെ ഫിറ്റ്‌നസിനെ ബാധിക്കുമോ എന്ന ആശങ്കകള്‍ ശക്തമാണ്

മുംബൈ: തുടര്‍ച്ചയായ പരമ്പരകളാണ് വിരാട് കോലിക്ക് കീഴില്‍ ഇന്ത്യന്‍ ടീം കളിക്കുന്നത്. ഇംഗ്ലണ്ടില്‍ നടന്ന ടി20 ലോകകപ്പിന് ശേഷം വിന്‍ഡീസിനെതിരെ പരമ്പര പൂര്‍ത്തിയാക്കിയ ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരങ്ങളുടെ തിരക്കിലാണിപ്പോള്‍. പ്രോട്ടീസിനെതിരായ ടി20 പരമ്പര ടീം ഇന്ത്യ ഇതിനകം പൂര്‍ത്തിയാക്കി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്ന് ടെസ്റ്റുകളാണ് ഇന്ത്യക്ക് ഇനി കളിക്കാനുള്ളത്.

വിശ്രമമില്ലാതെ മത്സരങ്ങള്‍ കളിക്കുന്നത് താരങ്ങളുടെ ഫിറ്റ്‌നസിനെ ബാധിക്കുമോ എന്ന ആശങ്കകള്‍ ശക്തമാണ്. എന്നാല്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കുന്നതില്‍ അടുത്തകാലത്ത് ബിസിസിഐ കടുത്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്. വിന്‍ഡീസിനെതിരെ ഹാര്‍ദിക് പാണ്ഡ്യ ടി20 മത്സരങ്ങള്‍ കളിച്ചിരുന്നില്ല. നിലവില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച പേസറായിട്ടും ജസ്‌പ്രീത് ബുമ്രക്ക് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ വിശ്രമം നല്‍കിയത് മറ്റൊരു ഉദാഹരണം. 

താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കുന്നതില്‍ ബിസിസിഐയുടെ അതേ നിലപാടാണ് നായകന്‍ വിരാട് കോലിക്കും. താരങ്ങളുടെ വര്‍ക്ക് ലോഡിനെക്കുറിച്ച് കിംഗ് കോലിയുടെ വാക്കുകളിങ്ങനെ. 

'താരങ്ങളുടെ വര്‍ക്ക് ലോഡ് മാനേജ്‌മെന്‍റിനാണ് ഇപ്പോള്‍ കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത്. അതുകൊണ്ടാണ് ലോകകപ്പിന് ശേഷം ബുമ്ര വൈറ്റ് ബോളില്‍ കളിക്കാത്തത്. ടെസ്റ്റ് മത്സരങ്ങള്‍ക്ക് ബുമ്രയെ തയ്യാറാക്കി നിര്‍ത്തണം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ നിര്‍ണായക താരമായിരിക്കും ബുമ്ര. എത്രത്തോളം മികച്ച ബൗളറാണ് ബുമ്രയെന്ന് നമുക്കറിയാം. ഒരു സ്‌പെല്ലില്‍ മത്സരം മാറ്റമറിക്കാന്‍ കരുത്തുള്ള താരമാണ് ബുമ്രയെന്നും കോലി പറഞ്ഞു.

അടുത്തിടെ വിന്‍ഡീസിനെതിരെ ടി20 മത്സരങ്ങള്‍ കളിക്കാതിരുന്ന ഹാര്‍ദിക് പാണ്ഡ്യയും വര്‍ക്ക് ലോഡ് മാനേജ്‌മെന്‍റിനെ കുറിച്ച് പ്രതികരിച്ചു. മത്സരങ്ങളില്‍ നിന്നുള്ള ഇടവേള തനിക്ക് പ്രധാനമായിരുന്നു. നീണ്ട ഐപിഎല്‍ സീസണിന് ശേഷം ലോകകപ്പ് വന്നു. ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനാണ് ശ്രമം. എന്നാല്‍ അതിനായി വിശ്രമം ശരീരത്തിന് ആവശ്യമാണ്. ചികിത്സയേക്കാള്‍ പ്രധാനമാണ് മുന്‍കരുതലെന്നും പാണ്ഡ്യ പറഞ്ഞു. 

click me!