ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: പോയന്റ് സമ്പ്രദായത്തില്‍ അതൃപ്തി പരസ്യമാക്കി കോലിയും

By Web TeamFirst Published Oct 9, 2019, 1:43 PM IST
Highlights

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പോയന്റ് ടേബിള്‍ തയാറാക്കാന്‍ എന്നോട് ആവശ്യപ്പെടുകയാണെങ്കില്‍ എവേ വിജയങ്ങള്‍ക്ക് ഞാന്‍ ഇരട്ടി പോയന്റ് നല്‍കും. ലോക ടെസറ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ എഡിഷന്‍ പൂര്‍ത്തിയാവുമ്പോള്‍ ഈ മാറ്റം ഉണ്ടാകുമെന്നാണ് കരുതുന്നത്

പൂനെ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പോയന്റ് സമ്പ്രദായത്തില്‍ അതൃപ്തി പരസ്യമാക്കി ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ പോയന്റ് സമ്പ്രദായത്തില്‍ പിഴവുകളുണ്ടെന്ന് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡൂപ്ലെസിയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കോലിയും പോയന്റ് സമ്പ്രദായത്തിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടിയത്. വിദേശത്ത് നേടുന്ന വിജയങ്ങള്‍ക്ക് ടീമുകള്‍ക്ക് ഇരട്ടി പോയന്റ് നല്‍കുന്ന സമ്പ്രദായമാണ് നല്ലതെന്ന് കോലി പറഞ്ഞു. നിലവില്‍ ഹോം, എവേ വിജയങ്ങള്‍ക്ക് ഒരേ പോയന്റ് തന്നെയാണുള്ളത്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പോയന്റ് ടേബിള്‍ തയാറാക്കാന്‍ എന്നോട് ആവശ്യപ്പെടുകയാണെങ്കില്‍ എവേ വിജയങ്ങള്‍ക്ക് ഞാന്‍ ഇരട്ടി പോയന്റ് നല്‍കും. ലോക ടെസറ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ എഡിഷന്‍ പൂര്‍ത്തിയാവുമ്പോള്‍ ഈ മാറ്റം ഉണ്ടാകുമെന്നാണ് കരുതുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ടെസ്റ്റിനോടുള്ള ടീമുകളുടെ സമീപനത്തില്‍ വലിയ മാറ്റം വരുത്തുമെന്നും കോലി പറഞ്ഞു. സമനിലയ്ക്കായി ശ്രമിക്കാതെ ടീമുകള്‍ കൂടുതല്‍ വിജയത്തിനായി പരിശ്രമിക്കും. എങ്കില്‍ മാത്രമെ കൂടുതല്‍ പോയന്റ് സ്വന്തമാക്കാനാവുവെന്നും കോലി പറഞ്ഞു.

നിലവിലെ പോയന്റ് സമ്പ്രദായം അനുസരിച്ച് ഒരു പരമ്പരയില്‍ ഒരു ടീമിന് പരമാവധി നേടാനാവുക 120 പോയന്റാണ്. രണ്ട് മത്സര പരമ്പരയാണെങ്കില്‍ ഓരോ വിജയത്തിനും 60 പോയന്റും അഞ്ച് മത്സര പരമ്പര ആമെങ്കില്‍ ഓരോ വിജയത്തിനും 24 പോയന്റുമാണ് ലഭിക്കുക. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പോയന്റ് സമ്പ്രദായം അല്‍പം സങ്കീര്‍ണമാണെന്ന് ഇന്നലെ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഡൂപ്ലെസി പറഞ്ഞിരുന്നു. രണ്ട് ടെസ്റ്റ് അടങ്ങിയ പരമ്പര ജയിച്ചാല്‍ 120 പോയന്റ് ലഭിക്കും. അതേസമയം അഞ്ച് ടെസ്റ്റ് അടങ്ങിയ പരമ്പര 5-0ന് സ്വന്തമാക്കിയാലും 120 പോയന്റ് മാത്രമെ ലഭിക്കുകയുള്ളു. അതുകൊണ്ടുതന്നെ ഇത് മികച്ച രീതിയാണെന്ന് പറയാനാവില്ലെന്നും ഡൂപ്ലെസി പറഞ്ഞിരുന്നു.

click me!