ബൗളിംഗിലും ബാറ്റിംഗിലും കാപ്‌സി ഹീറോ; യുപിയെ അടിച്ചോടിച്ച് ഡല്‍ഹി ഫൈനലില്‍

By Web TeamFirst Published Mar 21, 2023, 10:47 PM IST
Highlights

മറുപടി ബാറ്റിംഗില്‍ മികച്ച തുടക്കമാണ് ക്യാപ്റ്റന്‍ മെഗ് ലാന്നിംഗും ഷെഫാലി വര്‍മ്മയും ഡല്‍ഹി ക്യാപിറ്റല്‍സിന് നല്‍കിയത്

മുംബൈ: വനിതാ പ്രീമിയര്‍ ലീഗിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ അഞ്ച് വിക്കറ്റിന് വിജയിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ് പോയിന്‍റ് പട്ടികയില്‍ തലപ്പത്തും ഫൈനലിലും. യുപി വാരിയേഴ്‌സ് മുന്നോട്ടുവെച്ച 139 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി 17.5 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്‌ടത്തില്‍ ജയത്തിലെത്തി. ബൗളിംഗിലും ബാറ്റിംഗിലും താരമായി അലീസ് കാപ്‌സിയാണ് ഡല്‍ഹിക്ക് സുന്ദര ജയം സമ്മാനിച്ചത്. ഇതോടെ പോയിന്‍റ് കണക്കില്‍ മുംബൈ ഇന്ത്യന്‍സിനെ മറികടന്ന് ഡല്‍ഹി ഫൈനലില്‍ എത്തുന്ന ആദ്യ ടീമാവുകയായിരുന്നു. മുംബൈ ഇന്ത്യന്‍സ്-യുപി വാരിയേഴ്‌സ് എലിമിനേറ്ററിലെ വിജയികളായിരിക്കും കലാശപ്പോരില്‍ ഡല്‍ഹിയുടെ എതിരാളികള്‍. 

മറുപടി ബാറ്റിംഗില്‍ മികച്ച തുടക്കമാണ് ക്യാപ്റ്റന്‍ മെഗ് ലാന്നിംഗും ഷെഫാലി വര്‍മ്മയും ഡല്‍ഹി ക്യാപിറ്റല്‍സിന് നല്‍കിയത്. ഇരുവരും ഓപ്പണിംഗ് വിക്കറ്റില്‍ 4.5 ഓവറില്‍ 56 റണ്‍സ് ചേര്‍ത്തു. 16 പന്തില്‍ 21 നേടിയ ഷെഫാലിയാണ് ആദ്യം മടങ്ങിയത്. ക്രീസിലെത്തിയ ജെമീമ റോഡ്രിഗസിന്(3 പന്തില്‍ 3) തിളങ്ങാനായില്ല. അതേസമയം ലാന്നിംഗ്‌ 23 പന്തില്‍ 5 ഫോറും രണ്ട് സിക്‌സും ഉള്‍പ്പടെ 39 റണ്‍സ് പേരിലാക്കി. നേരത്തെ ബൗളിംഗില്‍ താരമായ അലീസ് കാപ്‌സി ബാറ്റിംഗിലും ഫോം തുടര്‍ന്നപ്പോള്‍ ഡല്‍ഹി ജയത്തിലെത്തി. കാപ്‌സി 31 പന്തില്‍ 34 റണ്‍സുമായി പുറത്തായപ്പോള്‍ മരിസാന്‍ കാപ്പ് 31 പന്തില്‍ 34* റണ്‍സുമായി പുറത്താവാതെ നിന്നു.  

നേരത്തെ ആദ്യം ബാറ്റ് ചെയ്‌ത യുപി വാരിയേഴ്‌സ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റിന് 138 റണ്‍സ് നേടുകയായിരുന്നു. മികച്ച തുടക്കം ലഭിച്ചിട്ടും ഫോമിലുള്ള തഹ്‌ലിയ മഗ്രാത്ത് വീണ്ടും അര്‍ധ സെഞ്ചുറി നേടിയിട്ടും ടീം സ്കോര്‍ 150 കടക്കാന്‍ ഡല്‍ഹിയുടെ ബൗളര്‍മാര്‍ അനുവദിച്ചില്ല. മൂന്ന് വിക്കറ്റുമായി ആലീസ് ക്യാപ്‌സിയും രണ്ടാളെ പുറത്താക്കി രാധാ യാദവും ഒരു വിക്കറ്റുമായി ജെസ്സ് ജൊനാസ്സനും തിളങ്ങി. ക്യാപ്റ്റന്‍ അലീസ ഹീലി 34 പന്തില്‍ 36 ഉം സഹ ഓപ്പണര്‍ ശ്വേത സേരാവത്ത് 12 പന്തില്‍ 19 ഉം മൂന്നാം നമ്പര്‍ താരം സിമ്രാന്‍ ഷെയ്‌ഖ് 23 പന്തില്‍ 11 ഉം റണ്‍സെടുത്ത് പുറത്തായി. നാലാമതിറങ്ങിയ തഹ്‌ലിയ മഗ്രാത്ത് 32 പന്തില്‍ 8 ഫോറും രണ്ട് സിക്‌സും സഹിതം 58 റണ്‍സുമായി പുറത്താവാതെ നിന്നു. 

കിരണ്‍ നവ്‌ഗീര്‍(3 പന്തില്‍ 2), ദീപ്‌തി ശര്‍മ്മ(8 പന്തില്‍ 3), സോഫീ എക്കിള്‍സ്റ്റണ്‍(2 പന്തില്‍ 0), അഞ്ജലി സര്‍വാനി(6 പന്തില്‍ 3) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ സ്കോര്‍. അവസാന ഓവറില്‍ രണ്ട് ഫോറും ഒരു സിക്‌സും സഹിതം മഗ്രാത്ത് നേടിയ 19 റണ്‍സാണ് ടീമിനെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. 

ഐപിഎല്‍ തുടങ്ങും മുമ്പേ കനത്ത തിരിച്ചടിയേറ്റ് പഞ്ചാബ് കിംഗ്‌സ്; ജോണി ബെയ്ർസ്റ്റോ ഇന്ത്യയിലേക്കില്ല


 

click me!