
മുംബൈ: വനിതാ പ്രീമിയർ ലീഗില്‍ ഗുജറാത്ത് ജയന്‍റ്സിന് തുടർച്ചയായ രണ്ടാം തോല്‍വി. ആവേശം അവസാന ഓവറിലേക്ക് നീണ്ട മത്സരത്തില്‍ ഗ്രേസ് ഹാരിസ്-സോഫീ എക്കിള്‍സ്റ്റണ്‍ സഖ്യം യുപി വാരിയേഴ്സിന് മൂന്ന് വിക്കറ്റിന്‍റെ ത്രില്ലർ ജയം സമ്മാനിക്കുകയായിരുന്നു. 170 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ യുപി ഒരു പന്ത് ശേഷിക്കേ ജയത്തിലെത്തി. 19.5 ഓവറില്‍ സിക്സോടെ മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു ഗ്രേസ് ഹാരിസ്. ഗ്രേസ് 26 പന്തില്‍ ഏഴ് ഫോറും മൂന്ന് സിക്സും സഹിതം 59* ഉം സോഫീ എക്കിള്‍സ്റ്റണ്‍ 12 പന്തില്‍ ഓരോ ഫോറും സിക്സുമായി 22* റണ്‍സെടുത്തും പുറത്താവാതെ നിന്നു. എട്ടാം വിക്കറ്റില്‍ ഇരുവരും 70 റണ്‍സാണ് ചേർത്തത്. ഗ്രേസ് വെറും 25 പന്തില്‍ ഫിഫ്റ്റി കണ്ടെത്തി.
ഗ്രേസ് ഫിനിഷിംഗ്
മറുപടി ബാറ്റിംഗില്‍ അലീസ ഹീലി എട്ട് പന്തില്‍ 7 ഉം ശ്വേത ഷെരാവത് ആറ് പന്തില്‍ 5 ഉം തഹ്‍ലിയ മഗ്രാത്ത് ഗോള്‍ഡന്‍ ഡക്കായും പുറത്തായപ്പോള്‍ 2.6 ഓവറില്‍ 20 റണ്‍സ് മാത്രമാണ് യുപി വാരിയേഴ്സിനുണ്ടായിരുന്നത്. കിം ഗാർത്താണ് മൂവരേയും പറഞ്ഞയച്ചത്. കിരണ്‍ നവ്‍ഗീർ ഒരുവശത്ത് പിടിച്ചുനിന്നെങ്കിലും ദീപ്തി ശർമ്മയ്ക്ക് ഏറെ നേരം പിന്തുണ നല്‍കാനായില്ല. ദീപ്തി 16 പന്തില്‍ 11 എടുത്ത് മന്‍സി ജോഷിയുടെ പന്തില്‍ പുറത്തായി. 43 പന്തില്‍ 53 റണ്‍സെടുത്ത കിരണ്‍ നവ്‍ഗീറിനെയും ഗോള്‍ഡന്‍ ഡക്കായി സിമ്രാന്‍ ഷെയ്ഖിനെയും പറഞ്ഞയച്ച് കിം അഞ്ച് വിക്കറ്റ് തികച്ചു. ഈ സമയം വിജയപ്രതീക്ഷയിലായിരുന്നു ഗുജറാത്ത് ജയന്‍റ്സ് ടീം. എന്നാല്‍ ഒരൊറ്റ ഓവർ കൊണ്ട് കളി മാറി.
മൂന്ന് ഓവറില്‍ 16 റണ്‍സിനാണ് കിം അഞ്ച് വിക്കറ്റ് തികച്ചതെങ്കിലും തന്‍റെ അവസാന ഓവറില്‍ താരം റണ്‍സ് 20 റണ്‍സ് വഴങ്ങിയത് തിരിച്ചടിയായി. ഇതിനിടെ ദേവിയ വൈദ്യയെ(7 പന്തില്‍ 4) അന്നാബേല്‍ സത്തർലാന്‍ഡ് പുറത്താക്കി. അവസാന ഓവറിലെ 19 റണ്‍സ് ലക്ഷ്യത്തിലേക്ക് യുപിയെ ഗ്രേസ് ഹാരിസും സോഫീ എക്കിള്‍സ്റ്റണിനും 19.5 ഓവറില്‍ എത്തിച്ചു. വൈഡുകള്‍ എറിഞ്ഞ് സത്തർലന്‍ഡ് സമ്മർദത്തില്‍ വീണുപോയി. ഈ ഓവറില്‍ രണ്ട് വീതം വൈഡും സിക്സും ഫോറുമാണ് സത്തർലന്‍ഡ് വിട്ടുകൊടുത്തത്. എല്ലാ പന്തുകളും നേരിട്ടത് ഗ്രേസ് ഹാരിസായിരുന്നു.
രക്ഷയായി ഹർലീന്‍ ഡിയോള്‍
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ജയന്‍റ്സ് 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുത്തു. 32 പന്തില്‍ ഏഴ് ഫോറോടെ 46 റണ്‍സ് നേടിയ ഹർലീന്‍ ഡിയോളാണ് ടോപ് സ്കോറർ. യുപി വാരിയേഴ്സിനായി ദീപ്‍തി ശർമ്മയും സോഫീ എക്കിള്‍സ്റ്റണും രണ്ട് വീതവും അഞ്ജലി സർവാനിയും തഹ്‍ലിയ മഗ്രാത്തും ഓരോ വിക്കറ്റും നേടി.
ടോസ് നേടിയ ബാറ്റിംഗിന് ഇറങ്ങിയ ഗുജറാത്ത് ജയന്‍റ്സിന് ഓപ്പണിംഗ് വിക്കറ്റില്‍ 34 റണ്‍സാണ് 3.5 ഓവറില്‍ ചേർക്കാനായത്. 11 പന്തില്‍ 13 റണ്‍സുമായി സോഫീ ഡങ്ക്ലിയും 15 പന്തില്‍ 24 റണ്ണെടുത്ത് സബ്ബിനേനി മേഘ്നയും പുറത്തായി. മൂന്നാം നമ്പറുകാരി ഹർലീന്‍ ഡിയോള്‍ ഒരറ്റത്ത് പിടിച്ചുനിന്നപ്പോള്‍ അന്നാബേല്‍ സത്തർലന്‍ഡ് 10 പന്തില്‍ എട്ടും വിക്കറ്റ് കീപ്പർ സുഷമ വർമ്മ 13 പന്തില്‍ 9 ഉം റണ്ണെടുത്ത് പുറത്തായി. ഇതിന് ശേഷം 19 പന്തില്‍ 25 റണ്‍സ് നേടിയ ആഷ്‍ലീ ഗാർഡ്‍നർ ടീമിനെ 100 കടത്തി. എന്നാല്‍ വ്യക്തിഗത സ്കോർ 46ല്‍ നില്‍ക്കേ സിക്സിന് ശ്രമിച്ച ഹർലീന്‍ ഡിയോള്‍ പുറത്തായി. അവസാന ഓവറുകളില്‍ 13 പന്തില്‍ 21* റണ്‍സുമായി ദയാലന്‍ ഹേമലതയും 7 പന്തില്‍ 9* റണ്‍സെടുത്ത് ക്യാപ്റ്റന്‍ സ്നേഹ് റാണയും ഗുജറാത്തിന് മികച്ച സ്കോർ ഉറപ്പിച്ചു.
ഹർലീന്‍ ഡിയോള്‍ കാത്തു; യുപി വാരിയേഴ്സിനെതിരെ ഗുജറാത്തിന് മികച്ച സ്കോർ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!