32 പന്തില്‍ ഏഴ് ഫോറോടെ 46 റണ്‍സ് നേടിയ ഹർലീന്‍ ഡിയോളാണ് ടോപ് സ്കോറർ
മുംബൈ: വനിതാ പ്രീമിയർ ലീഗില്‍ ഇന്നത്തെ രണ്ടാം മത്സരത്തില്‍ യുപി വാരിയേഴ്സിനെതിരെ ഗുജറാത്ത് ജയന്‍റ്സിന് മികച്ച സ്കോർ. ഇന്നലെ മുംബൈ ഇന്ത്യന്‍സ് വനിതകളോട് വെറും 64 റണ്‍സില്‍ പുറത്തായ ഗുജറാത്ത് ഇന്ന് 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുത്തു. 32 പന്തില്‍ ഏഴ് ഫോറോടെ 46 റണ്‍സ് നേടിയ ഹർലീന്‍ ഡിയോളാണ് ടോപ് സ്കോറർ. ദീപ്‍തി ശർമ്മയും സോഫീ എക്കിള്‍സ്റ്റണും രണ്ട് വീതവും അഞ്ജലി സർവാനിയും തഹ്‍ലിയ മഗ്രാത്തും ഓരോ വിക്കറ്റും നേടി.
ടോസ് നേടിയ ബാറ്റിംഗിന് ഇറങ്ങിയ ഗുജറാത്ത് ജയന്‍റ്സിന് ഓപ്പണിംഗ് വിക്കറ്റില്‍ 34 റണ്‍സാണ് 3.5 ഓവറില്‍ ചേർക്കാനായത്. 11 പന്തില്‍ 13 റണ്‍സുമായി സോഫീ ഡങ്ക്ലിയും 15 പന്തില്‍ 24 റണ്ണെടുത്ത് സബ്ബിനേനി മേഘ്നയും പുറത്തായി. മൂന്നാം നമ്പറുകാരി ഹർലീന്‍ ഡിയോള്‍ ഒരറ്റത്ത് പിടിച്ചുനിന്നപ്പോള്‍ അന്നാബേല്‍ സത്തർലന്‍ഡ് 10 പന്തില്‍ എട്ടും വിക്കറ്റ് കീപ്പർ സുഷമ വർമ്മ 13 പന്തില്‍ 9 ഉം റണ്ണെടുത്ത് പുറത്തായി. ഇതിന് ശേഷം 19 പന്തില്‍ 25 റണ്‍സ് നേടിയ ആഷ്‍ലീ ഗാർഡ്‍നർ ടീമിനെ 100 കടത്തി. എന്നാല്‍ വ്യക്തിഗത സ്കോർ 46ല്‍ നില്‍ക്കേ സിക്സിന് ശ്രമിച്ച ഹർലീന്‍ ഡിയോള്‍ പുറത്തായി. ഇതിന് ശേഷം 13 പന്തില്‍ 21* റണ്‍സുമായി ദയാലന്‍ ഹേമലതയും 7 പന്തില്‍ 9* റണ്‍സെടുത്ത് ക്യാപ്റ്റന്‍ സ്നേഹ് റാണയും ഗുജറാത്തിന് മികച്ച സ്കോർ ഉറപ്പിച്ചു.
ഡല്‍ഹിക്ക് 60 റണ്‍സ് ജയം
ഇന്നത്തെ ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ഹിമാലയന്‍ സ്കോർ പിന്തുടർന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ പൊരുതി കീഴടങ്ങി. മികച്ച തുടക്കത്തിന് ശേഷം തകർച്ച നേരിട്ട ആർസിബി അവസാന ഓവറുകളില്‍ തോല്‍വിയുടെ ഭാരം കുറയ്ക്കുകയായിരുന്നു. ഡല്‍ഹി മുന്നോട്ടുവെച്ച 224 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ആർസിബിക്ക് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഇതോടെ ഡല്‍ഹി ക്യാപിറ്റല്‍സ് 60 റണ്‍സിന്‍റെ കൂറ്റന്‍ ജയം സ്വന്തമാക്കി. ബാറ്റിംഗില്‍ ക്യാപ്റ്റന്‍ മെഗ് ലാന്നിംഗും(72), സഹ ഓപ്പണർ ഷെഫാലി വർമ്മയും(84) ഡല്‍ഹിക്കായി തിളങ്ങിയപ്പോള്‍ പിന്നാലെ അഞ്ച് വിക്കറ്റുമായി ടാരാ നോറിസാണ് ആർസിബിയുടെ സ്വപ്നങ്ങളെല്ലാം എറിഞ്ഞിട്ടത്. 35 റണ്‍സെടുത്ത ക്യാപ്റ്റന്‍ സ്‍മൃതി മന്ദാനയാണ് ആർസിബിയുടെ ടോപ് സ്കോറർ.
'തിരിച്ചുവരും അതിശക്തമായി, നന്ദി കലൂർ'; ഹോം ഗ്രൗണ്ടിലെ മഞ്ഞക്കടലിന് നന്ദി പറഞ്ഞ് ബ്ലാസ്റ്റേഴ്സ്
