ഗ്രേറ്റ് ഗ്രേസ് ഹാരിസ് ഫിഫ്റ്റി; ഗുജറാത്തിനെ മലര്‍ത്തിയടിച്ച് യുപി പ്ലേ ഓഫില്‍

By Web TeamFirst Published Mar 20, 2023, 6:53 PM IST
Highlights

ഗ്രേസ് ഹാരിസും സോഫീ എക്കിള്‍സ്റ്റണും ക്രീസില്‍ നില്‍ക്കേ അവസാന നാല് ഓവറില്‍ 41 റണ്‍സ് വിജയലക്ഷ്യമായിരുന്നു യുപിയുടെ മുന്നിലുണ്ടായിരുന്നത്

മുംബൈ: വനിതാ പ്രീമിയര്‍ ലീഗില്‍ അവസാന ഓവര്‍ ത്രില്ലറില്‍ ഗുജറാത്ത് ജയന്‍റ്‌സിനെ മൂന്ന് വിക്കറ്റിന് തകര്‍ത്ത് യുപി വാരിയേഴ്‌സ് പ്ലേ ഓഫില്‍. 179 റണ്‍സ് വിജയലക്ഷ്യം തഹ്‌ലിയ മഗ്രാത്ത്, ഗ്രേസ് ഹാരിസ് എന്നിവരുടെ അര്‍ധസെഞ്ചുറി കരുത്തില്‍ യുപി ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ ഒരു പന്ത് ബാക്കിനില്‍ക്കേ നേടുകയായിരുന്നു. സ്‌കോര്‍: ഗുജറാത്ത് ജയന്‍റ്‌സ്- 178/6 (20), യുപി വാരിയേഴ്‌സ്- 181/7 (19.5). 41 പന്തില്‍ 7 ഫോറും 4 സിക്‌സറും സഹിതം 72 റണ്‍സ് നേടിയ ഗ്രേസാണ് യുപിയുടെ ടോപ് സ്കോറര്‍.

മറുപടി ബാറ്റിംഗില്‍ യുപി വാരിയേഴ്‌സിന് ഓപ്പണര്‍മാരായ ദേവിക വൈദ്യയെ 7നും ആലീസ ഹീലിയെ 12നും കിരണ്‍ നവ്‌ഗീറിനെ 4നും നഷ്‌ടമായപ്പോള്‍ തഹ്‌ലിയ മഗ്രാത്തും ഗ്രേസ് ഹാരിസും 12-ാം ഓവറില്‍ ടീമിനെ 100 കടത്തി. ഒരോവറിന്‍റെ ഇടവേളയില്‍ കൂറ്റനടിക്കുള്ള ശ്രമത്തിനിടെ 38 പന്തില്‍ 11 ഫോറുമായി 57 റണ്‍സില്‍ തഹ്‌ലിയ മടങ്ങി. പിന്നാലെ ദീപ്‌തി ശര്‍മ്മയ്ക്ക് 5 പന്തില്‍ ആറേ നേടാനായുള്ളൂ. ഗ്രേസ് ഹാരിസും സോഫീ എക്കിള്‍സ്റ്റണും ക്രീസില്‍ നില്‍ക്കേ അവസാന നാല് ഓവറില്‍ 41 റണ്‍സ് വിജയലക്ഷ്യമായിരുന്നു യുപിയുടെ മുന്നിലുണ്ടായിരുന്നത്. വിജയത്തിന് ഏഴ് റണ്‍സ് അകലെ ഗ്രേസ് ഹാരിസ്(41 പന്തില്‍ 72) പുറത്തായെങ്കിലും സോഫീ എക്കിള്‍സ്റ്റണും(19*), അഞ്ജലിയും(0*) ടീമിനെ വിജയിപ്പിച്ചു. 

നേരത്തെ, ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ജയന്‍റ്‌സ് 10 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 178 റണ്‍സെടുത്തു. ഗുജറാത്ത് ജയന്‍റ്‌സിനായി ദയാലന്‍ ഹേമലതയും ആഷ്‌ലീ ഗാര്‍ഡ്‌നറും അര്‍ധസെഞ്ചുറികള്‍ നേടി. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് ജയന്‍റ്‌സിനായി സോഫീ ഡങ്ക്‌ലി-ലോറ വോള്‍വാര്‍ട്ട് സഖ്യം ഓപ്പണിംഗ് വിക്കറ്റില്‍ 4.1 ഓവറില്‍ 41 റണ്‍സ് ചേര്‍ത്തു. 13 പന്തില്‍ ഒരു ഫോറും രണ്ട് സിക്‌സുകളോടെയും 17 റണ്‍സെടുത്ത ലോറയെ അഞ്ജലി സര്‍വാനി ബൗള്‍ഡാക്കുകയായിരുന്നു. രാജേശ്വരി ഗെയ്‌ക്‌വാദിന്‍റെ തൊട്ടടുത്ത ഓവറില്‍ ഇരട്ട വിക്കറ്റുകള്‍ ഗുജറാത്തിന് നഷ്‌ടമായി. ആദ്യ പന്തില്‍ സോഫിയ ഡങ്ക്‌ലിയും(13 പന്തില്‍ 23) അവസാന പന്തില്‍ ഹര്‍ലീന്‍ ഡിയോളും(7 പന്തില്‍ 4) മടങ്ങിയതോടെ ഗുജറാത്ത് ജയന്‍റ്‌സ് 5.6 ഓവറില്‍ 50-3.

എന്നാല്‍ നാലാം വിക്കറ്റില്‍ ഒന്നിച്ച ദയാലന്‍ ഹേമലതയും ആഷ്‌ലീ ഗാര്‍ഡ്‌നറും തകര്‍പ്പനടികളുമായി അനായാസം ടീമിനെ 100 കടത്തി. സിക‌്‌സര്‍ പറത്തി 30 പന്തില്‍ ഹേമലത 50 തികച്ചു. ആറ് ഫോറും മൂന്ന് സിക്‌സും പറത്തിയ ഹേമതലയുടെ ഇന്നിംഗ്‌സ് 16.1 ഓവറില്‍ അവസാനിച്ചു. 33 പന്തില്‍ 57 എടുത്ത ഹേമലതയെ പര്‍ഷാവി ചോപ്ര പുറത്താക്കുകയായിരുന്നു. ഹേമലത-ആഷ്‌ലീ സഖ്യം 93 റണ്‍സ് ചേര്‍ത്തു. പിന്നാലെ ആഷ്‌ലീ ഗാര്‍ഡ്‌നറും മടങ്ങി. 39 പന്തില്‍  6 ഫോറും മൂന്ന് സിക്‌സും സഹിതം 60 നേടിയ ഗാര്‍ഡ്‌നറെ ക്രീസ് വിട്ടിറങ്ങിയതിന് ഹീലി സ്റ്റംപ് ചെയ്യുകയായിരുന്നു. അശ്വനി കുമാരി(5) ആണ് അവസാനം പുറത്തായത്. സുഷമ വര്‍മ്മയും(8*), കിം ഗാര്‍ത്തും(1*) പുറത്താവാതെ നിന്നു. 

ഇതല്ല ധോണിയുടെ അവസാന ഐപിഎല്‍ സീസണ്‍; 'തല' ആരാധകരെ ത്രില്ലടിപ്പിക്കുന്ന പ്രവചനവുമായി വാട്‌സണ്‍

click me!