ഇതല്ല ധോണിയുടെ അവസാന ഐപിഎല്‍ സീസണ്‍; 'തല' ആരാധകരെ ത്രില്ലടിപ്പിക്കുന്ന പ്രവചനവുമായി വാട്‌സണ്‍

By Web TeamFirst Published Mar 20, 2023, 6:22 PM IST
Highlights

ഐപിഎല്‍ പതിനാറാം സീസണിനായി ചെപ്പോക്കിലെ ഹോം ഗ്രൗണ്ടില്‍ ധോണിയും സഹതാരങ്ങളും ദിവസങ്ങള്‍ക്ക് മുമ്പേ പരിശീലനം ആരംഭിച്ചിരുന്നു

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2023 സീസണ്‍ ഇതിഹാസ താരവും ഇന്ത്യന്‍ മുന്‍ നായകനുമായ എം എസ് ധോണിയുടെ അവസാന ഐപിഎല്‍ എഡിഷനായിരിക്കും എന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. 2019ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ധോണി ചെപ്പോക്കില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഹോം മത്സരങ്ങള്‍ കളിച്ച് വിരമിക്കും എന്നാണ് കണക്കുകൂട്ടല്‍. എന്നാല്‍ ധോണി ഈ സീസണോടെ ഐപിഎല്ലിനോട് വിടപറയാന്‍ സാധ്യതയില്ലെന്നും താരത്തിന് മുന്നില്‍ ഇനിയും എഡിഷനുകള്‍ ബാക്കിയുണ്ട് എന്നും പറയുന്നു മുന്‍ താരം ഷെയ്‌ന്‍ വാട്‌സണ്‍. 

'എം എസ് ധോണിയുടെ അവസാന ഐപിഎല്‍ സീസണായിരിക്കും ഇതെന്ന് ഞാന്‍ കേട്ടു. പക്ഷേ അങ്ങനെയായിരിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ധോണിക്ക് ഇനിയും മൂന്നോ നാലോ വര്‍ഷം കളിക്കാം. ധോണിക്ക് ഇപ്പോഴും പൂര്‍ണ ഫിറ്റ്‌നസുണ്ട്. ബാറ്റിംഗും വിക്കറ്റ് കീപ്പിംഗും നന്നായി ചെയ്യുന്നുണ്ട്. നേതൃഗുണമാണ് ധോണിയുടെ ഏറ്റവും വലിയ പ്രത്യേകത. ഫിറ്റ്‌നസ് കളിയിലെ വിലയിരുത്താനുള്ള കഴിവും ധോണിയെ മികച്ച ക്യാപ്റ്റനാക്കുന്നു. മൈതാനത്ത് ധോണിയുടെ കഴിവുകള്‍ അപാരമാണ്. ഐപിഎല്ലില്‍ സിഎസ്‌കെയുടെ കുതിപ്പിന് പിന്നിലുള്ള പ്രധാന കാരണങ്ങളിലൊന്ന് ഈ ക്യാപ്റ്റന്‍സിയാണ്' എന്നും സഹതാരം കൂടിയായിരുന്ന വാട്‌സണ്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. 

ഐപിഎല്‍ 16-ാം സീസണിനായി കഠിന പരിശീലനം നടത്തുകയാണ് എം എസ് ധോണി. ചെപ്പോക്കിലെ ഹോം ഗ്രൗണ്ടില്‍ ധോണിയും സഹതാരങ്ങളും ദിവസങ്ങള്‍ക്ക് മുമ്പേ പരിശീലനം ആരംഭിച്ചിരുന്നു. 2019ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ധോണി ഐപിഎല്ലില്‍ മാത്രമാണ് കളിക്കുന്നത്. 2019ന് ശേഷമുള്ള എല്ലാ ഐപിഎല്‍ സീസണും അദേഹത്തിന്‍റെ അവസാന ടൂര്‍ണമെന്‍റാണ് എന്ന് പലരും കരുതിയെങ്കിലും 41കാരനായ ധോണി ഈ സീസണിലും സിഎസ്‌കെയെ നയിക്കുകയാണ്. ഐപിഎല്‍ കരിയറിലാകെ 206 ഇന്നിംഗ്സുകളില്‍ 39.2 ശരാശരിയിലും135.2 പ്രഹരശേഷിയിലും 24 അർധസെഞ്ചുറികളോടെ ധോണി 4978 റണ്‍സ് നേടിയിട്ടുണ്ട്.

ചെന്നൈയില്‍ തോറ്റാല്‍ പരമ്പര മാത്രമല്ല നഷ്‌ടമാവുക; ഇന്ത്യയുടെ ഒന്നാം റാങ്കിന് ഓസീസ് ഭീഷണി

click me!