Wriddhiman Saha: മാധ്യമപ്രവര്‍ത്തകന്‍ ഭീഷണിപ്പെടുത്തി, വെളിപ്പെടുത്തലുമായി സാഹ, പിന്തുണച്ച് ഹര്‍ഭജനും സെവാഗും

Published : Feb 20, 2022, 05:16 PM ISTUpdated : Feb 20, 2022, 05:18 PM IST
Wriddhiman Saha: മാധ്യമപ്രവര്‍ത്തകന്‍ ഭീഷണിപ്പെടുത്തി, വെളിപ്പെടുത്തലുമായി സാഹ, പിന്തുണച്ച് ഹര്‍ഭജനും സെവാഗും

Synopsis

സാഹയുടെ വെളിപ്പെടുത്തലിന് പിന്നാലെ ഈ മാധ്യമപ്രവര്‍ത്തകന്‍ ആരാണെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ഇന്ത്യന്‍ താരങ്ങളായ ഹര്‍ഭജന്‍ സിംഗും വീരേന്ദര്‍ സെവാഗും രംഗത്തെത്തി.

കൊല്‍ക്കത്ത: ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക്(Indian Test Team) പരിഗണിക്കാത്തതുമായി ബന്ധപ്പെട്ട വിവാദ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ ഒരു മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ അഭിമുഖത്തിനായി തന്നെ ഭീഷണിപ്പെടുത്തിയെന്ന് വ്യക്തമാക്കി ഇന്ത്യന്‍ താരം വൃദ്ധിമാന്‍ സാഹ(Wriddhiman Saha). മാധ്യമപ്രവര്‍ത്തകന്‍റെ പേര് വെളിപ്പെടുത്താതെ അദ്ദേഹവുമായി നടത്തി വാട്‌സ് ആപ്പ് ചാറ്റിന്‍റെ വിശദാംശങ്ങളും ട്വീറ്റിലൂടെ സാഹ പുറത്തുവിട്ടു.

ടെസ്റ്റ് ടീമില്‍ നിന്ന് ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് സാഹ തനിക്ക് അഭിമുഖം നല്‍കണമെന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്‍റെ ആവശ്യം. എന്നാല്‍ അതിന് തയാറാവാതിരുന്നതോടെ പിന്നീട് ഭീഷണി സ്വരത്തിലായി സന്ദേശങ്ങളെന്ന് സാഹ വെളിപ്പെടുത്തി. ഇന്ത്യന്‍ ക്രിക്കറ്റിന് വേണ്ടി ഇത്രയേറെ സംഭാവനകള്‍ നല്‍കിയിട്ടും ഇതാണ് എനിക്ക് ബഹുമാന്യനെന്ന് അറിയപ്പെടുന്ന ഒരു മാധ്യമപ്രവര്‍ത്തകനില്‍ നിന്ന് ലഭിച്ചത്, ഇങ്ങനെയാണ് ഇപ്പോള്‍ മാധ്യമപ്രവര്‍ത്തനം പോവുന്നത് എന്നായിരുന്നു ചാറ്റിന്‍റെ സ്ക്രീന്‍ഷോട്ട് പങ്കുവെച്ച് സാഹ എഴുതിയത്.

സാഹയുടെ വെളിപ്പെടുത്തലിന് പിന്നാലെ ഈ മാധ്യമപ്രവര്‍ത്തകന്‍ ആരാണെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ഇന്ത്യന്‍ താരങ്ങളായ ഹര്‍ഭജന്‍ സിംഗും വീരേന്ദര്‍ സെവാഗും രംഗത്തെത്തി.

വൃദ്ധി, നിങ്ങള്‍ അയാളുടെ പേര് പുറത്തുവിടൂ. എന്നാലെ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ തനിനിറം പുറത്തുവരൂ. അല്ലെങ്കില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നവരെപ്പോലും അത് സംശയത്തിന്‍റെ മുനയിലാക്കും. എന്ത് തരം മാധ്യമപ്രവര്‍ത്തനമാണിത്. ഇത്തരം സംഭവങ്ങളില്‍ നിന്ന് കളിക്കാരെ ബിസിസിഐ സംരക്ഷിക്കണമെന്ന് ഹര്‍ഭജന്‍ കുറിച്ചു.

സംഭവത്തില്‍ സെവാഗും സാഹക്ക് അനുകൂലമായ പ്രതികരണവുമായി രംഗത്തെത്തി.

ന്യസിലന്‍ഡിനെതിരായ നടന്ന ടെസ്റ്റ് പരമ്പരയില്‍ സാഹ അര്‍ധസെഞ്ചുറി നേടിയിരുന്നെങ്കിലും ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ നിന്ന് സാഹയെ ഒഴിവാക്കിയിരുന്നു. എന്നാല്‍ ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റിലെ പ്രകടനത്തിനുശേഷം തന്നെ അഭിനന്ദിച്ച് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി സന്ദേശമയച്ചുവെന്നും ടീമിലെ സ്ഥാനത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടെന്ന് സന്ദേശത്തില്‍ പറഞ്ഞുവെന്നും സാഹ പറഞ്ഞിരുന്നു.

Also Read: വിസ്മയമായി യഷ് ദുള്‍, രഞ്ജി ട്രോഫിയില്‍ രണ്ടാം ഇന്നിംഗ്‌സിലും സെഞ്ചുറി; അപൂര്‍വ നേട്ടത്തിനുടമ

അതിനുശേഷമാണ് പരിശീലകനായ രാഹുല്‍ ദ്രാവിഡ് തന്നോട് സെലക്ടര്‍മാരും ടീം മാനേജ്മെന്‍റും സാഹയെ ഇനി ടീമിലേക്ക് പരിഗണിക്കാനിടയില്ലെന്നും വിരമിക്കുന്നതാണ് നല്ലതെന്നും വ്യക്തമാക്കിയതെന്നും സാഹ പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ സാഹയെ ഒഴിവാക്കിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനും വ്യക്തമായ മറുപടി നല്‍കിയില്ല. സാഹയെ ഒഴിവാക്കിയത് എന്തുകൊണ്ടാണെന്ന് പറയാനാവില്ലെന്നും പ്രായം ഒരു ഘടകമല്ലെന്നും ചേതന്‍ ശര്‍മ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

'എന്താണ് തന്റെ റോൾ എന്ന് ആ താരത്തിന് വ്യക്തമായ നിർദേശം നൽകണം'; ​ഗംഭീറിന്റെ നടപടിയിൽ വിമർശനവുമായി മുൻതാരം
വിവാഹം നീട്ടിവെച്ച ശേഷമുള്ള സ്മൃതി മന്ദാനയുടെ ആദ്യ സോഷ്യൽ മീഡിയ പോസ്റ്റ്, ആരാധകർക്കിടയിൽ ചർച്ചയായി ഒരു കാര്യം! വിവാഹ നിശ്ചയ മോതിരം കാണാനില്ല