ഇംഗ്ലണ്ടില്‍ ഒരു ബാറ്റ്സ്‌മാന്‍ വലിയ സമ്മര്‍ദം നേരിടും, ഫൈനല്‍ സമനിലയായിട്ട് കാര്യമില്ല: മുന്‍താരം

By Web TeamFirst Published May 30, 2021, 2:22 PM IST
Highlights

ന്യൂസിലന്‍ഡിന് എതിരായ ഫൈനലിനും അതിന് ശേഷം ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയ്‌ക്കും ശക്തമായ 20 അംഗ സ്‌ക്വാഡാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. 

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായി ടീം ഇന്ത്യ ഇംഗ്ലണ്ടിലേക്ക് പറക്കാന്‍ ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. താരങ്ങളെല്ലാം മുംബൈയില്‍ പ്രത്യേക ക്വാറന്‍റീനിലാണ്. ഇന്ത്യന്‍ ടീമിന്‍റെ തയ്യാറെടുപ്പുകള്‍ മുറുകുന്നതിനിടെ ഒരു താരം ഇംഗ്ലണ്ടില്‍ വലിയ സമ്മര്‍ദത്തിലായിരിക്കും എന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഓള്‍റൗണ്ടര്‍ വിജയ് ഭരദ്വാജ്. 

വിദേശത്ത് ഇന്ത്യയുടെ വിശ്വസ്‌തനായി പലപ്പോഴും മാറിയിട്ടുള്ള അജിങ്ക്യ രഹാനെയുടെ പേരാണ് വിജയ് പറയുന്നത്. ഇംഗ്ലണ്ടില്‍ 10 ടെസ്റ്റ് കളിച്ചിട്ടുള്ള രഹാനെ ഒരു സെഞ്ചുറിയും നാല് ഫിഫ്റ്റിയും സഹിതം 552 റണ്‍സ് നേടിയിട്ടുണ്ടെങ്കിലും വേഗതയില്‍ കൂടുതല്‍ റണ്‍സ് സംഭാവന ചെയ്യണമെന്നാണ് മുന്‍ താരത്തിന്‍റെ നിലപാട്. 

'രഹാനെ വലിയ സമ്മര്‍ദത്തിലായിരിക്കും. പ്രതീക്ഷിച്ചത്ര മികച്ച പ്രകടനം കാഴ്‌ചവെക്കാന്‍ രഹാനെയ്‌ക്കായിട്ടില്ല. സ്ഥിരതയില്ലായ്‌മയാണ് അദേഹത്തെ വലയ്‌ക്കുന്നത്. എതിര്‍ ബൗളര്‍മാരെ ഏറെ സമയമെടുത്ത് നേരിടുന്ന ചേതേശ്വര്‍ പൂജാര ടീമിലുള്ളതിനാല്‍ രഹാനെ അല്‍പം കൂടി സ്‌കോറിംഗ് വേഗം കാട്ടണം. സാവധാനം സ്‌കോര്‍ ചെയ്യുന്ന മറ്റൊരു ബാറ്റ്സ്‌മാന്‍ കൂടി ആവശ്യമില്ല. 

ഫൈനല്‍ സമനിലയിലായാല്‍ ട്രോഫി ഇരു കൂട്ടര്‍ക്കുമായി നല്‍കും എന്നാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ നിയമം. കപ്പുയര്‍ത്താന്‍ ബാറ്റ്സ്‌മാന്‍മാര്‍ സ്‌കോറിംഗ് റേറ്റ് കൂട്ടേണ്ടതുണ്ട്. വിരാട് കോലിയും രോഹിത് ശര്‍മ്മയും റിഷഭ് പന്തും വേഗതയില്‍ കളിക്കുമെന്നറിയാം. രഹാനെയും പോസിറ്റീവായി കളിക്കണം' എന്നും വിജയ് ഭരദ്വാജ് കൂട്ടിച്ചേര്‍ത്തു. 

ന്യൂസിലന്‍ഡിന് എതിരായ ഫൈനലിനും അതിന് ശേഷം ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയ്‌ക്കുമായി 20 അംഗ സ്‌ക്വാഡാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. വിരാട് കോലിക്കും ചേതേശ്വര്‍ പൂജാരയ്‌ക്കുമൊപ്പം പര്യടനത്തില്‍ നിര്‍ണായകമായേക്കും എന്ന് വിലയിരുത്തപ്പെടുന്ന ബാറ്റ്സ്‌മാനാണ് രഹാനെ. ഇംഗ്ലണ്ടിലേക്ക് കരിയറിലെ മൂന്നാം പര്യടനത്തിനാണ് കോലിയും പൂജാരയും രഹാനെയും പോകുന്നത്. സതാംപ്‌ടണില്‍ ജൂണ്‍ 18 മുതലാണ് ഇന്ത്യ-ന്യൂസിലന്‍ഡ് ഫൈനല്‍. 

ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിന്‍ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ഹനുമ വിഹാരി, റിഷഭ് പന്ത്, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുമ്ര, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍, ഉമേഷ് യാദവ്, കെ എല്‍ രാഹുല്‍, വൃദ്ധിമാന്‍ സാഹ. 

സ്റ്റാന്‍ഡ്‌ബൈ താരങ്ങള്‍: അഭിമന്യു ഈശ്വരന്‍, പ്രസിദ്ധ് കൃഷ്ണ, ആവേഷ് ഖാന്‍, അര്‍സാന്‍ നാഗ്വസ്വല്ല, കെ എസ് ഭരത്. 

click me!