ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: മഴ വീണ്ടും വില്ലനായി; നാലാം ദിവസത്തെ കളി ഉപേക്ഷിച്ചു

By Web TeamFirst Published Jun 21, 2021, 8:24 PM IST
Highlights

ഇതുവരെ 142 ഓവറുകള്‍ മാത്രമാണ് മത്സരത്തില്‍ ബൗള്‍ ചെയ്യാനായത്. അതിനിടെ മത്സരത്തിന്‍റെ റിസര്‍വ് ദിനത്തിലെ ടിക്കറ്റുകള്‍ ഐസിസി സൗജന്യനിരക്കില്‍ വിതരണം ആരംഭിച്ചിട്ടുണ്ട്.

സതാംപ്ടൺ: ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ മഴ മൂലം നാലാം ദിവസത്തെ കളി ഒറ്റ പന്തുപോലും എറിയാതെ പൂര്‍ണമായും ഉപേക്ഷിച്ചു. രാവിലെ മുതല്‍ തുടര്‍ന്ന ചാറ്റല്‍ മഴ മൂലം ആദ്യ രണ്ട് സെഷനുകളും നേരത്തെ ഉപേക്ഷിച്ചിരുന്നു. അവസാന സെഷനില്‍ മഴ കനത്തിനാല്‍ നാലാം ദിവസത്തെ കളി പൂര്‍ണമായും ഉപേക്ഷിക്കുകയായിരുന്നു.

Day four of the Final has been abandoned due to persistent rain ⛈️ pic.twitter.com/QvKvzQCphG

— ICC (@ICC)

നേരത്തെ ആദ്യ ദിവസത്തെ കളിയും ടോസ് പോലും സാധ്യമല്ലാത്ത സാഹചര്യത്തില്‍ പൂര്‍ണമായും ഉപേക്ഷിച്ചിരുന്നു. മൂന്നാം ദിനം ഇന്ത്യയുടെ ഒന്നാം ഇന്നിം​ഗ്സ് സ്കോറായ 217 റൺസിന് മറപടിയായി കിവീസ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 101 റൺസെടുത്തിരുന്നു. 12 റൺസോടെ ക്യാപ്റ്റൻ കെയ്ൻ വില്യംസണും റൺസൊന്നുമെടുക്കാതെ റോസ് ടെയ്‌ലറുമാണ് ക്രീസിൽ.

54 റൺസെടുത്ത ഓപ്പണർ ഡെവോൺ കോൺവെയുടെയും 30 റൺസെടുത്ത ടോം ലാഥമിന്റെയും വിക്കറ്റുകളാണ് കിവീസിന് നഷ്ടമായത്. അശ്വിനും ഇഷാന്തുമാണ് ഇന്ത്യക്കായി വിക്കറ്റ് വീഴ്ത്തിയത്. എട്ട് വിക്കറ്റ് ശേഷിക്കെ ഇന്ത്യയുടെ ഒന്നാം ഇന്നിം​ഗ്സ് സ്കോർ മറികടക്കാൻ കിവീസിന് 116 റൺസ് കൂടി മതി.

ഇതുവരെ 142 ഓവറുകള്‍ മാത്രമാണ് മത്സരത്തില്‍ ബൗള്‍ ചെയ്യാനായത്. അതിനിടെ മത്സരത്തിന്‍റെ റിസര്‍വ് ദിനത്തിലെ ടിക്കറ്റുകള്‍ ഐസിസി സൗജന്യനിരക്കില്‍ വിതരണം ആരംഭിച്ചിട്ടുണ്ട്.

നാലാം ദിനവും പൂര്‍ണമായും നഷ്ടമായതോടെ ആവേശത്തോടെ കാത്തിരുന്ന ആദ്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഫലമുണ്ടാകാനുള്ള സാധ്യതയ്ക്കും മങ്ങലേറ്റു. മത്സരത്തിന് ഒരു റിസർവ് ദിനം മാത്രമാണുള്ളത്. 146-3 എന്ന സ്കോറിൽ മൂന്നാം ദിനം ബാറ്റിം​ഗ് പുനരാരംഭിച്ച ഇന്ത്യ ഇന്നലെ 217 റൺസിന് ഓൾ ഔട്ടായിരുന്നു. 49 റൺസെടുത്ത അജിങ്ക്യാ രഹാനെയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. കിവീസിനായി കെയ്ൽ ജമൈസൺ അഞ്ച് വിക്കറ്റെടുത്തു.

click me!