206 പന്തില്‍ ഇരട്ട സെഞ്ചുറി തികച്ച സര്‍ഫറാസ് 219 പന്തില്‍ 227 റണ്‍സെടുത്താണ് പുറത്തായത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ സര്‍ഫറാസിന്‍റെ അഞ്ചാമത്തെ ഇരട്ട സെഞ്ചുറിയാണിത്.
ഹൈദരാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഹൈദരാബാദിനെതിരെ മുംബൈക്ക് കൂറ്റന്‍ സ്കോര്‍. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത മുബൈ സര്‍ഫറാസ് ഖാന്‍റെ ഇരട്ട സെഞ്ചുറി മികവില്‍ ഹൈദരാബാദിനെതിരെ ആദ്യ ഇന്നിംഗ്സില്‍ 560 റണ്‍സെടുത്തു. 219 പന്തില്‍ 227 റണ്‍സടിച്ച സര്‍ഫറാസ് ഖാനാണ് മംബൈയുടെ ടോപ് സ്കോറര്‍. ക്യാപ്റ്റൻ സിദ്ദേശ് ലാഡ് 104 റണ്‍സടിച്ച് ആദ്യ ദിനം പുറത്തായിരുന്നു.
നാലു വിക്കറ്റ് നഷ്ടത്തില്‍ 332 റണ്‍സെന്ന നിലയിൽ രണ്ടാം ദിനം ക്രീസിലെത്തിയ മുംബൈക്ക് തുടക്കത്തിലെ ഹിമാന്‍ഷു സിംഗിനെ(1) നഷ്ടമായെങ്കിലും 142 റണ്‍സുമായി ക്രീസിലുണ്ടായിരുന്ന സര്‍ഫറാസ് തകര്‍ത്തടിച്ചു. 206 പന്തില്‍ ഇരട്ട സെഞ്ചുറി തികച്ച സര്‍ഫറാസ് 219 പന്തില്‍ 227 റണ്‍സെടുത്താണ് പുറത്തായത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ സര്‍ഫറാസിന്‍റെ അഞ്ചാമത്തെ ഇരട്ട സെഞ്ചുറിയാണിത്. ഇന്നലെയാണ് സര്‍ഫറാസ് തന്‍റെ 17-ാം ഫസ്റ്റ് ക്ലാസ് സെഞ്ചുറി തികച്ചത്. 19 ഫോറുകളും 9 സിക്സറുകളും അടങ്ങുന്നതാണ് സര്‍റഫാസിന്‍റെ ഇന്നിംഗ്സ്.103.65 എന്ന തകർപ്പൻ സ്ട്രൈക്ക് റേറ്റിലായിരുന്നു സർഫറാസിന്റെ ബാറ്റിംഗ്. 2029-2020 സീസണുശേഷം അമന്‍ദീപ് ഖരെയും അനുസ്തൂപ് മജൂംദാറും മാത്രമാണ് രഞ്ജിയില്‍ സര്‍ഫറാസിനെക്കാള്‍ കൂടുതല്‍ സെഞ്ചുറി നേടിയിട്ടുള്ളത്.
ഹൈദരാബാദ് ക്യാപ്റ്റനായ മുഹമ്മദ് സിറാജിന്‍റെ 39 പന്തുകള്‍ നേരിട്ട സര്‍ഫറാസ് 45 റണ്‍സാണ് അടിച്ചെടുത്തത്. ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാതിരിക്കുമ്പോഴും ആഭ്യന്തര ക്രിക്കറ്റില്‍ മിന്നും ഫോമിലാണ് സർഫറാസ്. വിജയ് ഹസാരെ ട്രോഫിയിൽ പഞ്ചാബിനെതിരെ വെറും 15 പന്തിൽ നിന്ന് സർഫറാസ് അർധസെഞ്ചുറി നേടിയിരുന്നു. ലിസ്റ്റ് എ ക്കറ്റിൽ ഒരു ഇന്ത്യൻ താരത്തിന്‍റെ ഏറ്റവും വേഗതയേറിയ അർദ്ധസെഞ്ചുറിയാണിത്.ആറ് ഇന്നിങ്‌സുകളിൽ നിന്നായി 75.75 ശരാശരിയിലും 190.56 സ്ട്രൈക്ക് റേറ്റിലും 303 റൺസ് അടിച്ചുകൂട്ടിയ താരം, ടൂർണമെന്‍റില്‍ മുംബൈയുടെ ടോപ് സ്കോററുമായിരുന്നു. ഹൈദരാബാദിന്‍റെ നായകന്‍ കൂടിയായ മുഹമ്മദ് സിറാജ് 25 ഓവര്‍ പന്തെറിഞ്ഞെങ്കിലും 106 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് മാത്രമാണ് വീഴ്ത്താനായത്.
