കോലിയെയും പൂജാരയെയും വീഴ്ത്തി ജയ്മിസൺ, ന്യൂസിലൻഡിനെതിരെ തോൽവി മുന്നിൽക്കണ്ട് ഇന്ത്യ

By Web TeamFirst Published Jun 23, 2021, 3:48 PM IST
Highlights

ആദ്യ ഇന്നിം​ഗ്സിലേതുപോലെ ഇൻസ്വിം​ഗറിൽ കോലിയെ വിക്കറ്റിന് മുന്നിൽ കുടുക്കാനാണ് ജയ്മിസൺ തുടക്കത്തിൽ ശ്രമിച്ചത്. എന്നാൽ ജയ്മിസന്റെ തന്ത്രം തുടക്കത്തിലെ തിരിച്ചറിച്ച കോലി ഓഫ് സ്ററംപിന് പുറത്തുപോയ നിരുദ്രപവകരായൊരു പന്തിൽ ബാറ്റുവെച്ച വിക്കറ്റ് കീപ്പർ ബി ജെ വാട്ലിം​ഗിന് അനായാസ ക്യാച്ച് സമ്മാനിച്ച് മടങ്ങി.

സതാംപ്ടൺ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ റിസർവ് ദിനത്തിലെ കളിയിൽ ഇന്ത്യക്ക് തുടക്കത്തിലെ തിരിച്ചടി. ഇന്ത്യൻ നായകൻ വിരാട് കോലിയെയും ചേതേശ്വർ പൂജാരയെയും വീഴ്ത്തി പേസർ കെയ്ൽ ജയ്മിസണാണ് കിവീസിന് നിർണായക വിക്കറ്റുകൾ സമ്മാനിച്ചത്.

64-2 എന്ന സ്കോറിൽ ബാറ്റിം​ഗ് പുനരാരംഭിച്ച ഇന്ത്യക്ക് സ്കോർ 71ൽ നിൽക്കെ കോലിയെ നഷ്ടമായി. ഒരു റൺസ് കൂടി കൂട്ടിച്ചേർത്തപ്പോഴേക്കും പൂജാരയും ജയ്മിസന്റെ കെണിയിൽ വീണു. ന്യൂസിലൻഡിനെതിരെ ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തിൽ 82 റൺസെന്ന നിലയിലാണ്. അഞ്ച് റൺസോടെ റിഷഭ് പന്തും നാലു റണ്ണുമായി അജിങ്ക്യാ രഹാനെയുമാണ് ക്രീസിൽ.

ആദ്യ ഇന്നിം​ഗ്സിലേതുപോലെ ഇൻസ്വിം​ഗറിൽ കോലിയെ വിക്കറ്റിന് മുന്നിൽ കുടുക്കാനാണ് ജയ്മിസൺ തുടക്കത്തിൽ ശ്രമിച്ചത്. എന്നാൽ ജയ്മിസന്റെ തന്ത്രം തുടക്കത്തിലെ തിരിച്ചറിച്ച കോലി ഓഫ് സ്ററംപിന് പുറത്തുപോയ നിരുദ്രപവകരായൊരു പന്തിൽ ബാറ്റുവെച്ച വിക്കറ്റ് കീപ്പർ ബി ജെ വാട്ലിം​ഗിന് അനായാസ ക്യാച്ച് സമ്മാനിച്ച് മടങ്ങി. 13 റൺസായിരുന്നു ക്യാപ്റ്റന്റെ സംഭാവന. തൊട്ടുപിന്നാലെ സമാനമായി ഓഫ് സ്റ്റംപിന് പുറത്തുപോയ പന്തിലാണ് പൂജാരയും വീണത്. പൂജാരയുടെ ബാറ്റിൽ എഡ്ജ് ചെയ്ത പന്ത് സ്ലിപ്പിൽ റോസ് ടെയ്ലർ അനായാസം കൈയിലൊതുക്കി. 15 റൺസാണ് പൂജാര നേടിയത്.

ജയപ്രതീക്ഷ ഏതാണ്ട് അസ്തമിച്ച ഇന്ത്യ സമനിലക്കുവേണ്ടിയാണ് പൊരുതുന്നത്. ആറ് വിക്കറ്റ് ശേഷിക്കെ 45 റൺസിന്റെ ആകെ ലീഡാണ് ഇന്ത്യക്കുള്ളത്. ക്രീസിലുള്ള  അവസാന അംഗീകൃത ബാറ്റിംഗ് ജോടിയായ റിഷഭ് പന്തിന്റെയും അജിങ്ക്യാ രഹാനെയുടെയും പ്രകടനങ്ങളാകും ഇനി ഇന്ത്യക്ക് ഏറെ നിർണായകം.

ഭേദപ്പെട്ട ലീഡ് നേടി ന്യൂസിലൻഡിനെ ബാറ്റിം​ഗിന് ക്ഷണിച്ച് അവരെ ഓൾ ഔട്ടാക്കുക എന്നത് ഒരു ദിവസം മാത്രം ബാക്കിയിരിക്കെ ഏറെക്കുറെ അസാധ്യമാണെന്നിരിക്കെ പരമാവധി ഓവറുകൾ പിടിച്ചു നിൽക്കാനാവും ഇന്ത്യയുടെ ശ്രമം. ഇന്ന് പരമാവധി 98 ഓവറുകളാണ് പന്തെറിയാനാവുക.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!