
കൊല്‍ക്കത്ത: ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമില്‍ ശ്രേയസ് അയ്യരെ ഉള്‍പ്പെടുത്താതിരുന്നതിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യൻ നായകന്‍ സൗരവ് ഗാംഗുലി. ഏഷ്യാ കപ്പ് ടീമിലേക്ക് ശ്രേയസ് അയ്യരെ പരിഗണിക്കാതിരുന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്നും ആനന്ദ് ബസാര്‍ പത്രികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഗാംഗുലി പറഞ്ഞു. ഐപിഎല്ലില്‍ ഉജ്ജ്വലമായാണ് ശ്രേയസ് അയ്യര്‍ കളിച്ചതെന്നും ക്യാപ്റ്റന്‍സിയിലും ശ്രേയസ് മികവ് കാട്ടിയെന്നും ഗാംഗുലി പറഞ്ഞു.
ശ്രേയസ് അയ്യരെ എങ്ങനെയാണ് വൈറ്റ് ബോൾ ടീമില്‍ നിന്ന് തഴയാനാകുക. സെലക്ടര്‍മാര്‍ ഏഷ്യാ കപ്പ് ടീമിലെടുത്ത റിങ്കു സിംഗിനോ ജിതേഷ് ശര്‍മക്കോ പകരം ശ്രേയസിനെ ഉള്‍പ്പെടുത്താമായിരുന്നു. വിക്കറ്റ് കീപ്പറായി സഞ്ജു സാംസണുണ്ടല്ലോ. എന്നിട്ടും എന്തുകൊണ്ടാണ് ശ്രേയസിന് ടീമില്‍ ഇടം നല്‍കാതിരുന്നതെന്നും ഗാംഗുലി ചോദിച്ചു. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ പഞ്ചാബ് കിംഗ്സിനെ ഫൈനലിലെത്തിച്ച ശ്രേയസ് 600 ലേറെ റണ്‍സടിച്ച് ബാറ്റിംഗിലും തിളങ്ങിയിരുന്നു.
ശ്രേയസ് ഏഷ്യാ കപ്പ് ടീമിലിടം പിടിക്കുമെന്ന പ്രതീക്ഷകള്‍ അസ്ഥാനത്താക്കിയാണ് സെലക്ടര്‍മാര്‍ ടീമിനെ പ്രഖ്യാപിച്ചത്. ശ്രേയസിനെ എന്തുകൊണ്ട് ഉള്‍പ്പെടുത്തിയില്ല എന്ന ചോദ്യത്തിന് ടീമിലെത്താതിരുന്നത് ശ്രേയസിന്‍റ കുഴപ്പമല്ലെന്നും ഈ ടീമില്‍ ആരെ ഒഴിവാക്കിയാണ് ശ്രേയസിനെ ഉള്‍പ്പെടുത്തുകയെന്നായിരുന്നു ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ ചോദിച്ചത്. ഗൗതം ഗംഭീര്‍ മെന്‍ററായിരിക്കെയാണ് ശ്രേയസ് അയ്യര്‍ക്ക് കീഴില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഐപിഎല്‍ ചാമ്പ്യൻമാരായത്. എന്നാല്‍ അടുത്ത സീസണില്‍ ശ്രേയസിനെ നിലനിര്‍ത്താതെ കൊല്‍ക്കത്ത ഞെട്ടിച്ചു.
പിന്നീട് മെഗാ താരലേലത്തില്‍ റെക്കോര്‍ഡ് തുകയ്ക്ക് ശ്രേയസ് പഞ്ചാബിലെത്തുകയായിരുന്നു. ശ്രേയസും ഗംഭീറും തമ്മിലുള്ള ബന്ധം അത്ര മികച്ചതല്ലെന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകളും ഇതിനിടെ പുറത്തുവന്നിരുന്നു. ഇതും ശ്രേയസിനെ തഴയാനുള്ള കാരണമായി വിലയിരുത്തപ്പെട്ടിരുന്നു. ഈ വര്‍ഷം ആദ്യം ചാമ്പ്യൻസ് ട്രോഫിയില്‍ ഇന്ത്യക്കായി കളിച്ച ശ്രേയസ് ഇന്ത്യയുടെ ടോപ് സ്കോററായിരുന്നു. ഏഷ്യാ കപ്പ് ടീമില്‍ നിന്നൊഴിവാക്കിയ ശ്രേയസിനെ ഈ മാസം തുടങ്ങുന്ന ഓസ്ട്രേലിയ എക്കെതിരായ ദ്വിദിന മത്സരത്തിനുള്ള ടീമിന്‍റെ ക്യാപ്റ്റനായി തെരഞ്ഞെടുത്തിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക