'അലറിവിളിച്ച് കളിക്കാരെ സമ്മര്‍ദ്ദത്തിലാക്കലല്ല കോച്ചിന്‍റെ പണി', ജയവര്‍ധനെക്കെതിരെ തുറന്നടിച്ച് ഹര്‍ഭജന്‍

Published : Jun 02, 2025, 02:09 PM ISTUpdated : Jun 02, 2025, 02:10 PM IST
'അലറിവിളിച്ച് കളിക്കാരെ സമ്മര്‍ദ്ദത്തിലാക്കലല്ല കോച്ചിന്‍റെ പണി', ജയവര്‍ധനെക്കെതിരെ തുറന്നടിച്ച് ഹര്‍ഭജന്‍

Synopsis

ഡഗ് ഔട്ടിലിരുന്ന് ജയവര്‍ധനെ അലറുന്നു, പരസ് മാംബ്രെ അലറുന്നു, ബൗണ്ടറിക്ക് അരികില്‍ നിന്ന് അവര്‍ ഹാര്‍ദ്ദിക്കിന് ഉപദേശങ്ങള്‍ കൊടുക്കുന്നു, ഏത് ബൗളര്‍മാരെ ഉപയോഗിക്കണമെന്ന് പറയുന്നു. ഇങ്ങനെയായിരുന്നില്ല ഒരു കോച്ച് പെരുമാറേണ്ടിയിരുന്നത്.

അഹമ്മദാബാദ്: ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ പഞ്ചാബ് കിംഗ്സിനെതിരെ തോറ്റ് മുംബൈ ഇന്ത്യൻസ് പുറത്തായതിന് പിന്നാലെ മുംബൈ കോച്ച് മഹേല ജയവര്‍ധനെക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ താരം ഹര്‍ഭജന്‍ സിംഗ്. മുംബൈ സമ്മര്‍ദ്ദത്തിലാവുമ്പോഴൊക്കെ ജയവര്‍ധനെയും പരസ് മാംബ്രെയും അലറി വിളിച്ച് ഇടപെടുന്നത് കാണാമായിരുന്നുവെന്നും ഇത് കളിക്കാരെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുകയെ ഉള്ളൂവെന്നും ഹര്‍ഭജന്‍ യുട്യൂബ് ചാനലില്‍ പറഞ്ഞു.

ഡഗ് ഔട്ടിലിരുന്ന് ജയവര്‍ധനെ അലറുന്നു, പരസ് മാംബ്രെ അലറുന്നു, ബൗണ്ടറിക്ക് അരികില്‍ നിന്ന് അവര്‍ ഹാര്‍ദ്ദിക്കിന് ഉപദേശങ്ങള്‍ കൊടുക്കുന്നു, ഏത് ബൗളര്‍മാരെ ഉപയോഗിക്കണമെന്ന് പറയുന്നു. ഇങ്ങനെയായിരുന്നില്ല ഒരു കോച്ച് പെരുമാറേണ്ടിയിരുന്നത്. കളിക്കാരനെന്ന നിലയില്‍ ജയവര്‍ധനെ ഇതുവരെ ഒരു ഐപിഎല്‍ കിരീടം പോലും നേടിയിട്ടില്ല. പല വലിയ ടീമുകളിലും കളിച്ചിട്ടെങ്കിലും അതൊന്നും കളിക്കാരെയും ക്യാപ്റ്റനെയും സമ്മര്‍ദ്ദത്തിലാക്കുന്നതിന് ന്യായീകരണമല്ല. ക്യാപ്റ്റനെയും കളിക്കാരെ ആദ്യം വിശ്വസിക്കുകയാണ് വേണ്ടത്. രോഹിത് ശര്‍മയും ഹാര്‍ദ്ദിക് പാണ്ഡ്യയും ജസ്പ്രീത് ബുമ്രയുമെല്ലാം ഒരുമിച്ച് ഒരുപാട് കിരീടങ്ങള്‍ നേടിയ താരങ്ങളാണ്. അവരെ സ്വതന്ത്രരായി കളിക്കാന്‍ അനുവദിക്കുകയാണ് കോച്ച് ചെയ്യേണ്ടിയിരുന്നതെന്നും ഹര്‍ഭജന്‍ പറഞ്ഞു.

ഗുജറാത്തിനെതിരായ എലിമിനേറ്റര്‍ പോരാട്ടത്തില്‍ ബൗണ്ടറിക്ക് അരികില്‍ നിന്ന ബുമ്രയെ ജയവര്‍ധനെ ഉപദേശിക്കുകയും ബുമ്ര അത് ശരിയാക്കാം ശാന്തനാവു എന്ന് പറഞ്ഞ് കോച്ച് പറയുന്നത് മുഴുവന്‍ കേള്‍ക്കാന്‍ നില്‍ക്കാതെ നടന്നകലുന്നതും ആരാധകര്‍ കണ്ടിരുന്നു. ജയവര്‍ധനെ മാത്രമല്ല, മുംബൈ ബൗളിംഗ് കോച്ച് ലസിത് മലിംഗയും കളിക്കാരോട് നിരന്തരം സംസാരിക്കുന്നതും ഇടപെടുന്നതും ആരാധകര്‍ കണ്ടിരുന്നു. ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ പഞ്ചാബ് കിംഗ്സിനോട് അഞ്ച് വിക്കറ്റിന് തോറ്റാണ് മുംബൈ ഇന്ത്യൻസ് ഫൈനലിലെത്താതെ പുറത്തായത്. മുംബൈ ഉയര്‍ത്തിയ 204 റണ്‍സ് വിജയലക്ഷ്യം ഒരോവറും അഞ്ച് വിക്കറ്റും ശേഷിക്കെ പഞ്ചാബ് മറികടന്നിരുന്നു.

PREV
Read more Articles on
click me!

Recommended Stories

കോലിയോ ബുംറയോ രോഹിതോ ബാബർ അസമോ അല്ല! 2025 ൽ പാകിസ്ഥാനികൾ ഏറ്റവുമധികം തിരഞ്ഞത് ആരെയെന്നറിയുമോ? ഒറ്റ ഉത്തരം, അഭിഷേക് ശർമ്മ
മുഷ്താഖ് അലി ടി20: പ്രാഥമിക ഘട്ടം കഴിയുമ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമനായി കുനാല്‍ ചന്ദേല, സഞ്ജു 23-ാം സ്ഥാനത്ത്