
ഹൈദരാബാദ്: ഐപിഎല്ലിൽ തോൽവി അറിയാത്ത ടീമെന്ന ഖ്യാതിയുമായി രാജസ്ഥാൻ റോയൽസ് ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. കളിച്ച നാല് മത്സരങ്ങളിലും ആധികാരിക വിജയം നേടിയ രാജസ്ഥാന്‍റെ പടയോട്ടം തടയുക എന്നത് സണ്‍റൈസേഴ്സ് ഹൈദരാബാദിന് വലിയ വെല്ലുവിളിയാകും. വെടിക്കെട്ട് ബാറ്റര്‍മാരായ വൈഭവ് സൂര്യവംശിയും യശസ്വി ജയ്സ്വാളും അഭിഷേക് ശര്‍മയും ട്രാവിസ് ഹെഡും നേര്‍ക്കുനേര്‍ പോരിനിറങ്ങുമ്പോള്‍ ഹൈദരാബാദിലെ ഉപ്പല്‍ സ്റ്റേഡിയത്തില്‍ ഇന്ന് അടിയുടെ പൊടിപൂരം കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. മോശം തുടക്കത്തിനുശേഷം പഞ്ചാബിനെതിരെ ഫോമിലേക്കുയര്‍ന്ന അഭിഷേക് ശര്‍മയിലാണ് ഹൈദരാബാദിന്‍റെ പ്രതീക്ഷകള്‍.
സീസണിലെ ഏറ്റവും മികച്ച തുടക്കം ലഭിച്ച ടീമാണ് രാജസ്ഥാൻ റോയൽസ്. +2.055 എന്ന മികച്ച നെറ്റ് റൺറേറ്റോടെ പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് രാജസ്ഥാൻ. നാലു കളികളില്‍ ഒരു ജയം മാത്രമുള്ള ഹൈദരാബാദ് ഏഴാം സ്ഥാനത്താണ്.15 വയസുകാരനായ വൈഭവ് സൂര്യവംശിയും യശസ്വി ജയ്സ്വാളും നല്‍കുന്ന മിന്നുന്ന തുടക്കമാണ് രാജസ്ഥാന്‍റെ തുരുപ്പുചീട്ട്. ഓറഞ്ച് ക്യാപ്പും നിലവില്‍ വൈഭവിന്‍റെ തലയിലാണ്. സൂര്യവംശിയും യശസ്വി ജയ്സ്വാളും നല്‍കുന്ന മിന്നല്‍ തുടക്കങ്ങള്‍ കഴിഞ്ഞാലും ഹൈദരാബാദിന് ആശ്വസിക്കാനാവില്ല.മൂന്നാം നമ്പറിൽ ധ്രുവ് ജൂറലിന്‍റെ തകർപ്പൻ ഫോം രാജസ്ഥാന്‍റെ കരുത്തുകൂട്ടുന്നു. ക്യാപ്റ്റൻ റിയാന്‍ പരാഗ് കൂടി ഫോമിലായാല്‍ രാജസ്ഥാനെ പിടിച്ചാല്‍ കിട്ടില്ല. ബൗളിംഗിലും രാജസ്ഥാന് മുന്‍തൂക്കമുണ്ട്. ജോഫ്ര ആർച്ചർ, നാന്ദ്രെ ബർഗർ എന്നിവർ നൽകുന്ന തുടക്കത്തിന് പിന്നാലെ രവി ബിഷ്ണോയിയുടെ സ്പിൻ ആക്രമണവും ഹൈദരാബാദിന് അതിജീവിക്കേണ്ടിവരും.
മറുവശത്ത്, ഹൈദരാബാദിന് ബാറ്റിംഗിൽ മികവ് കാട്ടുമ്പോഴും ബൗളിംഗിലെ പാളിച്ചകളാണ് തിരിച്ചടിയാകുന്നത്. നാലിൽ മൂന്ന് മത്സരങ്ങളിലും അവർ 200 റൺസിന് മുകളിൽ സ്കോർ ചെയ്തു. എന്നാൽ ആർസിബിയും പഞ്ചാബ് കിംഗ്സും യഥാക്രമം 202, 220 റൺസുകൾ പിന്തുടർന്ന് ജയിച്ചത് ഹൈദരാബാദിന്റെ ബൗളിംഗ് പോരായ്മകൾ തുറന്നുകാട്ടുന്നു.
സ്പിന്നർമാരായ ഹർഷ് ദുബെയും ശിവാംഗ് കുമാറും മാത്രമാണ് ബൗളിംഗില്‍ മികവ് കാട്ടുന്നത്. ബാറ്റിംഗിൽ ഹെൻറിച്ച് ക്ലാസനും അഭിഷേക് ശർമ്മയും ഫോമിലുണ്ട് എന്നതും അവർക്ക് ആശ്വാസം നൽകുന്നു. ടോസ് നിർണ്ണായകമാകുന്ന ഈ മത്സരത്തിൽ ബാറ്റിംഗ് കരുത്തില്‍ ആര് മുന്നിലെത്തുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!