ഇംഗ്ലണ്ട് പര്യടനത്തിൽ 14, 13, 15 എന്നിങ്ങനെ ചെറിയ സ്കോറുകൾക്ക് പുറത്തായതിന് പിന്നാലെയാണ് വൈഭവിനെ പരമ്പരയിലെ അഞ്ചാം മത്സരത്തിൽ നിന്ന് ഒഴിവാക്കിയത്.

ഹരാരെ: സിംബാബ്‌വെക്കെതിരായ ആദ്യ ടി20യിൽ 18 പന്തിൽ അര്‍ധസെഞ്ചുറി നേടി റെക്കോർഡിട്ട കൗമാരതാരം വൈഭവ് സൂര്യവംശിക്ക് പിന്തുണയുമായി മുൻ ഇന്ത്യൻ ക്യാപ്റ്റനും ചീഫ് സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത്. പതിനഞ്ചുകാരനായ വൈഭവിനെ വെറും മൂന്ന് മത്സരങ്ങളിലെ പരാജയത്തിന്‍റെ പേരിൽ ടീമിൽ നിന്ന് ഒഴിവാക്കിയ ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറിന്റെ തീരുമാനത്തെ ശ്രീകാന്ത് രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. ഗംഭീർ കാണിച്ചത് 'ശുദ്ധ മണ്ടത്തരമാ'ണെന്നും ഒരു യുവതാരത്തിന്‍റെ ആത്മവിശ്വാസം തകർക്കുന്ന നടപടിയായിരുന്നു അതെന്നും ശ്രീകാന്ത് തന്‍റെ യൂട്യൂബ് ചാനലിലൂടെ തുറന്നടിച്ചു.

ഇംഗ്ലണ്ട് പര്യടനത്തിൽ 14, 13, 15 എന്നിങ്ങനെ ചെറിയ സ്കോറുകൾക്ക് പുറത്തായതിന് പിന്നാലെയാണ് വൈഭവിനെ പരമ്പരയിലെ അഞ്ചാം മത്സരത്തിൽ നിന്ന് ഒഴിവാക്കിയത്.പകരം സഞ്ജു സാംസണാണ് ഇംഗ്ലണ്ടിനെതിരെ അഞ്ചാം ടി20യില്‍ ഓപ്പണറായി ഇറങ്ങിയത്. ഇതിനെതിരെയാണ് ശ്രീകാന്ത് ആഞ്ഞടിച്ചത്.വളരെ അനായാസമായി ക്രിക്കറ്റിങ് ഷോട്ടുകൾ കളിക്കുന്ന അപൂർവ്വ പ്രതിഭയാണ് വൈഭവ്. വെറും മൂന്ന് മത്സരങ്ങളിൽ പരാജയപ്പെട്ടു എന്നതിന്‍റെ പേരിൽ അവന്‍റെ ആത്മവിശ്വാസം കെടുത്തുംവിധം ഗൗതം ഗംഭീർ എങ്ങനെയാണ് അവനെ പുറത്താക്കുന്ന മണ്ടത്തരം കാണിച്ചതെന്ന് ശ്രീകാന്ത് ചോദിച്ചു.

ടീമിൽ നിന്ന് പുറത്തായ ശേഷവും വൈഭവ് കാണിച്ച പ്രൊഫഷണലിസത്തെ ശ്രീകാന്ത് പ്രശംസിച്ചു.ഇംഗ്ലണ്ട് പരമ്പരയ്ക്ക് ശേഷം വീട്ടിലേക്ക് പോകുന്നതിന് പകരം വൈഭവ് നേരെ രാജസ്ഥാൻ റോയൽസിന്‍റെ പരിശീലന ക്യാമ്പിലേക്കാണ് പോയത്. തന്‍റെ പോരായ്മകൾ തിരുത്താനും ഷോർട്ട് ബോളുകളെ അനായാസം നേരിടാനും അവൻ അവിടെ കഠിനപരിശീലനം നടത്തി. തുടർച്ചയായി മൂന്ന് കളികളിൽ പരാജയപ്പെട്ടിട്ടും സ്വന്തം അറ്റാക്കിങ് ശൈലി മാറ്റാൻ അവൻ തയ്യാറായില്ല.സാധാരണ താരങ്ങൾ ടീമിൽ സ്ഥാനം ഉറപ്പിക്കാൻ സിംഗിളുകൾക്ക് ശ്രമിക്കുമ്പോൾ അവൻ അതിർത്തികൾ കടത്താനാണ് നോക്കിയത്. 18 പന്തിൽ 50 അടിക്കുക എന്നത് അവന് കുട്ടിക്കളിയാണെന്നും ശ്രീകാന്ത് കൂട്ടിച്ചേർത്തു.

സിംബാബ്‌വെക്കെതിരെ 18 പന്തിൽ അർധസെഞ്ചുറി തികച്ചതോടെ, അന്താരാഷ്ട്ര ടി20 ചരിത്രത്തിൽ അര്‍ധസെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടവും വൈഭവ് സ്വന്തമാക്കിയിരുന്നു. വി.വി.എസ്. ലക്ഷ്മണിന്റെ പരിശീലനത്തിന് കീഴിലാണ് നിലവിൽ ഇന്ത്യൻ സംഘം സിംബാബ്‌വെയിൽ കളിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക