ഒരു താരത്തോടും ഇങ്ങനെ ചെയ്യരുത്; ടീം മാനേജ്മെന്‍റിനെതിരെ ഗുരുതര ആരോപണവുമായി യുവരാജ് സിങ്

By Web TeamFirst Published Sep 27, 2019, 11:27 AM IST
Highlights

കരിയര്‍ അടുത്ത് തന്നെ അവസാനിക്കുമെന്ന ബോധത്തോടെയാണ് കളിക്കുന്നത്. എങ്കിലും ടീമില്‍ നിന്ന് ഒഴിവാക്കണമെങ്കില്‍ അത് ഉത്തരവാദിത്തപ്പെട്ട ആരെങ്കിലും പറയണമായിരുന്നു. അങ്ങനെയൊന്ന് ഇന്ത്യന്‍ ടീമില്‍ നിന്നുണ്ടായില്ല. 

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷനെതിരെ ഗുരുതര ആരോപണവുമായി മുന്‍താരം യുവരാജ് സിങ്. 2017 ചാംപ്യന്‍സ് ട്രോഫിക്ക് ശേഷം നടന്ന ടീം സെലക്ഷനെ കുറിച്ചാണ് യുവരാജ് പറഞ്ഞത്. പല ന്യായങ്ങള്‍ പറഞ്ഞ് തന്നെ മനപൂര്‍വം ടീമില്‍ ഒഴിവാക്കുകയായിരുന്നുവെന്ന് യുവരാജ് പറയുന്നത്. ആജ് തക്കിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യോ-യോ ടെസ്റ്റില്‍ വിജയിച്ചിച്ച് പോലും തന്റെ ടീമില്‍ നിന്ന് ഒഴിവാക്കിയെന്നാണ് യുവരാജ് പറയുന്നത്. അദ്ദേഹം തുടര്‍ന്നു... ''2017 ചാംപ്യന്‍സ് ട്രോഫിക്ക് ശേഷം ഏഴോ എട്ടോ മത്സരങ്ങള്‍ ഞാന്‍ കളിച്ചു. ഇതില്‍ രണ്ട് മത്സരങ്ങള്‍ മാന്‍ ഓഫ് ദ മാച്ചും ആയിരുന്നു. പിന്നീടാണ് എനിക്ക് പരിക്കേല്‍ക്കുന്നത്. തുടര്‍ന്ന് ശ്രീലങ്കന്‍ പര്യടനത്തിന് തയ്യാറാവാന്‍ എന്നോട് ആവശ്യപ്പെട്ടു. അപ്പോഴാണ് യോ-യോ ടെസ്റ്റ് മറികടക്കണമെന്ന നിര്‍ദേശം വരുന്നത്. ഇതോടെ 36ാം വയസില്‍ എനിക്ക് യോ-യോ ടെസ്റ്റിന് തയ്യാറാവേണ്ടി വന്നു. എന്നാല്‍ യോ-യോ ടെസ്റ്റില്‍ വിജയിച്ചപ്പോള്‍ എന്നോട് ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ പറഞ്ഞു. ടീം മാനേജ്‌മെന്റ് യഥാര്‍ത്ഥത്തില്‍ കരുതിയത് എനിക്ക് യോ-യോ ടെസ്റ്റ് വിജയിക്കാന്‍ കഴിയില്ലെന്നാണ്. 

15-17 വര്‍ഷങ്ങളോളം രാജ്യത്തിന് വേണ്ടി കളിച്ച ഒരു താരത്തോട് ചെയ്യുന്ന നീതികേടാണിത്. അത്തരമൊരു താരത്തെ ഒഴിവാക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ അത് ടീം മാനേജ്‌മെന്റോ അല്ലെങ്കില്‍ സെലക്ഷന്‍ കമ്മിറ്റിയോ പറയണമായിരുന്നു. എന്റെ മാത്രം കാര്യത്തിലല്ല, വിരേന്ദര്‍ സെവാഗ്, സഹീര്‍ ഖാന്‍ എന്നിവരോടൊന്നും അത്തരത്തില്‍ ഒരു സംസാരമുണ്ടായിട്ടില്ല. അങ്ങനെ പറയുന്നതാണ് നീതി. അത് ചെയ്യാതിരുന്നത് ഏറെ വിഷമുണ്ടാക്കി.'' യുവാരാജ് പറഞ്ഞുനിര്‍ത്തി.

click me!