
മുംബൈ: ഏകദിന ലോകകപ്പിന് മുമ്പ് ഇന്ത്യന്‍ മധ്യനിരയില്‍ സംശയം പ്രകടിപ്പിച്ച് മുന്‍ ഓള്‍റൗണ്ടര്‍ യുവ്‌രാജ് സിംഗ്. ലോകകപ്പ് ഇന്ത്യ നേടണമെങ്കില്‍ ശക്തമായ മധ്യനിര വേണമെന്നും പരിചയസമ്പന്നരായ താരത്തിന്‍റെ സാന്നിധ്യം അവിടെ വേണമെന്നും യുവി പറഞ്ഞു. ടീം ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച മാച്ച് വിന്നര്‍മാരില്‍ ഒരാളാണ് യുവ്‌രാജ് സിംഗ്. 2007ലെ ടി20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പിലും ഇന്ത്യന്‍ കിരീടധാരണത്തില്‍ നിര്‍ണായകമായ താരമായിരുന്നു യുവി.
'ഞാനൊരു ദേശസ്നേഹിയാണ്, ടീം ഇന്ത്യ ജയിക്കണം എന്നാണ് ആഗ്രഹം. എന്നാല്‍ പരിക്ക് കാരണം ഇന്ത്യന്‍ മിഡില്‍ ഓര്‍ഡറില്‍ ഏറെ ആശങ്കകളുണ്ട്. ആ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടില്ലെങ്കില്‍ ലോകകപ്പില്‍ ഇന്ത്യ പാടുപെടും. പ്രത്യേകിച്ച് സമ്മര്‍ദമുള്ള മത്സരങ്ങള്‍ പ്രശ്‌നമാകും. സമ്മര്‍ദമുള്ള കളികളില്‍ താരങ്ങളെ വച്ച് പരീക്ഷണം നടത്താനാവില്ല. ഓപ്പണര്‍മാരെ പോലെയല്ല മധ്യനിരയില്‍ ബാറ്റ് ചെയ്യേണ്ടത്. ആരൊക്കെയാണ് മധ്യനിരയില്‍ ബാറ്റ് ചെയ്യുന്നത്? ഇന്ത്യന്‍ ടീമിന്‍റെ മധ്യനിര തയ്യാറായിട്ടില്ല. ടീമിലെ ആരെങ്കിലും അതൊന്ന് റെഡിയാക്കേണ്ടതുണ്ട്. ഓപ്പണര്‍മാര്‍ നേരത്തെ പുറത്തായാല്‍ ഇന്നിംഗ്‌സ് കെട്ടിപ്പടുക്കേണ്ടത് മധ്യനിര ബാറ്റര്‍മാരാണ്. ക്രീസിലെത്തിയ ഉടനെ വെറുതെ ഹിറ്റ് ചെയ്യാന്‍ മുതിരേണ്ട താരങ്ങളല്ല മധ്യനിരക്കാര്‍. സമ്മര്‍ദത്തെ അതിജീവിക്കേണ്ടതുണ്ട്. ചില പന്തുകള്‍ ലീവ് ചെയ്യണം. കൂട്ടുകെട്ടുകളുണ്ടാക്കണം. ഇത്തരത്തില്‍ വലിയ ഉത്തരവാദിത്തമാണ് മധ്യനിര ബാറ്റര്‍മാര്‍ക്കുള്ളത്. അവിടെ പരിചയസമ്പന്നരായ താരങ്ങള്‍ വേണം' എന്നും യുവ്‌രാജ് സിംഗ് പറഞ്ഞു.
18 വര്‍ഷം നീണ്ട രാജ്യാന്തര കരിയറില്‍ ഏറെ ഉയര്‍ച്ചതാഴ്ച്ചകള്‍ കണ്ടെങ്കിലും നിര്‍ണായക ടൂര്‍ണമെന്‍റുകളില്‍ ഇന്ത്യന്‍ ടീമിലെ നിര്‍ണായക സാന്നിധ്യമായിരുന്നു യുവ്‌രാജ് സിംഗ്. സൗരവ് ഗാംഗുലിക്ക് കീഴില്‍ യുവതാരമായി ഇന്ത്യന്‍ ടീമിലേക്ക് വരവറിയിച്ച താരം പിന്നീട് രാഹുല്‍ ദ്രാവിഡ്, എം എസ് ധോണി എന്നിവര്‍ക്ക് കീഴില്‍ കളിച്ചു. യുവി കളിച്ച ഇന്ത്യന്‍ ടീം 2003 ലോകകപ്പിന്‍റെ ഫൈനലില്‍ എത്തിയപ്പോള്‍ 2011 ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദ് ടൂര്‍ണമെന്‍റ് പുരസ്‌കാരം നേടി. ഇന്ത്യന്‍ മധ്യനിരയില്‍ യുവിയോളം മികവുള്ള ഓള്‍റൗണ്ടര്‍ പിന്നീടുണ്ടായിട്ടില്ല എന്നതാണ് വസ്‌തുത. നിലവില്‍ പരിക്കിലുള്ള കെ എല്‍ രാഹുലും ശ്രേയസ് അയ്യരും ലോകകപ്പിന് മുമ്പ് ഫിറ്റ്‌നസ് വീണ്ടെടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
Read more: 'അവസരം കിട്ടി, സഞ്ജു സാംസണ്‍ ഇനിയെപ്പോള്‍ റണ്‍സടിക്കാനാണ്'; ആഞ്ഞടിച്ച് ഡാനിഷ് കനേറിയ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!